Tuesday, January 29, 2008

പ്രസക്തി

താങ്കള്‍ ഈ തത്വചിന്തയൊക്കെ പറഞ്ഞു് ബോറടിപ്പിക്കുന്നു. ഇതു കൊണ്ടൊക്കെ എന്താണു കാര്യം? ഞാന്‍ എന്നു ഞാന്‍ വിചാരിക്കുന്നതു് യഥാര്‍ത്ഥ ഞാനല്ല എന്നറിയുന്നതു കൊണ്ടു് അരി വേവുകയില്ലല്ലോ? വിശപ്പു മാറുകയില്ലല്ലോ?
 
ഇല്ല. അരിമേടിക്കണം.  അതു വേവാന്‍ കലത്തിലിടുകയും പിന്നെ അടുപ്പില്‍ വയ്ക്കുകയും വേണം. വെന്തോ എന്നു നോക്കണം വാങ്ങി വയ്ക്കണം. തിന്നണം. ഇതൊക്കെ ഇങ്ങനെ നടക്കുമ്പോള്‍ പ്രശ്നമില്ല. സുഖം. പക്ഷേ ഇതൊക്കെ ഇങ്ങനെ നടക്കാതാവുമ്പോള്‍ പ്രശ്നമുണ്ടാവുന്നില്ലേ? ആദ്യമായി, തിന്നാന്‍ പറ്റുന്നില്ല. ദഹനക്കേടു്. എന്തോ പ്രശ്നമുണ്ടു്. വൈദ്യരുടെ അടുത്തു പോകാം. വൈദ്യര്‍ ദഹനപ്രക്രിയയെ കുറിച്ചു പഠിച്ചു വച്ചിരിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങള്‍ വച്ചു് അയാള്‍ ഒരു നിഗമനത്തിലെത്തുന്നു. മരുന്നു് നിശ്ചയിക്കുന്നു. ഹാപ്പിയായോ?
 
ആയി
 
സംഭവിക്കാവുന്ന മറ്റൊരു കാര്യം, വീട്ടില്‍ അരി ഇല്ല. കാശില്ല. അടുത്ത വീട്ടില്‍ ഇഷ്ടം പോലെ അരി. പ്രശ്നമായി. അടിസ്ഥാനപരമായി നിങ്ങളും അയല്പക്കകാരനും രാഷ്ട്രത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവരായിരിക്കേ അയല്പക്കക്കാരനു് മാത്രം രാഷ്ട്രത്തിന്റെ ഉല്പാദനം ലഭിക്കുന്നതെങ്ങനെ എന്നു ചിന്തിച്ചു തുടങ്ങുന്നു. ഒരു താടിക്കാരന്‍ ഇതുപോലെ ചിന്തിച്ചപ്പോള്‍. ദസ് ക്യാപിറ്റല്‍ ഉണ്ടായി. പക്ഷേ നിങ്ങളുടെ പ്രശ്നം തീര്‍ന്നോ?
 
ഇല്ല. പക്ഷേ നാളെ തീരുമെന്നു വിശ്വാസമുണ്ടല്ലോ?
 
ഉവ്വ. ഞാന്‍ ഒരു വിശകലനത്തിനുവേണ്ടിയാണീ ഉദാഹരണങ്ങള്‍ പറഞ്ഞതു്. ആദ്യത്തെ കേസില്‍ പ്രത്യയശാസ്ത്രം കൊണ്ടൊരു പ്രയോജനവുമില്ലന്നതു പോലെ, രണ്ടാമത്തേതില്‍ വൈദ്യശാസ്തം കൊണ്ടും പ്രയോജനമില്ല. മര്യാദയ്ക്കോടുന്ന വണ്ടി ഒരു ദിവസം നിന്നു പോകുന്നതു വരെ നമ്മളാരും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വ്യാകുലരാവാറില്ലെന്നതു പോലെ പ്രശ്നങ്ങളുണ്ടാകുന്നതു വരെ ആരും പ്രവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കാറില്ല. വണ്ടി കേടായാല്‍ മെക്കാനിക്കിനെ കാണിക്കും  രോഗഗ്രസ്തനായാല്‍ വൈദ്യനേയും. അപ്പഴും പ്രവര്‍ത്തനത്തെക്കുറിച്ചു ശ്രദ്ധിക്കുകയില്ല. അങ്ങനെ ശ്രദ്ധിച്ച ആളുകള്‍  വാഹനത്തിനു് കൃത്യമായി എണ്ണ വെള്ളം തുടങ്ങിയവ കൊടുക്കാനും സ്വയം ഭക്ഷണം ക്രമീകരിക്കാനും സംഘടിക്കാനും തുടങ്ങുന്നു. ചിലര്‍ കുറെകൂടി പഠിക്കാന്‍ ആഗ്രഹിക്കുകയും മെക്കാനിക്കുകളും വൈദ്യന്മാരും  സാമൂഹ്യവിചക്ഷണന്മാരുമായി മാറി സമൂഹത്തെ സേവിക്കുകയും ഒപ്പം ഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. ശരിയല്ലേ?
 
ഗവേഷണമോ അതൊക്കെ പി എച് ഡി തരപ്പെടുത്താനും സര്‍ക്കാര്‍ ചെലവില്‍ ജീവിക്കാനും ഉള്ള  വഴികളല്ലേ?
 
പലര്‍ക്കും അതങ്ങനെയാണു്, എന്നാല്‍ ശരിയായ പാതയില്‍ സഞ്ചരിക്കുന്നവരെ അതു പോലെ കണ്ടവഹേളിക്കരുതു്. പറഞ്ഞു വന്നതു്,... 
 
...പ്രശ്നങ്ങള്‍ ഇത്രയും കൊണ്ടു തീരുന്നില്ല. അരി മേടിച്ചു കൊണ്ടു വന്നപ്പോള്‍ കലം തകര്‍ന്നിരിക്കുന്നു, കലം ശരിയാക്കിയപ്പോള്‍ മഴപെയ്തു് വിറകുനനഞ്ഞു, വിറകു സംഘടിപ്പിച്ചു വന്നപ്പോള്‍ കൊളുത്താനൊഴിച്ച മണ്ണെണ്ണ അരിയില്‍ വീണു. എന്നിങ്ങനെ തുടര്‍ച്ചയായി വിഘ്നങ്ങളുണ്ടായാല്‍ ചിലര്‍ തകര്‍ന്നു പോകുന്നു. ഇതല്ലാതെ,  ഇങ്ങനെ ചോറുതിന്നു ജീവിച്ചിട്ടെന്തു കാര്യം‍? എന്തിനു ജീവിക്കണം? എന്തിനാണു് ജനനവും മരണവും? മരിച്ചിട്ടെവിടേക്കു്? ഉടനേ മരിച്ചാല്‍ എന്താണു കുഴപ്പം? എന്തു കൊണ്ടെനിക്കു മാത്രം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നു? എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ ‍ സ്വയം ചോദിച്ചു് ചിലര്‍ വിഷമത്തിലാവുന്നു. 
 
നമ്മള്‍ ഇസ്ലാം ക്രിസ്ത്യന്‍ എന്നൊക്കെ വിളിച്ചു പോരുന്ന മതങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുത്തരമാണു്. ദൈവം എല്ലാരേയും ചില ഉദ്ദേശത്തോടേ സൃഷ്ടിച്ചു വച്ചിരിക്കുന്നു. സമയം കഴിഞ്ഞാല്‍ തിരിച്ചു വിളിക്കുന്നു. അതിനിടയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ള രീതിയില്‍ ജീവിച്ചാല്‍ സ്വര്‍ഗ്ഗവും ഇല്ലെങ്കില്‍ നരകവും ലഭിക്കും എന്ന ഉത്തരത്തില്‍ നിന്നു് പലര്‍ക്കും ശാന്തി ലഭിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അവരുടെ യുക്തിക്കു നിരക്കുന്നതല്ലായ്കയാല്‍ വിശ്വസിക്കാന്‍ കഴിയുകയില്ല. ചിലര്‍ യുക്തിവാദികളാകുന്നു. ചിലര്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ പറ്റി വീണ്ടും അന്വേഷണം തുടരുന്നു. ഈ അവസാനം പറഞ്ഞ കൂട്ടര്‍ക്കുവേണ്ടിയാണു ഞാനിതൊക്കെ പറയുന്നതു്. വിശ്വാസത്തിന്റെയോ മതത്തിന്റെയോ കാഴ്ച്ചപ്പാടിലല്ലാതെ വസ്തുതകള്‍ വ്യാഖ്യാനിച്ചെടുക്കാനുള്ള ആദ്യ പ്രതിബന്ധം ഇങ്ങനെ ഉള്ള പലതും മനസ്സിലാവായ്കയാണു്. അനിയനോടു ഞാനിതൊക്കെ പറയുന്നതു്  അറിയാവുന്നതിനെ അറിഞ്ഞു് ജീവിതം പുരോഗമനാത്മകമാക്കാനാണു്.
 
ഞാനിതു വരെ ധരിച്ചതു് ഇതൊക്കെ താടിയും മറ്റും നീട്ടി വളര്‍ത്തിയ കാ‍നനവാസികള്‍ക്കുള്ളതാണെന്നാണു്. അണ്ണന്‍ ഒരു ഹിന്ദുത്വ വാദിയായതു കൊണ്ടാണിതൊക്കെ പറയുന്നതെന്നും കരുതി.
 
ഇല്ലാത്ത മതം കൊണ്ടാരെങ്കിലും നശിക്കുന്നെങ്കില്‍ അതീ ഹിന്ദുത്വ വാദികളാണു്. കാനനവാസികള്‍ നേരത്തേ പറഞ്ഞ ഭിഷഗ്വരന്മാരുടേയോ ഗവേഷകരുടേയോ സ്ഥാനമര്‍ഹിക്കുന്നവരാണു്. അവര്‍ സമൂഹത്തിന്റെ രോഗങ്ങളെ ചികിത്സിക്കാന്‍ കഥകള്‍ പറഞ്ഞു കൊടുത്തു. കഥാപാത്രങ്ങളെ ദൈവങ്ങളാക്കി മതം ചത്തു വീര്‍ത്തു. ചിലരാകട്ടെ ഇപ്പോള്‍ ടാബ്ലെറ്റ് വില്പനക്കാരായി, ആര്‍ട് ഓഫ് ലിവിങ് തുടങ്ങിയ സംരഭത്തിലേര്‍പ്പെട്ടിരിക്കുന്നു. വ്യാജവൈദ്യന്‍മാരില്‍ നിന്നു രക്ഷപ്പെടാനോ സ്വയം പര്യാപ്തതയ്ക്കായിട്ടോ സ്വല്പം വൈദ്യം അഭ്യസിക്കെണ്ടതു് അത്യാവശ്യമായിരിക്കുന്നതു പോലെ തന്നെ അത്യന്താപേക്ഷിതമായതാണു് ഈ ജ്ഞാനവും എന്നതു കൊണ്ടാണനിയാ നിന്നെ കാണുമ്പോഴൊക്കെ ഞാനിങ്ങനെ ഓരോന്നു പറയുന്നതു്. മനസ്സിലായോ?
 

Sunday, January 20, 2008

നിന്നെയും കൊല്ലും ഞാനും ചാവും

അണ്ണന്‍ എന്നെ ഒന്നു നുള്ളിക്കേ.
 
സ്വപ്നമാണോ എന്നു നോക്കാനാണോ?
 
അല്ല എന്നെ നുള്ളിയാല്‍ അണ്ണനു വേദനിക്കുമോ എന്നറിയാനാ.
 
ഇല്ല.
 
അത്രയേ അറിയേണ്ടൂ. പിന്നെ അണ്ണനീ എല്ലാറ്റിലും ഉള്ള ആത്മാവു് ഒന്നു തന്നെ എന്നൊക്കെ പറയണതില്‍ എന്താണര്‍ത്ഥം? എന്നെ നുള്ളിയാല്‍ എനിക്കു മാത്രമേ വേദനിക്കൂ എന്നാണെങ്കില്‍ എന്റെ ആത്മാവും അണ്ണന്റെ ആത്മാവും വെവ്വേറെയായതു കൊണ്ടല്ലേ?
 
ശരിയാണല്ലോ. നീ യുക്തിപരമായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
 
കണ്ടോ കണ്ടോ ഇതാണു കുഴപ്പം. എന്തെങ്കിലും സംശയം ചോദിച്ചാപ്പിന്നെ യുക്തിവാദിയായി. വര്‍ഗീകരിച്ചു വച്ചാല്‍ പിന്നെ തോല്‍പ്പിക്കാന്‍ ആളെ കൂട്ടാമല്ലോ.
 
ഹ ഹ
 
ചിരിക്കാന്‍ പറഞ്ഞതല്ല. എന്നെ യുക്തിവാദിയാക്കിയാല്‍ പിന്നെ അണ്ണനു ദൈവവിശ്വാസികളെയെല്ലാം കൂട്ടു പിടിക്കാം. എല്ലാര്‍ക്കും ചേര്‍ന്നു് സ്വൈരമായി എന്റെ നെഞ്ചത്തു കേറാം. അല്ലേ?
 
ശരിയാണു്. സാധാരണ ആളുകള്‍ സ്വീകരിച്ചു പോരാറുള്ള തന്ത്രമാണതു്. പക്ഷേ ഞാനാ അര്‍ഥത്തിലല്ല നിന്റെ സംസാരത്തെ വിലയിരുത്തിയതു്. വളരെ ശരിയായ ഒരു ചോദ്യമാണു് നീ ചോദിച്ചതു്. ഇത്തരം തത്വചിന്തയില്‍ ആളുകള്‍ക്കുള്ള പ്രഥമസംശയം മിക്കവാറും  ഇതു  തന്നെയായിരിക്കും. പലരും പക്ഷേ ഇങ്ങനെ ചോദിക്കാന്‍ മിനക്കെടാതെ ഇങ്ങനെ പറയുന്നവര്‍ക്കൊക്കെ പ്രാന്താണെന്നു പ്രഖ്യാപിച്ചു വാതിലടച്ചു കളയും. അനിയന്‍ അതു ചോദിച്ച സ്ഥിതിക്കു ഞാനൊന്നു പറഞ്ഞു നോക്കാം.
 
ശരി
 
ഞാന്‍ നിന്നെ നുള്ളാം. നിനക്കു വേദനിച്ചോ. 
 
ഉവ്വ്.
 
ഇപ്പഴോ?
 
അണ്ണന്‍ എന്റെ മുടിയിലല്ലേ നുള്ളിയതു്, പിന്നെങ്ങനെ വേദനിക്കും?
 
കറക്റ്റ്. അപ്പൊ അനിയനു ആദ്യം വേദനിച്ചതങ്ങനെയാണെന്നു നോക്കാം. അനിയന്റെ തൊലിയിലുള്ള വേദനഗ്രാഹികള്‍ വേദനയുടെ സൂചനകളെ അനിയന്റെ നാഡീവ്യൂഹം വഴി തല‍ച്ചോറിലേക്കയക്കുന്നു. അവിടെ ഇതു വേദനയാണെന്നും വേദനിക്കുന്നതിന്ന സ്ഥലമാണെന്നും തിരിച്ചറിയാനുള്ള വ്യവസ്ഥയുള്ളതു കൊണ്ടു് അതു സ്ഥിരീകരിക്കപ്പെടുന്നു. ഉടനെ കൈവലിക്കാനോ തടവാനോ ഉള്ള ആജ്ഞകള്‍ തിരിച്ചയ്ക്കുന്നു അല്ലേ?
 
അതെ.
 
ഒന്നു ചോദിക്കട്ടെ, അനിയന്‍ ഈ കൈ ആണോ തലച്ചോറാണോ?
 
രണ്ടും എന്റെ ഭാഗമല്ലേ.
 
അതെ പക്ഷേ കൈ പോയാല്‍‍ നീ ബാക്കി ഉണ്ടാവുമെന്നതു കൊണ്ടു് കൈ നീയല്ല. തല‍ച്ചോറു വഴിയാണു തിരിച്ചറിഞ്ഞതെന്നതു കൊണ്ടു് തലച്ചോറും നീയല്ല.
 
അതെങ്ങനെ? തലച്ചോറു ഞാനാണെങ്കിലോ?
 
അങ്ങനെ തോന്നും. തല‍ച്ചോറില്‍ ശരീരത്തിന്റെ ബാലന്‍സിങ്ങിനു സഹായിക്കുന്ന ഒരു ഭാഗമുണ്ടു്. ഇതെങ്ങാനും നശിച്ചാല്‍ എഴുന്നേറ്റു നില്‍ക്കാനാവില്ല. തലച്ചോര്‍ നീയാണെങ്കില്‍ എഴുന്നേറ്റു നില്‍ക്കാനാവുന്നില്ലെന്നു് അങ്ങനെയുള്ളവരെങ്ങനെയറിയും?
 
ശരിതന്നെ തലച്ചോറും ഞാനല്ല. ചുമ്മാ പറഞ്ഞെന്നേയുള്ളൂ.
 
നന്നായി. അപ്പോള്‍ കൈയും നീയല്ല തലച്ചോറും നീയല്ല. അപ്പോള്‍ നീ ഇതില്‍ നിന്നും വേറിട്ട ഒരു സാധനമാണെന്നു പറയാമല്ലോ? ആ നീ ഈ വേദന നടക്കുന്ന മൊത്തം സംഗതിയുടെ ഭാഗമായിരുന്നുകൊണ്ടു് ഈ വേദനയെ തിരിച്ചറിയുകയാണല്ലോ.
 
അതെ.
 
ആ നിന്നെ പറ്റിയാണു് വേദാന്തികള്‍ പറയുന്നതു്. അല്ലാതെ കൈയും കാലും എല്ലും തോലും മുടിയും കരളും വൃക്കയും പ്ലീഹയും എല്ലാം കൊണ്ടു് ജനിച്ചു വളര്‍ന്നു മരിക്കുന്ന നിന്നെ പറ്റിയല്ല. നീ അതിനൊക്കെ സാക്ഷി മാത്രമാണു് എന്നു പറഞ്ഞാല്‍ നിനക്കു വിഷമമാകും എന്നതു കൊണ്ടു് ഞാനതു പറയുന്നില്ല.
 
അപ്പൊ എന്നെ വേദനിപ്പിക്കുമ്പോള്‍ അണ്ണനു വേദനിക്കാഞ്ഞതോ? 
 
ആരു പറഞ്ഞു? നിന്റെ ശരീരത്തിനു് എന്തെങ്കിലും പറ്റുമ്പോള്‍ പ്രാണിയുടെ പ്രാണന്‍ നിലനിര്‍ത്താനുള്ള പ്രേരണകൊണ്ടു് നിനക്കു കിട്ടിയെന്നു പറയപ്പെടുന്ന സിഗ്നലുകള്‍ കൊണ്ടു് നിനക്കു് വേദന, രുചി, മണം തുടങ്ങിയവ പ്രിയമോ അപ്രിയമോ ആയിത്തീരുന്നതു പോലെ, നിന്നെ  ആരെങ്കിലും നുള്ളുമ്പോള്‍ എനിക്കും പ്രിയമോ അപ്രിയമോ ആയിതീരുകയില്ലേ? മരവിച്ചഭാഗത്താണു് ഒരു ശത്രു നിന്നെ നുള്ളിയതെന്നു വയ്ക്കുക. നിനക്കു വേദനിച്ചില്ലെങ്കിലും ഈ നുള്ളല്‍ അതിന്റെ സകല വികാരങ്ങളും നിനക്കു തരുന്നതു പോലെ, നിന്നെ നുള്ളിയതു് എന്നെയും ബാധിക്കും.
 
ശരി തന്നെ.
 
ഈ ഞാന്‍ ആണു് എല്ലാരിലും ഒന്നാണെന്നു പറയുന്നതു് കണ്ണാ. എല്ലാ‍രിലും ഒന്നാണെന്നു മനസിലാക്കുന്നതിനുള്ള ശ്രമത്തില്‍ പറയപ്പെടുന്ന ഞാന്‍ ആരെന്നാരും ആലോചിക്കുന്നില്ലെന്നതു കൊണ്ടു് എവിടെയുമെത്തുന്നില്ലെന്നേയുള്ളൂ. 
 
മനസ്സിലായി.
 
ഇല്ലെന്നാണെനിക്കു തോന്നുന്നതു്. നിനക്കു ഞാന്‍ പറഞ്ഞതേ മനസ്സിലായിട്ടുള്ളൂ. എന്നു വച്ചാല്‍ ഞാന്‍ പറഞ്ഞതു് യുക്തിക്കു നിരക്കുന്നതാണെന്നു്  നിനക്കു തോന്നുന്നു എന്നു മാത്രം. ഞാന്‍ എന്തെന്നു് ഇനിയും ഏറെ മനനം ചെയ്താല്‍ മാത്രമേ മനസ്സിലാകൂ. ശ്രമിക്കൂ.
 
മനനം ചെയ്‌വാനായി ഒരു ശ്ലോകം തരാം. ശ്രീനാരായണഗുരുവിന്റെയാണു്.
 
"ഇരുളിലിരിപ്പവനാരു ചൊല്‍കനീ'യെ-
ന്നൊരുവനുരപ്പതു കേട്ടുതാനുമേവം
അറിവതിനായവനോടു 'നീയുമാരെ';
ന്നരുളുമതിന്‍ പ്രതിവാക്യമേകമാകും"
 
അര്‍ഥം: ഇരുട്ടില്‍ ഇരിക്കുന്ന ഒരാളോടു് ഒരാള്‍ ചോദിച്ചു 'നീ ആര്'‍? ഇരുട്ടിലിരിക്കുന്നവന്‍ തിരിച്ചു ചോദിച്ചു 'നീയാരു്'? എന്നു്. രണ്ടു പേരും ഒരേ ഉത്തരം തന്നെയാണു പറഞ്ഞതു്. ഈ ഉത്തരമാണു് ഞാ‍ന്‍. അതു തന്ന്യാണു നീ.
 
 
അണ്ണന്‍ ഭയങ്കരന്‍ തന്നെ ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ പറ്റുന്നുവല്ലോ.
 
സത്യത്തില്‍ എനിക്കു കൂടി മനസ്സിലാക്കാനാണു്‍ അനിയനോടു് ഞാനിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നതു്.

Saturday, January 5, 2008

ഐസ്ക്രീമും ജനറല്‍മോട്ടോര്‍സും

അണ്ണാ‍, മറ്റൊരു ഇ-മെയില്‍ സംഗതിയേ പറ്റി ഇന്റര്‍നെറ്റില്‍ ധാരാളം പേര്‍ സംസാരിക്കുന്നു.
 
എന്താണതു്?
 
ജനറല്‍ മോട്ടോര്‍സില്‍ ഒരു കസ്റ്റമറുടെ പരാതി വന്നത്രേ. പുതിയ പോണ്ടിയാക്കിനാണു പ്രശ്നം. ഡിന്നര്‍കഴിഞ്ഞാല്‍ ഐസ്ക്രീം കഴിക്കുന്ന പതിവുള്ള അവരുടെ വീട്ടില്‍ നിന്നു് രാത്രി എന്നും ഇദ്ദേഹം ഐസ്ക്രീം വാങ്ങാന്‍ പുറത്തു പോകും. മേടിക്കുന്നതു് വാനില ഐസ്ക്രീമാണെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാവുകയില്ലത്രേ. മറ്റൊരു ഐസ്ക്രീമിനും ഈ പ്രശ്നമില്ല. ഇതാണു പരാതി.
 
അതു ശരി. തലക്കെട്ടുകണ്ടപ്പോള്‍ ഞാ‍ന്‍ കരുതി മറ്റേ ഐസ്ക്രീം പ്രശ്നമോ മറ്റോ ആയിരിക്കുമെന്നു്. എന്നിട്ടു്?
 
എഞ്ചിനീയര്‍ വന്നു് കിണഞ്ഞു പരിശ്രമിച്ചശേഷം ഉത്തരം കണ്ടു പിടിച്ചത്രേ. കടയിലെ മെര്‍ചെന്‍ഡൈസിങ് ആയിരുന്നത്രേ പ്രശ്നം. പിന്നെ വേപര്‍ലോക് എന്നൊരു തകരാറും. വാനില ഫാസ്റ്റ്മൂവിങ്ങ് ആയതുകൊണ്ടു് മുന്‍ഭാഗത്തു തന്നെ വാനില കിട്ടും. തിരിച്ചു വരാന്‍ എടുക്കുന്ന സമയം കുറവായതു കൊണ്ടു്, വണ്ടിക്കു തണുക്കാന്‍ സമയം കിട്ടുന്നില്ലത്രേ. അങ്ങനെയുണ്ടാകുന്ന വേപ്പര്‍ ലോക്ക് എന്ന പ്രശ്നം കൊണ്ടാണത്രേ ഇതു സംഭവിച്ചതു്. ഇതു് നടന്ന കാര്യമായിരിക്കുമോ അണ്ണാ?
 
അറിയില്ല. എന്നാല്‍ കേട്ടിട്ടുള്ള മറ്റൊരു കാര്യം പറയാം.
 
ഷൊര്‍ണ്ണൂരിലെ ചെറുതുരുത്തിയിലെ കേരളീയ ആയുര്‍വേദ സമാജത്തില്‍ നിറുത്താന്‍ വയ്യാത്ത എക്കിളുമാ‍യി ഒരാള്‍ ചെന്നത്രേ. കഴിക്കാത്ത മരുന്നില്ല. മന്ത്രവും. യാതൊരു രക്ഷയുമില്ലാതെ  മരിച്ചാല്‍ മതിയെന്നു തീരുമാനിച്ചിരിക്കുമ്പോഴാണത്രേ അയാളവിടെ എത്തിയതു്.
 
ഉം. എന്നിട്ടിവര്‍ ആയുര്‍വേദമരുന്നുകൊടുത്തു മാറ്റിക്കാണും അല്ലേ? അവര്‍ നിപുണന്മാരാണെന്നു കേട്ടിട്ടുണ്ടു്.
 
അതല്ലേരസം. മരുന്നൊന്നും കൊടുത്തില്ല. ഏതാണ്ടെല്ലാ മരുന്നും സേവിച്ചു കഴിഞ്ഞ ഇയാള്‍ക്കു് മരുന്നു കൊണ്ടു പ്രയോജനമുണ്ടാവില്ല എന്നവര്‍ക്കറിയാം. പകരം ഇയാളെ നിരീക്ഷിച്ചു. ദൈനം ദിന കാര്യങ്ങളില്‍ എന്തു വ്യത്യാസമാണു് ഉള്ളതെന്നു നോക്കിയപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. ഇങ്ങേര്‍ കക്കൂസില്‍ പോയാല്‍ പടപടാന്നു തിരിച്ചു വരുന്നു. വൈദ്യര്‍ക്കു സംഗതി ഏതാണ്ടു പിടി കിട്ടി. കക്ഷിയെ വിളിച്ചു് കക്കൂസില്‍ കാര്യം സാധിച്ചുവെന്നു തോന്നിയാലും ഒന്നു രണ്ടു മിനിറ്റ് വെറുതേ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. എക്കിളും മാറി.
 
അതെങ്ങനെ?
 
അറിയില്ല വൈദ്യത്തില്‍ എനിക്കു വലിയ പിടിപാടില്ല. പക്ഷേ ഇത്തരം നിരീക്ഷണത്തിലൂടെ പല അസുഖങ്ങളും മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടു്. വയറു വേദന ഉണ്ടാകുമ്പോള്‍ മിനിമം ഇന്നും ഇന്നലെയും കഴിച്ചതെന്തെന്നോര്‍ക്കാനെങ്കിലും ശ്രമിക്കേണ്ടതാണു്. അത്യാവശ്യം നിരീക്ഷണബുദ്ധി ഉണ്ടെന്നു തോന്നിയാല്‍ ഭാര്യ കുഞ്ഞുങ്ങള്‍ മുതല്‍ കുടുംബത്തിലുള്ളവരെ നിരീക്ഷിച്ചു് പല പ്രശ്നങ്ങളിലും പ്രതിവിധി നിശ്ചയിക്കാവുന്നതാണു്.
 
ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ നമ്മളുകേറി ചികിത്സിച്ചു് വല്ല പുലിവാലുമായാലോ?
 
ചികിത്സിക്കണമെന്നു ഞാന്‍ പറഞ്ഞില്ല. നിരീക്ഷിക്കാന്‍ മാത്രം. ഡോക്ടറുടെ അടുത്തെത്തിക്കും മുന്‍പു്, എവിടെയാണു വേദന. എന്താണു ബുദ്ധിമുട്ടു്. എപ്പോള്‍ തുടങ്ങി. അതിനുമുന്‍പെന്തെങ്കിലും പ്രത്യേകമായുണ്ടാ‍യോ എന്നൊക്കെ ചോദിച്ചു മനസ്സിലാക്കണം. ഡോക്ടറുടെ അടുത്തെത്തിയാല്‍ അദ്ദേഹത്തോടും സംസാരിച്ചു് പ്രശ്നം മനസ്സിലാക്കണം. കഴിവുള്ളവര്‍ക്കു് ഇത്രയും കാര്യങ്ങള്‍ കുറച്ചുകാലം ചെയ്താല്‍ തന്നെ ചികിത്സ എന്നതു് വളരെ സ്വാഭാവികമായി വരും. ഇല്ലെങ്കില്‍ ചെയ്യരുതു്. 
 
ഇതിനൊക്കെ ആര്‍ക്കു സമയം? പനിവന്നാല്‍ പാരസെറ്റാമോള്‍ അടിക്കും. ഇല്ലെങ്കില്‍ ഡോക്ടരു പറയുന്നതു്. തീര്‍ന്നു. എന്താണു കഴിച്ചോണ്ടിരിക്കുന്നതു് എന്നു ചോദിച്ചാല്‍ തന്നെ അറിയില്ല. പിന്നാ എന്താ കഴിച്ചതെന്നു ചോദിച്ചാല്‍!