Wednesday, July 2, 2008

പാഠപുസ്തകം കത്തിക്കണം

ആകെ അലങ്കോലമായണ്ണാ.

എന്തുപറ്റി?

ഏഴാംക്ലാസിലെ പാഠപുസ്തകത്തിലെ പാഠങ്ങളെ ചൊല്ലി പ്രശ്നങ്ങളു നടക്കുന്നതണ്ണനറിഞ്ഞില്ലേ? പുസ്തകം കത്തിക്കുന്നൂ. ലേഖനങ്ങളെഴുതുന്നൂ. ഇതൊന്നും അണ്ണനറിഞ്ഞില്ലെന്നുണ്ടോ?

ഉവ്വ. അറിഞ്ഞു.

ഇങ്ങനെ നാടു കുട്ടിച്ചോറാക്കാന്‍ ചില മതാധികാരികളും അവര്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കുറേ രാഷ്ട്രീയക്കാരുമുണ്ടായാല്‍ നാമെന്തു ചെയ്യും? എന്തു വിവരക്കേടാണവര്‍ പറയുന്നതു്. പുസ്തകം കത്തിക്കാന്‍ മാത്രമെന്തെങ്കിലും അതിലുണ്ടെങ്കില്‍ ശരിയെന്നു വക്കാം.ജീവന്‍ എന്ന പാഠത്തില്‍ മതം നിര്‍ബന്ധമില്ല എന്നു പറയുന്നുണ്ടു്. ഇസ്ലാം മതം വേണ്ടന്നോ, കൃസ്തു മതം വേണ്ടെന്നോ, ഹിന്ദുമതം വേണ്ടെന്നോ, എല്ലാവരും മതമുപേക്ഷിക്കമെന്നോ  അതിലില്ല. അല്പമെങ്കിലും വിവരമുള്ളവര്‍ ചെയ്യുന്ന പണിയാണോ ഇതു്? അണ്ണനെന്താ ഒന്നും മിണ്ടാത്തതു്?

പുസ്തകം കത്തിക്കണം!

ങേ?!

അതെ. പുസ്തകം കത്തിക്കുക തന്നെ വേണം എന്നാണെന്റെ അഭിപ്രായം. ഇത്രയും വലിയ മണ്ടത്തരം അതിലെഴുതിപ്പിടിപ്പിക്കാന്‍ ബുദ്ധിമാന്മാരെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെങ്ങനെ കഴിഞ്ഞു? തെറ്റു ബോദ്ധ്യപ്പെടുത്താന്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രബുദ്ധരായ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നതു കണ്ടിട്ടും ഇവര്‍ക്കൊന്നും മനസ്സിലായില്ലെന്നുണ്ടോ? കത്തിക്കണം. കത്തിച്ചു നാമാവശേഷമാക്കണം. സമ്മതിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തണം. പൊതു മുതല്‍ നശിപ്പിക്കണം. അടിച്ചമര്‍ത്താന്‍ ഏതു സര്‍ക്കാരു വിചാരിച്ചാലും കഴിയാത്തവണ്ണം സംഘടിക്കണം. കണ്ണിനു കണ്ണു് പല്ലിനു പല്ല്. സര്‍ക്കാരിനും ഒപ്പം അവരെ അനുകൂലിക്കുന്ന ജനങ്ങള്‍ക്കും ബാധിച്ച തെറ്റു് അവര്‍ക്കു മനസ്സിലാകും വരെ സമരം ചെയ്യണം എന്നാണെനിക്കു പറയാനുള്ളതു്. ഈ പുസ്തകത്തിലെന്നല്ല മേലിലൊരാളും ഒരിടത്തും എല്ലാ മതങ്ങളും നന്മയ്ക്കു് എന്നു പറഞ്ഞു പോകരുതു്. മതത്തിനു മറ്റു പല ഉദ്ദേശ്യങ്ങളും കാണും. സമരസഖാക്കള്‍ക്കെന്റെ എല്ലാ ആശംസകളും.

അതു ശരി.ഞാനോര്‍ത്തു...

കണ്ണാ മതം എന്ന ഈ ഘടനയുണ്ടല്ലോ- ഞാന്‍ പറയുന്നതു് മതം = അഭിപ്രായം എന്ന മതമല്ല. ഇന്നു നാം കണ്ടു പോരുന്ന പുരോഹിതരാല്‍ നിയന്ത്രിക്കപ്പെട്ട ഒരു മതസംഘടനയാണു് - അതു് നിലനില്‍ക്കുന്നതെന്തിലാണെന്നറിയാമോ?

ഉവ്വ്, അതിന്റെ ഗ്രന്ഥങ്ങളില്‍. അതിന്റെ ആശയങ്ങളില്‍ പിന്നെ അതിന്റെ വിശ്വാസത്തില്‍. അല്ലേ?

എന്നാണു വയ്പു് എന്നാലങ്ങനെയല്ല. ശുദ്ധമായി പറഞ്ഞാല്‍ മതം നിലനില്‍ക്കുന്നതു് ഭയത്തിലാണു്. മതങ്ങള്‍ പലതും സൃഷ്ടിക്കപ്പെട്ടതു തന്നെ ഭയത്തിന്മേലാണു്. നരകം പാപം എന്നിങ്ങനെയുള്ള ഭയങ്ങളില്‍.

അതെ ശരിയാണു് നരകം ശിക്ഷ എന്നീ വിചാരങ്ങളുണ്ടാവുമ്പോഴാണല്ലോ, നല്ലതു ചെയ്യണമെന്നും തിയ്യതു്‍ വിരോധിക്കണമെന്നും സാമാന്യജനം വിചാരിക്കുന്നതു്. അല്ലാത്തപക്ഷം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിവിശേഷമുണ്ടാവുകയില്ലേ?

ഇന്നത്തെ സാമൂഹ്യസ്ഥിതിയിലും അതങ്ങനെ തന്നെയാണോ എന്നെനിക്കു് സംശയമുണ്ടു്. നിയമവും അതിനു പാലകരും ഉള്ള വ്യവസ്ഥയില്‍ കയ്യൂക്കുള്ളവനെയല്ല പേടിക്കേണ്ടതു്. അതവിടെ നില്‍ക്കട്ടെ നമുക്കു വിഷയത്തിലേക്കു വരാം. നരകം ശിക്ഷ എന്ന ഭയം നല്ലതു ചെയ്യാനും മറ്റുമായി മാത്രമാവുന്നില്ല. ഇതൊക്കെയാണു് നല്ലതെന്നും ഈപറഞ്ഞതൊക്കെ സത്യമാണെന്നും വിശ്വസിക്കുന്നവരും അതല്ലാ‍ത്തവരുമുണ്ടു്. അപ്പോള്‍ ഈ ഭയം നിലനിര്‍ത്തണമെങ്കില്‍ വിശ്വാസം നിലനിര്‍ത്തണം. അതിനു് ഇതില്‍ വിശ്വസിക്കാത്തവരും നരകത്തിലാണെന്ന വകുപ്പേര്‍പ്പെടുത്തി. അങ്ങനെ ഭയം കൊണ്ടു തെന്നെ ഒരു വേര്‍തിരിവും സൃഷ്ടിച്ചില്ലേ? 

ഉവ്വു്.

ആ ഭയത്തിലാണു് മതം ഒരു സംഘടനയായി നില്‍ക്കുന്നതു്. നരകഭയം കൂടാതെ ഭയക്കേണ്ടതേതിനെയൊക്കെ എന്നു മതാധിപന്മാര്‍ തീരുമാനിക്കുമെന്നു മാത്രം. ഹിന്ദുക്കളെ ഭയക്കൂ. മുസല്‍മാനെ ഭയക്കൂ. കൃസ്ത്യാനികളെ ഭയക്കൂ‍. നിരീശ്വരവാദികളെ ഭയക്കൂ. എന്തിനു് സുനാമി പോലുള്ള ദുരന്തങ്ങളു വരെ ജനങ്ങളില്‍ ഭയപ്പാടുണ്ടാക്കാന്‍ ഇവരുപയോഗിക്കുന്നു. പരുന്തിനെ കണ്ട തള്ളക്കോ‍ഴി ക്വക് ക്വക് എന്നു പറയുമ്പോള്‍ ചിറകിനടിയിലൊളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ‍ ഈ വിശ്വാസങ്ങളുടെ കീഴില്‍ ജനിക്കാനിടയായ സാധുക്കള്‍ പുരോഹിതര്‍ ചൂണ്ടിക്കാണിക്കുന്ന ശത്രുവില്‍ നിന്നും പാഞ്ഞൊളിക്കുന്നു. അതു സംഘടനയുടെ ഉറപ്പാകുന്നു. ഉയര്‍ന്നു പറക്കുന്ന ഭയപ്പാടിനു താഴെ പുരോഹിതന്‍  ശക്തനാവുന്നു.

ഈ ശക്തനു് അധികാരത്തിന്റെ ശക്തി കൂടി വേണം. കാരണം, ഭരണഘടനയും അതിന്റെ നിയമങ്ങളും മതത്തിന്റേതല്ല. അപ്പോള്‍ അവനു് രാഷ്ട്രീയ പാര്‍ട്ടി വേണം. കൂട്ടു വേണം. പണം വേണം. അതിനു് സ്ക്കൂളും മെഡിക്കല്‍ കോളെജും വേണം. സ്വന്തം അധികാരവിന്യാസത്തിനു് തടസ്സം നില്‍ക്കുന്നതിനെ എതിര്‍ക്കുകയും വേണം. അങ്ങനെ ഒരുപാടു് ലക്ഷ്യത്തോടെ അവരു പ്രവര്‍ത്തിക്കുമ്പോള്‍ ആണു്, മതം ഒരു അവശ്യവസ്തുവല്ല എന്നു പഠിപ്പിച്ചു കൊണ്ടു് ഒരു നിരീശ്വര പാര്‍ട്ടി വരുന്നതു്. ഇതൊക്കെ ആരെങ്കിലും പഠിച്ചാല്‍ ഇല്ലാ‍താകുന്നതു് ആണിക്കല്ലായ ഭയമാണു്. ഞാനോ നീയോ ആണെങ്കില്‍ അനുവദിക്കുമോ?

ഇല്ല.

അത്രയേ ഉള്ളൂ. അവരതു ചെയ്യട്ടെ. ഈ കോലാഹലം കണ്ടു് ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും ഉള്‍വെളിച്ചം കിട്ടിയാല്‍ പാഠപുസ്തകം വായിച്ചു കിട്ടുന്നതിന്നെക്കാള്‍ പ്രകാശം കിട്ടും. കേരളത്തിലെ കുഞ്ഞു കുട്ടികള്‍ക്കുവരെ ഇവരു കത്തിക്കുന്നതില്‍ നിന്നും വെളിച്ചം കിട്ടട്ടേ.

ആമേന്‍.