Wednesday, November 28, 2007

വിക്കന്‍

“പയ്യനു വിക്കുണ്ടോ?
അങ്ങനെ എപ്പഴുമില്ല
പിന്നെ?
സംസാരിക്കുമ്പോള്‍ മാത്രം.”
ഒരു പഴയ ഫലിതം.

വിക്കു മാറാനുള്ള എളുപ്പവഴി സംസാരിക്കാതിരിക്കലാണ്.
എന്നാല്‍ സംസാരിക്കാതിരിക്കല്‍ ബുദ്ധിമുട്ടാണു താനും.
അതെന്തു കൊണ്ടു്?
ലോകം സംസാരിക്കുന്നു എന്നതു കൊണ്ടു്.
അതുകൊണ്ടാണല്ലോ ലോകത്തെ സംസാരം എന്നും പറയുന്നതു്.
സംസാരിക്കലാണു് സംസ്ക്കാരം എന്നതാണപ്പോള്‍ ശരിയായ പ്രശ്നം.
അതു മാത്രമല്ല വിക്കി സംസാരിക്കുമ്പോള്‍ അധികം സമയമെടുക്കുന്നു. പ്യാരച്യൂട്ടില്‍ ചാടാന്‍ തുനിഞ്ഞ വിക്കനോടു് കമാന്‍ഡര്‍ മൂന്നുവരെ എണ്ണിയാല്‍ മതി എന്നു പറഞ്ഞില്ലേ.
അധികം എന്നു വച്ചാല്‍, മറ്റുള്ളവരെടുക്കുന്നതിനേക്കാള്‍ കൂടുതല്‍.
അപ്പോള്‍ മറ്റുള്ളവര്‍ കുറവു സമയം എടുക്കുന്നതാണു പ്രശ്നം അല്ലേ.
ചുരുക്കത്തില്‍ സ്വന്തം കാര്യം പ്രശ്നമാവുന്നതു് മറ്റുള്ളസംഗതികളുമായി തട്ടിച്ചു നോക്കുമ്പോഴാണു്.
അതുകൊണ്ടായിരിക്കണം ഇതിനെ സംസാരദുഃഖം എന്നു പേരിട്ടതു്. ഇതില്‍ നിന്നും കരകയറ്റണേ എന്നാണല്ലോ സര്‍വജീവികളും കേണിരുന്നതും കേഴുന്നതും. കഥം തരേയം ഭവ സിന്ധുമേതം എന്നാണല്ലോ അപേക്ഷ.

എന്നാല്‍ ഞാന്‍ മറിച്ചു തീരുമാനിച്ചിരിക്കുന്നു. ബ്ലോഗുലകത്തില്‍ വായനക്കാരനായിരിക്കുന്നിടത്തോളം വിക്കിന്റെ പ്രശ്നം അനുഭവപ്പെട്ടില്ലായിരുന്നു. വിക്കുണ്ടോ എന്നറിയാന്‍ ഭയങ്കരമായ ആകാംക്ഷ. ഒന്നു സംസാരിച്ചു നോക്കാമെന്നു വച്ചു.

എന്താണു് ഉണ്ടാവുന്നതെന്നറിയാമല്ലോ!