താങ്കള്‍ ഈ തത്വചിന്തയൊക്കെ പറഞ്ഞു് ബോറടിപ്പിക്കുന്നു. ഇതു കൊണ്ടൊക്കെ എന്താണു കാര്യം? ഞാന്‍ എന്നു ഞാന്‍ വിചാരിക്കുന്നതു് യഥാര്‍ത്ഥ ഞാനല്ല എന്നറിയുന്നതു കൊണ്ടു് അരി വേവുകയില്ലല്ലോ? വിശപ്പു മാറുകയില്ലല്ലോ?
ഇല്ല. അരിമേടിക്കണം. അതു വേവാന്‍ കലത്തിലിടുകയും പിന്നെ അടുപ്പില്‍ വയ്ക്കുകയും വേണം. വെന്തോ എന്നു നോക്കണം വാങ്ങി വയ്ക്കണം. തിന്നണം. ഇതൊക്കെ ഇങ്ങനെ നടക്കുമ്പോള്‍ പ്രശ്നമില്ല. സുഖം. പക്ഷേ ഇതൊക്കെ ഇങ്ങനെ നടക്കാതാവുമ്പോള്‍ പ്രശ്നമുണ്ടാവുന്നില്ലേ? ആദ്യമായി, തിന്നാന്‍ പറ്റുന്നില്ല. ദഹനക്കേടു്. എന്തോ പ്രശ്നമുണ്ടു്. വൈദ്യരുടെ അടുത്തു പോകാം. വൈദ്യര്‍ ദഹനപ്രക്രിയയെ കുറിച്ചു പഠിച്ചു വച്ചിരിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങള്‍ വച്ചു് അയാള്‍ ഒരു നിഗമനത്തിലെത്തുന്നു. മരുന്നു് നിശ്ചയിക്കുന്നു. ഹാപ്പിയായോ?
ആയി
സംഭവിക്കാവുന്ന മറ്റൊരു കാര്യം, വീട്ടില്‍ അരി ഇല്ല. കാശില്ല. അടുത്ത വീട്ടില്‍ ഇഷ്ടം പോലെ അരി. പ്രശ്നമായി. അടിസ്ഥാനപരമായി നിങ്ങളും അയല്പക്കകാരനും രാഷ്ട്രത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവരായിരിക്കേ അയല്പക്കക്കാരനു് മാത്രം രാഷ്ട്രത്തിന്റെ ഉല്പാദനം ലഭിക്കുന്നതെങ്ങനെ എന്നു ചിന്തിച്ചു തുടങ്ങുന്നു. ഒരു താടിക്കാരന്‍ ഇതുപോലെ ചിന്തിച്ചപ്പോള്‍. ദസ് ക്യാപിറ്റല്‍ ഉണ്ടായി. പക്ഷേ നിങ്ങളുടെ പ്രശ്നം തീര്‍ന്നോ?
ഇല്ല. പക്ഷേ നാളെ തീരുമെന്നു വിശ്വാസമുണ്ടല്ലോ?
ഉവ്വ. ഞാന്‍ ഒരു വിശകലനത്തിനുവേണ്ടിയാണീ ഉദാഹരണങ്ങള്‍ പറഞ്ഞതു്. ആദ്യത്തെ കേസില്‍ പ്രത്യയശാസ്ത്രം കൊണ്ടൊരു പ്രയോജനവുമില്ലന്നതു പോലെ, രണ്ടാമത്തേതില്‍ വൈദ്യശാസ്തം കൊണ്ടും പ്രയോജനമില്ല. മര്യാദയ്ക്കോടുന്ന വണ്ടി ഒരു ദിവസം നിന്നു പോകുന്നതു വരെ നമ്മളാരും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വ്യാകുലരാവാറില്ലെന്നതു പോലെ പ്രശ്നങ്ങളുണ്ടാകുന്നതു വരെ ആരും പ്രവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കാറില്ല. വണ്ടി കേടായാല്‍ മെക്കാനിക്കിനെ കാണിക്കും രോഗഗ്രസ്തനായാല്‍ വൈദ്യനേയും. അപ്പഴും പ്രവര്‍ത്തനത്തെക്കുറിച്ചു ശ്രദ്ധിക്കുകയില്ല. അങ്ങനെ ശ്രദ്ധിച്ച ആളുകള്‍ വാഹനത്തിനു് കൃത്യമായി എണ്ണ വെള്ളം തുടങ്ങിയവ കൊടുക്കാനും സ്വയം ഭക്ഷണം ക്രമീകരിക്കാനും സംഘടിക്കാനും തുടങ്ങുന്നു. ചിലര്‍ കുറെകൂടി പഠിക്കാന്‍ ആഗ്രഹിക്കുകയും മെക്കാനിക്കുകളും വൈദ്യന്മാരും സാമൂഹ്യവിചക്ഷണന്മാരുമായി മാറി സമൂഹത്തെ സേവിക്കുകയും ഒപ്പം ഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. ശരിയല്ലേ?
ഗവേഷണമോ അതൊക്കെ പി എച് ഡി തരപ്പെടുത്താനും സര്‍ക്കാര്‍ ചെലവില്‍ ജീവിക്കാനും ഉള്ള വഴികളല്ലേ?
പലര്‍ക്കും അതങ്ങനെയാണു്, എന്നാല്‍ ശരിയായ പാതയില്‍ സഞ്ചരിക്കുന്നവരെ അതു പോലെ കണ്ടവഹേളിക്കരുതു്. പറഞ്ഞു വന്നതു്,...
...പ്രശ്നങ്ങള്‍ ഇത്രയും കൊണ്ടു തീരുന്നില്ല. അരി മേടിച്ചു കൊണ്ടു വന്നപ്പോള്‍ കലം തകര്‍ന്നിരിക്കുന്നു, കലം ശരിയാക്കിയപ്പോള്‍ മഴപെയ്തു് വിറകുനനഞ്ഞു, വിറകു സംഘടിപ്പിച്ചു വന്നപ്പോള്‍ കൊളുത്താനൊഴിച്ച മണ്ണെണ്ണ അരിയില്‍ വീണു. എന്നിങ്ങനെ തുടര്‍ച്ചയായി വിഘ്നങ്ങളുണ്ടായാല്‍ ചിലര്‍ തകര്‍ന്നു പോകുന്നു. ഇതല്ലാതെ, ഇങ്ങനെ ചോറുതിന്നു ജീവിച്ചിട്ടെന്തു കാര്യം? എന്തിനു ജീവിക്കണം? എന്തിനാണു് ജനനവും മരണവും? മരിച്ചിട്ടെവിടേക്കു്? ഉടനേ മരിച്ചാല്‍ എന്താണു കുഴപ്പം? എന്തു കൊണ്ടെനിക്കു മാത്രം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നു? എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ചു് ചിലര്‍ വിഷമത്തിലാവുന്നു.
നമ്മള്‍ ഇസ്ലാം ക്രിസ്ത്യന്‍ എന്നൊക്കെ വിളിച്ചു പോരുന്ന മതങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുത്തരമാണു്. ദൈവം എല്ലാരേയും ചില ഉദ്ദേശത്തോടേ സൃഷ്ടിച്ചു വച്ചിരിക്കുന്നു. സമയം കഴിഞ്ഞാല്‍ തിരിച്ചു വിളിക്കുന്നു. അതിനിടയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ള രീതിയില്‍ ജീവിച്ചാല്‍ സ്വര്‍ഗ്ഗവും ഇല്ലെങ്കില്‍ നരകവും ലഭിക്കും എന്ന ഉത്തരത്തില്‍ നിന്നു് പലര്‍ക്കും ശാന്തി ലഭിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അവരുടെ യുക്തിക്കു നിരക്കുന്നതല്ലായ്കയാല്‍ വിശ്വസിക്കാന്‍ കഴിയുകയില്ല. ചിലര്‍ യുക്തിവാദികളാകുന്നു. ചിലര്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ പറ്റി വീണ്ടും അന്വേഷണം തുടരുന്നു. ഈ അവസാനം പറഞ്ഞ കൂട്ടര്‍ക്കുവേണ്ടിയാണു ഞാനിതൊക്കെ പറയുന്നതു്. വിശ്വാസത്തിന്റെയോ മതത്തിന്റെയോ കാഴ്ച്ചപ്പാടിലല്ലാതെ വസ്തുതകള്‍ വ്യാഖ്യാനിച്ചെടുക്കാനുള്ള ആദ്യ പ്രതിബന്ധം ഇങ്ങനെ ഉള്ള പലതും മനസ്സിലാവായ്കയാണു്. അനിയനോടു ഞാനിതൊക്കെ പറയുന്നതു് അറിയാവുന്നതിനെ അറിഞ്ഞു് ജീവിതം പുരോഗമനാത്മകമാക്കാനാണു്.
ഞാനിതു വരെ ധരിച്ചതു് ഇതൊക്കെ താടിയും മറ്റും നീട്ടി വളര്‍ത്തിയ കാനനവാസികള്‍ക്കുള്ളതാണെന്നാണു്. അണ്ണന്‍ ഒരു ഹിന്ദുത്വ വാദിയായതു കൊണ്ടാണിതൊക്കെ പറയുന്നതെന്നും കരുതി.
ഇല്ലാത്ത മതം കൊണ്ടാരെങ്കിലും നശിക്കുന്നെങ്കില്‍ അതീ ഹിന്ദുത്വ വാദികളാണു്. കാനനവാസികള്‍ നേരത്തേ പറഞ്ഞ ഭിഷഗ്വരന്മാരുടേയോ ഗവേഷകരുടേയോ സ്ഥാനമര്‍ഹിക്കുന്നവരാണു്. അവര്‍ സമൂഹത്തിന്റെ രോഗങ്ങളെ ചികിത്സിക്കാന്‍ കഥകള്‍ പറഞ്ഞു കൊടുത്തു. കഥാപാത്രങ്ങളെ ദൈവങ്ങളാക്കി മതം ചത്തു വീര്‍ത്തു. ചിലരാകട്ടെ ഇപ്പോള്‍ ടാബ്ലെറ്റ് വില്പനക്കാരായി, ആര്‍ട് ഓഫ് ലിവിങ് തുടങ്ങിയ സംരഭത്തിലേര്‍പ്പെട്ടിരിക്കുന്നു. വ്യാജവൈദ്യന്‍മാരില്‍ നിന്നു രക്ഷപ്പെടാനോ സ്വയം പര്യാപ്തതയ്ക്കായിട്ടോ സ്വല്പം വൈദ്യം അഭ്യസിക്കെണ്ടതു് അത്യാവശ്യമായിരിക്കുന്നതു പോലെ തന്നെ അത്യന്താപേക്ഷിതമായതാണു് ഈ ജ്ഞാനവും എന്നതു കൊണ്ടാണനിയാ നിന്നെ കാണുമ്പോഴൊക്കെ ഞാനിങ്ങനെ ഓരോന്നു പറയുന്നതു്. മനസ്സിലായോ?
2 comments:
വളരെ നല്ല ലേഖനം....
നന്നായിരിക്കുന്നു
Post a Comment