Monday, April 28, 2008

മനശ്ശാന്തി ലഭിക്കാന്‍ യോഗാസനം മതിയോ?

അണ്ണാ‍, ഈ യോഗ ചെയ്താല്‍ ക്ഷമ കൂടുമോ?

എന്തിനാണിപ്പോള്‍ ക്ഷമ അത്യാവശ്യമായി വന്നിരിക്കുന്നതു്?

അല്ല, എനിക്കീയിടെയായി വല്ലാത്ത ദേഷ്യം. ഓഫീസിലുള്ളവരോടും ഭാര്യയോടുമൊക്കെ തട്ടിക്കയറുന്നു. ക്ഷമ ലഭിക്കാന്‍ യോഗ ശീലിച്ചാല്‍ മതിയെന്നു് എന്റെ ഒരു സുഹൃത്തു പറഞ്ഞു. അണ്ണനോടു ചോദിച്ചിട്ടാ‍വാമെന്നു കരുതി. മയൂരാസനം മുതലായവയൊക്കെ പഠിക്കണം.

കണ്ണാ, യോഗ ചെയ്യണമെങ്കില്‍ തന്നെ നല്ല ക്ഷമ വേണം. ദിവസത്തില്‍ പത്തു പതിനഞ്ചു മിനിട്ടു് ചമ്രം പടിഞ്ഞിരുന്നു് ശ്വാസം വലിക്കാനും ചത്തപോലെ കിടക്കാനും കഴിയുമെങ്കില്‍ അവനു് നല്ല ക്ഷമയുണ്ടെന്നുള്ളതു തീര്‍ച്ചയാണു്. ഒരു തളപ്പുണ്ടായിരുന്നെങ്കില്‍ തെങ്ങില്‍ കയറി തേങ്ങപിരിച്ചു പൊതിച്ചു് അതിന്റെ ചകിരിയില്‍ നിന്നു നാരെടുത്തൊരു തളപ്പുണ്ടാക്കാമായിരുന്നു എന്നു പറഞ്ഞതു പോലെയേ ഉള്ളൂ ഇതും

ഹ ഹ അപ്പോള്‍ യോഗ കൊണ്ടു് പ്രത്യേകിച്ചു് ഗുണമൊന്നുമില്ലെന്നാണോ?

അല്ല. അടിസ്ഥാനപരമായി നിന്റെ പ്രശ്നം മനുഷ്യനുണ്ടായിരിക്കേണ്ട പരസ്പരബഹുമാനം കുറഞ്ഞു തുടങ്ങിയെന്നതാണു്. ഇതിനു പല കാരണങ്ങളുണ്ടാവാം. നിന്നോടു സ്ഥിരമായി തട്ടിക്കയറുന്ന ആരോ നിനക്കും അതു ചെയ്യാം എന്ന തോന്നല്‍ നിന്നിലുണ്ടാക്കിയിട്ടോ, ഇപ്രകാരം തട്ടിക്കയറുമ്പോഴുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചു നീ ശരിയായി ബോധവാനല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ശാരീരികമായ അസ്വസ്ഥതകള്‍ കൊണ്ടോ ഒക്കെ ഇതു സംഭവിക്കാം. അതു വിശകലനം ചെയ്തു മനസ്സിലാക്കിയില്ലെങ്കിലും, പരസ്പരബഹുമാനം കുറയാന്‍ പാടുള്ളതല്ല എന്നും അതു് സംഭവിക്കുന്നതു തടയണം എന്നുമുള്ള തിരിച്ചറിവു് ആവശ്യമാണു്. ഇതില്ലാതെ വല്ലയിടത്തും ചെന്നിരുന്നു് ശ്വാസം വലിച്ചതു കൊണ്ടു് കാര്യമുണ്ടെന്നു് തോന്നുന്നില്ല.

ഈ കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദിവസത്തില്‍ ഇത്തിരി നേരം, അതിനു സഹായിക്കണേ എന്നു് ദൈവത്തോടു പറയുക. അല്ലെങ്കില്‍ ആയാസമില്ലാത്ത ഒരു രീതിയില്‍ ഇരുന്നു് ആപ്പീസ് - വീടു് - പണം - പത്രാസ് എന്ന പാച്ചിലില്‍ മൂല്യവത്തായ ചിലതു് നഷ്ടപ്പെടാതിരിക്കാനായി  കുറച്ചു സമയത്തേക്കു് മനസ്സിനെ വിടര്‍ത്തിയെടുക്കുക. ഇതിനാണു് യോഗാസനങ്ങളുടെ സഹായം വേണ്ടതു്.  മയിലിന്റെ ശരീരഘടനയക്കനുസരിച്ചു് അതിരിക്കുന്ന രീതിയില്‍ മനുഷ്യനിരുന്നാല്‍ മനസ്സമാധാനം കിട്ടുമെന്ന തോന്നല്‍ അനിയനു മാത്രമല്ല, യോഗ പഠിപ്പിക്കുന്ന ചിലര്‍ക്കുമുള്ളതാണു്. ആത്മാവില്‍ ബലമില്ലാതെ അതിനു ചുറ്റും ഉരുക്കുകോട്ട പണിയുന്നവന്‍ കാട്ടുതീ വരുന്നേ എന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിയോടിപ്പോകും. പണിഞ്ഞതത്രയും വൃഥാവിലാവുകയും ചെയ്യും.

അനിയനു ഞാനൊരു കഥപറഞ്ഞു തരാം.
ഒരിക്കല്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ അടുക്കല്‍ ഒരു സ്വാമി എത്തിയത്രേ. ആശ്രമ സമീപത്തുള്ള നദിക്കുമുകളിലൂടെ നടന്നാണദ്ദേഹമെത്തിയതെന്നറിഞ്ഞിട്ടും ഒരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശ്രീരാമകൃഷ്ണപരമഹംസരോടു് സ്വാമി താന്‍ പതിനാറു കൊല്ലം യത്നിച്ചിട്ടാണീവിദ്യ സ്വായത്തമാക്കിയതെന്നു പ്രത്യേകം പറഞ്ഞുവത്രേ. ഉടനേ പരമഹംസര്‍ പറഞ്ഞുവത്രേ "ആ കടത്തുകാരനു പതിനാറുകാശു കൊടുത്താല്‍ മതിയായിരുന്നല്ലോ" എന്നു്.

ഇതു നടന്നതാണോ?

അറിയില്ല.

എന്തായാലും ഞാനിനി യോഗ ഒന്നും പഠിക്കാന്‍ പോകുന്നില്ലണ്ണാ.

ഹേയ് ഞാനീ പറഞ്ഞതിനര്‍ത്ഥം യോഗ പഠിക്കരുതു് എന്നല്ലല്ലോ. ഇതറിഞ്ഞിട്ടു പോകൂ എന്നല്ലേ.