അണ്ണാ, മറ്റൊരു ഇ-മെയില്‍ സംഗതിയേ പറ്റി ഇന്റര്‍നെറ്റില്‍ ധാരാളം പേര്‍ സംസാരിക്കുന്നു.
എന്താണതു്?
ജനറല്‍ മോട്ടോര്‍സില്‍ ഒരു കസ്റ്റമറുടെ പരാതി വന്നത്രേ. പുതിയ പോണ്ടിയാക്കിനാണു പ്രശ്നം. ഡിന്നര്‍കഴിഞ്ഞാല്‍ ഐസ്ക്രീം കഴിക്കുന്ന പതിവുള്ള അവരുടെ വീട്ടില്‍ നിന്നു് രാത്രി എന്നും ഇദ്ദേഹം ഐസ്ക്രീം വാങ്ങാന്‍ പുറത്തു പോകും. മേടിക്കുന്നതു് വാനില ഐസ്ക്രീമാണെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാവുകയില്ലത്രേ. മറ്റൊരു ഐസ്ക്രീമിനും ഈ പ്രശ്നമില്ല. ഇതാണു പരാതി.
അതു ശരി. തലക്കെട്ടുകണ്ടപ്പോള്‍ ഞാന്‍ കരുതി മറ്റേ ഐസ്ക്രീം പ്രശ്നമോ മറ്റോ ആയിരിക്കുമെന്നു്. എന്നിട്ടു്?
എഞ്ചിനീയര്‍ വന്നു് കിണഞ്ഞു പരിശ്രമിച്ചശേഷം ഉത്തരം കണ്ടു പിടിച്ചത്രേ. കടയിലെ മെര്‍ചെന്‍ഡൈസിങ് ആയിരുന്നത്രേ പ്രശ്നം. പിന്നെ വേപര്‍ലോക് എന്നൊരു തകരാറും. വാനില ഫാസ്റ്റ്മൂവിങ്ങ് ആയതുകൊണ്ടു് മുന്‍ഭാഗത്തു തന്നെ വാനില കിട്ടും. തിരിച്ചു വരാന്‍ എടുക്കുന്ന സമയം കുറവായതു കൊണ്ടു്, വണ്ടിക്കു തണുക്കാന്‍ സമയം കിട്ടുന്നില്ലത്രേ. അങ്ങനെയുണ്ടാകുന്ന വേപ്പര്‍ ലോക്ക് എന്ന പ്രശ്നം കൊണ്ടാണത്രേ ഇതു സംഭവിച്ചതു്. ഇതു് നടന്ന കാര്യമായിരിക്കുമോ അണ്ണാ?
അറിയില്ല. എന്നാല്‍ കേട്ടിട്ടുള്ള മറ്റൊരു കാര്യം പറയാം.
ഷൊര്‍ണ്ണൂരിലെ ചെറുതുരുത്തിയിലെ കേരളീയ ആയുര്‍വേദ സമാജത്തില്‍ നിറുത്താന്‍ വയ്യാത്ത എക്കിളുമായി ഒരാള്‍ ചെന്നത്രേ. കഴിക്കാത്ത മരുന്നില്ല. മന്ത്രവും. യാതൊരു രക്ഷയുമില്ലാതെ മരിച്ചാല്‍ മതിയെന്നു തീരുമാനിച്ചിരിക്കുമ്പോഴാണത്രേ അയാളവിടെ എത്തിയതു്.
ഉം. എന്നിട്ടിവര്‍ ആയുര്‍വേദമരുന്നുകൊടുത്തു മാറ്റിക്കാണും അല്ലേ? അവര്‍ നിപുണന്മാരാണെന്നു കേട്ടിട്ടുണ്ടു്.
അതല്ലേരസം. മരുന്നൊന്നും കൊടുത്തില്ല. ഏതാണ്ടെല്ലാ മരുന്നും സേവിച്ചു കഴിഞ്ഞ ഇയാള്‍ക്കു് മരുന്നു കൊണ്ടു പ്രയോജനമുണ്ടാവില്ല എന്നവര്‍ക്കറിയാം. പകരം ഇയാളെ നിരീക്ഷിച്ചു. ദൈനം ദിന കാര്യങ്ങളില്‍ എന്തു വ്യത്യാസമാണു് ഉള്ളതെന്നു നോക്കിയപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. ഇങ്ങേര്‍ കക്കൂസില്‍ പോയാല്‍ പടപടാന്നു തിരിച്ചു വരുന്നു. വൈദ്യര്‍ക്കു സംഗതി ഏതാണ്ടു പിടി കിട്ടി. കക്ഷിയെ വിളിച്ചു് കക്കൂസില്‍ കാര്യം സാധിച്ചുവെന്നു തോന്നിയാലും ഒന്നു രണ്ടു മിനിറ്റ് വെറുതേ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. എക്കിളും മാറി.
അതെങ്ങനെ?
അറിയില്ല വൈദ്യത്തില്‍ എനിക്കു വലിയ പിടിപാടില്ല. പക്ഷേ ഇത്തരം നിരീക്ഷണത്തിലൂടെ പല അസുഖങ്ങളും മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടു്. വയറു വേദന ഉണ്ടാകുമ്പോള്‍ മിനിമം ഇന്നും ഇന്നലെയും കഴിച്ചതെന്തെന്നോര്‍ക്കാനെങ്കിലും ശ്രമിക്കേണ്ടതാണു്. അത്യാവശ്യം നിരീക്ഷണബുദ്ധി ഉണ്ടെന്നു തോന്നിയാല്‍ ഭാര്യ കുഞ്ഞുങ്ങള്‍ മുതല്‍ കുടുംബത്തിലുള്ളവരെ നിരീക്ഷിച്ചു് പല പ്രശ്നങ്ങളിലും പ്രതിവിധി നിശ്ചയിക്കാവുന്നതാണു്.
ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ നമ്മളുകേറി ചികിത്സിച്ചു് വല്ല പുലിവാലുമായാലോ?
ചികിത്സിക്കണമെന്നു ഞാന്‍ പറഞ്ഞില്ല. നിരീക്ഷിക്കാന്‍ മാത്രം. ഡോക്ടറുടെ അടുത്തെത്തിക്കും മുന്‍പു്, എവിടെയാണു വേദന. എന്താണു ബുദ്ധിമുട്ടു്. എപ്പോള്‍ തുടങ്ങി. അതിനുമുന്‍പെന്തെങ്കിലും പ്രത്യേകമായുണ്ടായോ എന്നൊക്കെ ചോദിച്ചു മനസ്സിലാക്കണം. ഡോക്ടറുടെ അടുത്തെത്തിയാല്‍ അദ്ദേഹത്തോടും സംസാരിച്ചു് പ്രശ്നം മനസ്സിലാക്കണം. കഴിവുള്ളവര്‍ക്കു് ഇത്രയും കാര്യങ്ങള്‍ കുറച്ചുകാലം ചെയ്താല്‍ തന്നെ ചികിത്സ എന്നതു് വളരെ സ്വാഭാവികമായി വരും. ഇല്ലെങ്കില്‍ ചെയ്യരുതു്.
ഇതിനൊക്കെ ആര്‍ക്കു സമയം? പനിവന്നാല്‍ പാരസെറ്റാമോള്‍ അടിക്കും. ഇല്ലെങ്കില്‍ ഡോക്ടരു പറയുന്നതു്. തീര്‍ന്നു. എന്താണു കഴിച്ചോണ്ടിരിക്കുന്നതു് എന്നു ചോദിച്ചാല്‍ തന്നെ അറിയില്ല. പിന്നാ എന്താ കഴിച്ചതെന്നു ചോദിച്ചാല്‍!
3 comments:
ഡാകിട്ടറിരിക്കുമ്പോ എന്തിനാ റിസ്കെടുക്കുന്നെ എന്നല്ലേ ഇപ്പോഴത്തെ ചിന്ത.
-സുല്‍
I read a news yesterday that a guy in USA is struggling from hiccups. He tried all kind of medicines and doctors can't figure out his problem, now he is referred to a mental institution for evaluation.
വളരെ നല്ല ഒരു കുറിപ്പ്. ഇതൊക്കെ നോക്കാന്‍ ഇപ്പൊ ആര്‍ക്കു സമയം അല്ലേ?
Post a Comment