Tuesday, March 18, 2008

ചലഭജലബിംബിതമാം നേര്‍ശാഖിയില്‍ വളവധികമുണ്ടെന്നു് തോന്നുന്ന പോലവേ

ആപ്പീസില്‍ ഇന്നൊരു തമാശയുണ്ടായണ്ണാ.

കേള്‍ക്കട്ടെ.

ആപ്പീസിലെ ഫാക്സ് മെഷീന്‍ കേടുവന്നപ്പം ഞാന്‍ കമ്പനിയുമായി മെയിന്റനന്‍സ് കോണ്ട്രാക്റ്റ് ഉള്ള കമ്പനിയിലേക്കു് വിളിച്ചു. അവിടെ സെക്രട്ടറി പറയുന്നു, കോണ്ട്രാക്റ്റ് കാലാവധി അവസാനിച്ചിരിക്കുന്നു. ഒരു റിക്വസ്റ്റ് ഫാക്സ് അയച്ചാലേ നന്നാക്കാനാളെ അയക്കാനൊക്കൂ എന്നു്.

ഇതിലെന്താ തമാശ?

ഈ അണ്ണന്റെ ഒരു കാര്യം! ഫാക്സ് മെഷീനല്ലേ കേടായതു് പിന്നെങ്ങനെ ഫാക്സയക്കും?

അതു ശരിയാണല്ലോ, എന്നിട്ടു്?

പറഞ്ഞു പിടിച്ചതു ശരിയാക്കിച്ചു അത്രതന്നെ. പിന്നെ ഞാനാലോചിക്കുകയായിരുന്നു, ഇതു പോലെ തന്നെയല്ലേ മാനസിക രോഗങ്ങളും എന്നു്.
എന്നു വച്ചാല്‍?
ഒരാള്‍ക്കു് ശരീരത്തിനു് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അയാളതു തിരിച്ചറിയും. എന്നാല്‍ മനസ്സിനാണു രോഗം ബാധിക്കുന്നതെങ്കില്‍ മനസ്സു കൊണ്ടു തന്നെ വേണ്ടേ തിരിച്ചറിയാനും ചികിത്സതേടാനുമൊക്കെ? ഈ ഫാക്സ്മെഷീന്‍ നേരിട്ട അതേ പ്രശ്നം. സംഗതി ഗുരുതരം തന്നെ.
അനിയന്‍ പറഞ്ഞതു് ശരിയാണു്. പക്ഷേ സംഗതി യഥാര്‍ത്ഥത്തില്‍ അനിയന്‍ കരുതുന്നതിനേക്കാള്‍ ഭീകരമാണു്.
അതെന്താണു്?

മനുഷ്യന്‍ ഓരോ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണു് ഇതൊക്കെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു പറഞ്ഞുവല്ലോ. ഇതിന്റെ ഒരു കുഴപ്പം എല്ലാ‍ സംഗതികളെയും നമ്മള്‍ നമുക്കു മനസ്സിലായിട്ടുള്ള കാര്യങ്ങളിലേക്കു് ചുരുക്കിക്കൊണ്ടു വരുമെന്നതാണു്. എന്നിട്ടവകള്‍ വരുതിക്കു നില്‍ക്കാത്തതില്‍ അമ്പരന്നു പോകുന്നു. ഈ സങ്കല്‍പ്പങ്ങളുടെ ആകെ തുകയായ മനസ്സു കൊണ്ടാണു് ഇതിനെ മനസ്സിലാക്കുന്നതെന്ന കുഴപ്പം കൊണ്ടു് കാര്യങ്ങള്‍ വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നതായി ധരിച്ചു വശാകുന്നു. ഇളകിക്കൊണ്ടിരിക്കുന്ന ജലത്തില്‍ കാണപ്പെടുന്ന മരച്ചില്ലയ്ക്കു് അതിനുള്ളതിലുമധികം വളവുണ്ടെന്നു തോന്നുന്നതു പോലെ എന്നാണൊരു കവിയുടെ ഉപമ. ഒരനിയന്‍ എഴുതിയ കവിത വായിച്ചു നോക്കൂ.

കൊള്ളാം നല്ല കവിത. ശീലങ്ങള്‍ കൊണ്ടാണതുണ്ടാകുന്നതെന്നാണു കവി പറയുന്നതല്ലേ.

അതെ. ശീലമെന്നു പറയുമ്പോള്‍ തലമുറകള്‍ കൊണ്ടാര്‍ജ്ജിച്ചവകൂടിയുണ്ടതില്‍. സംസ്ക്കാരം എന്നു പറയുന്നതിലും തെറ്റില്ല. പലതിലും ഇത്തരം ആര്‍ജ്ജിതമാലിന്യങ്ങള്‍ ഓരോരുത്തരും വച്ചു പുലര്‍ത്തുന്നുണ്ടു്. എന്നാലിതു കൊണ്ടാണു് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതെന്നു് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. ജീവിതത്തിന്റെ മൂല്യങ്ങളെ നമ്മള്‍ ഇതേ ശീലം കൊണ്ടു് പലയിടങ്ങളിലായി നിക്ഷേപിച്ചു വച്ചിരിക്കുന്നു. എന്നിട്ടതു പിടിക്കാന്‍ നെട്ടോട്ടമോടുകയും ഇടയ്ക്കെവിടെയോ വച്ചു് പിടഞ്ഞു വീണു ചാവുകയും ചെയ്യുന്നു.

ദൈവമേ! ഭ്രാന്തു തന്നെ എല്ലാവര്‍ക്കും.

Tuesday, March 4, 2008

സംവരണം വരണം പക്ഷേ എന്തിനു്?

അണ്ണാ സംവരണത്തെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നു. സംവരണം സാമ്പത്തികമായും സാമൂഹികമായും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്തു വേണം എന്നാണെന്റെ അഭിപ്രായം. അണ്ണന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടു്.
 
അതെ. എനിക്കും അങ്ങനെ തന്നെ. ഭൂമിശാസ്ത്രവും കണക്കിലെടുക്കണം എന്നു മാത്രം.
 
അതെന്തിനു്?
 
കണ്ണാ, വയനാട്ടിലും മറ്റും ഉള്ള കുട്ടികളില്‍ പലരും 2 മണിക്കൂര്‍ നടന്നും ആറുകള്‍ നീന്തിക്കടന്നും ഒക്കെയാണു് വിദ്യ അഭ്യസിക്കാന്‍ പോകുന്നതു്. ഇവനെവിടുന്നു് പഠിക്കാന്‍ സമയം? അങ്ങനെ പഠിച്ചാല്‍ തന്നെ ആരു ജോലി കൊടുക്കും? സംവരണം വേണം.
 
അതൊരു ചെറിയ പക്ഷമല്ലേ? അതിനൊക്കെ ലോക്കലായി തന്നെ പഠിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പോരേ?
 
മതി. അത്തരം സംവിധാനം ഈ സാമ്പത്തിക സാമൂഹിക അധഃസ്ഥിതര്‍ക്കും ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ കഴിയാത്തതെന്തു്?
 
അതെങ്ങനെ കൊടുക്കും? വയനാട്ടിലെ പോലെ അവര്‍ ഒരു പ്രത്യേക ഭൂവിഭാഗത്തിലൊതുങ്ങുന്നില്ലല്ലോ? 
 
അങ്ങനെ എല്ലാവര്‍ക്കും സഹായകമാകാന്‍ കഴിയാത്ത സംവരണം കൊണ്ടു് ആര്‍ക്കാണു ഗുണം? എന്റെ നാട്ടില്‍ സംവരണം വക രക്ഷപ്പെട്ട,  പട്ടികയില്‍ പെട്ട, ഒരേയൊരു കുടുംബമാണുള്ളതു്. ഏകദേശം 120 കുടുംബങ്ങളുള്ളതില്‍ നിന്നാണിതെന്നോര്‍ക്കണം. 20 ശതമാനം പോലുമെത്താത്ത സംവരണം കൊണ്ടാരെയാണു് സഹായിക്കുക? സംവരണാനുകൂല്യം ലഭിച്ചിട്ടും വിദ്യാഭ്യാസം പ്രയോജനപ്പെടാതെയിരിക്കുന്നവരാണീ 20 ശതമാനത്തിലധികവും എന്നതു് അതിലും വലിയ ദുഃഖസത്യം.
 
പ്രയോജനപ്പെടാതെയിരിക്കുന്നതു് ജനിതകമായ വ്യത്യാസം വരാതിരിക്കുന്നതു കൊണ്ടും പല ജാതിക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുക എന്നതാണൊരു പരിഹാരമെന്നും, അങ്ങനെ ചെയ്യുമ്പോള്‍ ഉച്ചനീചത്വം കാലക്രമേണ ഒഴിവാകും എന്നും ഒക്കെ പലര്‍ക്കും അഭിപ്രായമുണ്ടല്ലോ.
 
പാവം ജീനുകള്‍. പല കാര്യങ്ങള്‍ക്കും നമ്മളവരെ അനാവശ്യമായി പഴിചാരുന്നു. പാരമ്പര്യ രോഗങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പലരോഗങ്ങളും അങ്ങനെ ആയിത്തീരുന്നതു് ഒരേ ഭക്ഷണ-ജീവിതരീതി കൊണ്ടാണെന്നതാണു സത്യം. സാഹചര്യങ്ങള്‍ അതു പോലെ നിലനില്‍ക്കേ ഒരു ഉപരിപ്ലവമായ മാറ്റവും ഫലപ്രദമല്ല.
 
എന്നു വച്ചാ‍ല്‍?
 
മാഷന്മാരുടെ മക്കളും അക്ഷരാഭ്യാസമില്ലാത്തവരുടെ മക്കളും  ഒരേ ടെക്സ്റ്റ് ബുക്ക് ഒരേ രീതിയില്‍ പഠിക്കുന്ന രീതി മാറണം. അതിനു് വിദ്യഭ്യാസം എന്ന സങ്കല്‍പ്പത്തിന്റെ ദോഷം ആദ്യം മാറണം. ഓരോ കുട്ടികള്‍ക്കും അവരവര്‍ക്കു യോജിച്ച രീതിയില്‍ വിദ്യ അഭ്യസിപ്പിക്കാനുള്ള സൌകര്യം ഉണ്ടാവണം. ഏതാണ്ടൊരേ രീതിയിലുള്ളവരെ ക്ലാസ് ആക്കണം. ഒന്നു് രണ്ടു് മൂന്നെന്നിങ്ങനെ അക്കമിട്ടു് സ്റ്റാന്‍ഡേഡുകളാക്കുന്ന പ്രമോഷന്‍ രീതി നിര്‍ത്തലാക്കണം. ഒരു ഘട്ടം വരെ വരെ എല്ലാ വിഷയങ്ങളും ഒരു അദ്ധ്യാപകന്‍ തന്നെ പഠിപ്പിക്കണം. സയന്‍സു പഠിക്കുന്നവര്‍ ഉന്നതരും ആര്‍ട്ടുപഠിക്കുന്നവര്‍ നീചരുമാണെന്ന സങ്കല്‍പ്പം അബോധപൂര്‍വ്വം സമൂഹമനസ്സുകളില്‍ കുടിയേറിയതിനു കാരണം വിദ്യാഭ്യാസം ധനസമ്പാദനത്തിനുള്ളതാണെന്ന ധാരണ രൂഢമൂലമായിപ്പോയതു കൊണ്ടാണു്. വെട്ടുന്നെങ്കില്‍ ഇവിടെ വെട്ടണം.
 
ഒന്നു കൂടി പറയാം.കൊല്ലനായി തുടരുന്ന കൊല്ലനെ പറ്റിയല്ലായിരുന്നു അംബേദ്കര്‍ വിഷമിച്ചതു്. നായര്‍ ലെയ്ത് വര്‍ക്സ് തുടങ്ങുമ്പോഴും ഇല്ലാത്ത കാളയ്ക്കു ലാടമടിച്ചു കൊണ്ടിരിക്കുന്ന കൊല്ലനെ പറ്റിയായിരുന്നു. താല്പര്യമുള്ള കര്‍മ്മം കണ്ടെത്താനും അതു് ശാസ്ത്രീയമായി അഭ്യസിക്കാനും അതിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ സ്വാംശീകരിക്കാനും സൌകര്യമൊരുക്കാത്ത സമ്പ്രദായത്തെ വിദ്യഭ്യാസമെന്നു വിളിക്കുന്നതു തന്നെ ഭീമാബദ്ധമാണനിയാ. ഇപ്പോള്‍ നടക്കുന്നതു് ഇന്വെസ്റ്റ്മെന്റാണു്. കൂടിയ റിട്ടേണിനു വേണ്ടി ഒരു വലിയ കൂട്ടം അപഥസഞ്ചാരികള്‍ അവരെ ചൂഷണം ചെയ്യാന്‍ മറ്റൊരു കൂട്ടം നടത്തുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപം.  ഫലമോ ദുഷിച്ചുനാറിയ മറ്റൊരു സമൂഹവും. അതിലേക്കാണോ സാധുക്കള്‍ സംവരിച്ചു കയറേണ്ടതു്?