Wednesday, December 26, 2007

ലിഫ്റ്റ് കരാദെ

ഓഫീസുകളില്‍ വേണ്ടാത്ത കടലാസുകളും മറ്റും ഉപേക്ഷിക്കാനായുള്ള ഒരു മിഷ്യനില്ലേ എന്തവാ അതിന്റെ പേരു്?
 
ഷ്രെഡിങ് മെഷീന്‍
 
അതെന്നെ. മെയിലില്‍ ഒരു ഫലിതം വന്നായിരുന്നു. ഈ മെഷീന്റെ അടുത്തു് മാനേജര്‍ വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍  സെക്രട്ടറി ചെന്നു.
"ഞാന്‍ ഹെല്പണോ?"
"ഉവ്വ്. ഇതെങ്ങനെയാണുപയോഗിക്കുന്നതെനിക്കു വലിയ പിടിയില്ല."
"വളരെ എളുപ്പമല്ലേ. കടലാസിങ്ങോട്ടെടുത്തു് ഈ വിടവിലൂടെ അകത്തോട്ടിടണം." എന്നു പറഞ്ഞു് കടലാസു മേടിച്ചു അങ്ങനെ ചെയ്തുവത്രേ. മാനേജര്‍ ബഹു ഖുശി.
 
"അത്രേ ഉള്ളൂ? താങ്ക്സ്. ഇനി ഇതിന്റെ കോപ്പി ഏതിലേയാണു വരിക എന്ന് കൂടി പറഞ്ഞു തന്നാട്ടെ."
 
ഹ ഹ ഞാനും കണ്ടായിരുന്നു. ഇപ്പൊ എന്തിനാ അതു പറഞ്ഞതു്?
 
ഇന്നലെ ലിഫ്റ്റു കാത്തു രണ്ടാമത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ ഒരു മാന്യന്‍ ധൃതിപ്പെട്ടു വന്നു് മുകളിലേക്കും താഴേക്കുമുള്ള ബട്ടണുകള്‍ ഞെക്കുന്നതു കണ്ടു.
 
താഴേക്കു പോകാന്‍ താഴേക്കു ചൂണ്ടിയിരിക്കുന്ന ബട്ടണില്‍ മാത്രം ഞെക്കിയാല്‍ പോരേ?
 
മതി. മുകളിലേക്കു ചൂണ്ടിയിരിക്കുന്ന ബട്ടണ്‍ ഞെക്കുമ്പോള്‍ അങ്ങോട്ടു പോകാനെന്നു കരുതി മുകളിലേക്കു പോകുന്നവയും നില്‍ക്കും എന്നതു ചിന്തിക്കാനയാള്‍ക്കു സമയമില്ലാഞ്ഞാണോ അതോ നേരത്തേ പറഞ്ഞ ഇഗ്നറന്‍സ് ആണോ എന്നറിയില്ല. രണ്ടായാലും നഷ്ടം അയാള്‍ക്കു തന്നെ.  ഇതു ചിന്തിക്കാത്തവരെ കണ്ടു പിടിക്കാനായാണു് ഫലിതം പറഞ്ഞു തുടങ്ങിയതു്.

Monday, December 24, 2007

ഉപാധികള്‍

ഈ നിരുപാധികം സോപാധികം എന്ന വാക്കുകള്‍ എനിക്കു ശരിക്കും മനസ്സിലായില്ല. ഒന്നു വിശദീകരിക്കാമോ?
 
ശ്രമിക്കാം. ബഷീര്‍ പറഞ്ഞ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ഒന്നും ഒന്നും രണ്ടു് എന്നുനമുക്കറിയാം അല്ലേ. ചക്കയോ മാങ്ങയോ പോലെ എന്തിനെയോ ആണു് നാം ഒന്നു് എന്നു ആദ്യമേ നിര്‍വചിച്ചിടുണ്ടാവുക. എന്നു വച്ചാല്‍ ഏകകത്തിന്റെ ഒരു നിര്‍വചനം അഥവാ സങ്കല്‍പ്പം അടിസ്ഥാനമാക്കിയാണു് ഇതു പറയുന്നതു്. കൂട്ടുക എന്നു പറയുന്നതും അതുപോലെ ഒരു സങ്കല്‍പ്പം തന്നെയാണു്. ബഷീര്‍ ഒരു മുറിയെ ഏകകമാക്കുന്നു. എന്നാല്‍ കൂട്ടുക എന്നതിനു് മുറി ഇടച്ചുമരിടിച്ചുകളഞ്ഞു് ഒരുമിപ്പിക്കുക എന്നാണു് സങ്കല്‍പ്പിക്കുന്നതു്. മൂപ്പര്‍ക്കു കിട്ടിയതു് ഇത്തിരി വലിയ ഒന്നായി. 1+1=2 എന്ന സംഗതിക്കു പിന്നില്‍ ഇങ്ങനെ കുറേ സംഗതികളുണ്ടു്. പകുതി അടഞ്ഞതു് = പകുതി തുറന്നതു് എന്ന കണക്കു് കേട്ടിട്ടില്ലേ?
 
ഉവ്വ്. പകുതി മാത്രം തുറന്ന ഒരു വാതില്‍ പകുതി അടഞ്ഞതുമാണു്  എന്നതിനെ  1/2 closed = 1/2 open എന്ന സമവാക്യം കൊണ്ടു പ്രതിനിധീകരിച്ചു്, രണ്ടു വശത്തും രണ്ടുകൊണ്ടു പെരുക്കിയാല്‍
1 closed = 1 open എന്നു തെറ്റായ ഒരു സമവാക്യത്തിലെത്തും എന്ന കാര്യമല്ലേ?
 
അതെ. ഇവിടെ രണ്ടുകൊണ്ടു പെരുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രണ്ടു വാതില്‍ വരണം. അങ്ങനെ സമവാക്യം ശരിയായിരിക്കുക തന്നെ ചെയ്യും. എന്നാല്‍ ഈ രണ്ടു കൊണ്ടു പെരുക്കുമ്പോള്‍ ആ സങ്കല്‍പ്പം നമ്മള്‍ ഉപയോഗിക്കുന്നില്ല എന്നതാണു് സമവാക്യം തെറ്റാണു് എന്ന നിഗമനത്തില്‍ എത്തിക്കുന്നതു്.
 
അതുശരി.
 
പറഞ്ഞു വന്നതു്, ഇങ്ങനെ ഒന്നു് എന്ന ഉപാധിയില്‍ നമ്മള്‍ രണ്ടിനെയും പിന്നെയങ്ങോട്ടു് മൂന്നിനെയും നാലിനെയും ഒക്കെ അറിയുന്നു. അതുപോലെ എല്ലാറ്റിനേയും നാമറിയുന്നതു് മറ്റൊന്നു പരിചയപ്പെടുത്തിയിട്ടാണു്. നമുക്കറിയാവുന്ന ഒന്നു് തൊട്ടടുത്തുള്ള അറിയാത്ത ഒന്നിനെ പരിചയപ്പെടുത്തിത്തരുന്നു. അതു കൊണ്ടാണു് ഈ അറിവുകളൊക്കെ സോപാധികമാണെന്നു പറഞ്ഞതു്.
 
അപ്പോള്‍ നിരുപാധികമായ അറിവെന്താണു്? അതെവിടെയിരിക്കുന്നു?
 
അതു നീയാ‍ണു് എന്നയര്‍ഥമുള്ള പ്രസിദ്ധ വചനം കേട്ടിട്ടില്ലേ. അതന്വേഷിക്കുന്നവര്‍ക്കായി ധാരാളം ഉപനിഷത്തുക്കളുണ്ടു്, നാരായണഗുരുവിന്റെ കൃതികളുണ്ടു്. കൂടാതെ ജീവിതാനുഭവങ്ങളുടെ ശരിയായ വിശകലനവും ആ അറിവിലേക്കെത്തിക്കും.
 
താങ്കള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറയുന്നതു്. സോപാധികമായ അറിവു ഉപയോഗിച്ചു വേണം ഈ സത്യത്തിലെത്താന്‍ എന്നാണോ?  
 
അതെ ഉപാധികളിലൂടെ തന്നെ വേണം നിരുപാധികസത്യത്തിലെത്താന്‍. സത്യത്തില്‍ നമ്മള്‍ നിരുപാധിക സത്യത്തില്‍ നിന്നാണു് തുടങ്ങിയതു്. ഇനി തിരിച്ചവിടെ തന്നെയെത്തുകയാണുവേണ്ടതു്. നമ്മള്‍ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരു ഗുഹയില്‍ ഒരു കുഞ്ഞിനെ സ്വന്തം നിഴലു മാത്രം കാണുന്നവനായി ബന്ധിച്ചിരുത്തിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാള്‍ താനെന്നു കരുതുന്നതു് ആ നിഴലിനെയായിരിക്കും എന്നു് പ്ലേറ്റോ പറഞ്ഞതു് പ്രസിദ്ധമാണു്. നമ്മള്‍ നമ്മളെ( ഇതുകൊണ്ടുള്ള സാധാരണയര്‍ത്ഥം) നമ്മളെ( ശരിയായ അര്‍ത്ഥം )ന്നു സങ്കല്‍പ്പിച്ചു വച്ചിരിക്കുന്നു. അതിന്മേല്‍ ഒരു പാടു സാധനങ്ങളെ പണിഞ്ഞും വച്ചിരിക്കുന്നു. അതഴിച്ചഴിച്ചു വന്നേ പറ്റൂ.  നാരായണഗുരു പറഞ്ഞതു് പറയാം.

ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്‌പന്ദമാകണം 

തൊട്ടെണ്ണുന്ന പൊരുളൊടുങ്ങണം. ആ അവസ്ഥയാണു് മോക്ഷം. അനിയനും ശ്രമിക്കാവുന്നതാണു്.

ദൈവദശകത്തിലെയല്ലേ ഈ വരികള്‍?

അതെ

ദൈവമേ സച്ചിദാനന്ദ എന്നൊക്കെയുള്ള വരികള്‍ക്കിടയിലും ഇങ്ങനെ ഒരു തത്വത്തെ ഒളിപ്പിച്ചു വച്ച ഇങ്ങേരു സൂത്രക്കാരന്‍ തന്നെ അല്ലേ?

നോ കമന്റ്സ്. 

അവിദ്യ

അപ്പോള്‍ രണ്ടു തരം അറിവുകള്‍ ഉണ്ടെന്നാണോ?

അതെ.
 
അതെങ്ങനെ ശരിയാകു? സത്യം ഒന്നേ ഉള്ളൂ എന്നാണല്ലോ പറയപ്പെടുന്നതു് അതിനെ അറിയുന്നതല്ലേ അറിവു്. ഞാന്‍ കള്ളന്‍ അല്ലെങ്കില്‍ ഞാന്‍ കള്ളന്‍ അല്ല. അറിയുന്നതും അങ്ങനെ തന്നെ അല്ലേ? ഞാന്‍ കള്ളനാണെന്നറിയാം അല്ലെങ്കില്‍  ഞാന്‍ കള്ളനല്ലെന്നറിയാം. ഇതില്‍ രണ്ടു തരം എങ്ങനെ വരും. 

ശരി. കള്ളനാണു് എന്നിരിക്കട്ടെ. കട്ടതു് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നു് നമുക്കറിയാമങ്കില്‍ കട്ടവന്‍ = കള്ളന്‍ എന്നതു നമ്മളംഗീകരിച്ചെന്നു വരില്ലല്ലോ. അഥവാ പറഞ്ഞാല്‍ ഈ സത്യത്തില്‍ സോപാധികതയുണ്ടു്. കാര്‍ബണും ഓക്സിജനും ചേര്‍ന്നാല്‍ കാര്‍ബണ്‍‌ഡയോക്സൈഡ് എന്നതു സത്യം തന്നെ പക്ഷേ ചില സാഹചര്യങ്ങളില്‍ ഇതു കാര്‍ബണ്‍മോണോക്സൈഡ് ആവുകയില്ലേ. ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്നാണെന്നു ബേപ്പൂര്‍ സുല്‍ത്താന്‍ പരിഹസിച്ചതിത്തരം സത്യങ്ങളെയാണു്. നിരുപാധികമായ സത്യം ആണു് രണ്ടാമത്തേതു്. ട്രെയിനിലോ മറ്റോ നിലാവുള്ള രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന്‍ നമ്മുടെ കൂടെ വരുന്നതായി തോന്നിയിട്ടില്ലേ. അതു പോലെ നിരുപാധികമായ സത്യം ഏതവസ്ഥയിലും സത്യമായി തന്നെ തുടരും. ഇതു് ഒന്നേയുള്ളൂ. ഇതിനെ അറിയുന്നതാണു് ശ്രേഷ്ഠം. അതറിയുന്നവന്‍ ആണു് മുക്തന്‍.

അതേതു സത്യം?

അനിയന്‍ ഈ സോപാധികമായ അറിവുകളെ അറിഞ്ഞു് അറിഞ്ഞു് ചെല്ലുകയാണു് വേണ്ടതു്. അപ്പോള്‍ നിരുപാധികമായ സത്യം വെളിവാകും. അതറിയുന്നതോടെ അറിവു്, അറിയപ്പെടുന്നതു്, അറിയപ്പെടുന്നവന്‍ എന്നീ വിവേചനങ്ങളില്ലാതെയാകുമെന്നു മാത്രം പറയാനാകും.
 
ചുരുക്കത്തില്‍ മോക്ഷപ്രാപ്തിക്കുതകുന്ന അറിവു്, അതിനുതകാത്ത അറിവു് എന്നിങ്ങനെ രണ്ടായി  വിഭജിക്കാം അല്ലേ?
അതെ. ഉപനിഷത്തുക്കളില്‍ ആദ്യത്തേതിനെ വിദ്യ എന്നും രണ്ടാമത്തേതിനെ അവിദ്യ എന്നും വിളിക്കുന്നു. എന്നാല്‍ ചിലര്‍ അവിദ്യയെ അറിവില്ലായ്മ ആണെന്നു തെറ്റിദ്ധരിച്ചു് കുഴങ്ങിപ്പോകാറുണ്ടു്.
 

Sunday, December 16, 2007

രാഷ്ട്രത്തെ സംബന്ധിച്ചതു്

ഒരു സംശയം ചോദിച്ചോട്ടെ?

ചോദിക്കൂ.

നേരത്തേ ഗുണ്ടയുടെ കാര്യം പറഞ്ഞപ്പോള്‍ രണ്ടു തരം ആളുകളെക്കൂടെ പറഞ്ഞിരുന്നുവല്ലോ.

ഉവ്വ്. മാഷേ കാലൊന്നെടുക്കാമോ എന്നു പറയുന്നവരും കാ‍ലു പതുക്കെ വലിച്ചെടുക്കുന്നവരും.

അതെ. ഇവരുടെ നിരാശയെപ്പറ്റി പറയാഞ്ഞതെന്തു്? അക്രമങ്ങളില്‍ അവരും ദുഃഖിതരാവുകയില്ലേ? മാത്രവുമല്ല ബലമുണ്ടായിട്ടും അതു ചെയ്യാത്തവനെക്കാള്‍ സഹതാപം ഉണ്ടാവേണ്ടതിവരോടല്ലേ?

ഉവ്വ്. പക്ഷേ ആദ്യ വകുപ്പിലുള്ളവരുടെ നിഷ്ക്രിയത്വത്തിനാണു് കൂടുതല്‍ പ്രാധാന്യം എന്നതു കൊണ്ടാണതു പ്രത്യേകം പറഞ്ഞതു്.

അതിലെന്തു പ്രത്യേകത? എല്ലാവര്‍ക്കും തുല്ല്യപ്രാധാന്യം കൊടുക്കണമെന്നല്ലേ സാധാരണ പറയാറു്.

പറയാം. ഗുണ്ടയെ ചെറുക്കാന്‍ ബലവാനാണു കഴിയുക. സ്വാഭാവികമായും ബലമില്ലാത്ത രണ്ടു കൂട്ടരും വിശ്വാസമര്‍പ്പിക്കുന്നതു് ബലവാനിലായിരിക്കും. ബലവാന്‍ കൈയൊഴിഞ്ഞാല്‍ അതു അക്രമത്തിനെതിരേ ഒരു സമൂഹത്തിന്റെ തോല്‍‌വിയിലായിരിക്കും കലാശിക്കുക.

അതുകൊണ്ടാ‍ണോ യുദ്ധോന്മുഖനായി നില്‍ക്കുന്ന അര്‍ജ്ജുനന്‍ മടിച്ചപ്പോള്‍ സുഹൃത്തു് ഗീതോപദേശം നടത്തിയതു്?

അതെ. പക്ഷേ അതിലൊരു വ്യത്യാസമുള്ളതു്, എന്റെ ഭാര്യ കുട്ടികള്‍ എന്ന ചിന്തയല്ലായിരുന്നു അര്‍ജ്ജുനനെ മഥിച്ചതു്. നാലാള്‍ കേട്ടാല്‍ കുറ്റം പറയാത്ത, എന്റെ ഗുരു, പിതാമഹന്മാരെ വധിച്ചിട്ടെനിക്കു് രാജ്യമോ സുഖഭോഗങ്ങളോ വേണ്ട എന്ന ചിന്തയായിരുന്നു. ഫലത്തില്‍ രണ്ടും ഒന്നു തന്നെയെങ്കിലും അര്‍ജ്ജുനന്റെ ചിന്ത ശരിതന്നെയെന്നു നമുക്കു പ്രത്യക്ഷത്തില്‍ തോന്നും. അതു കൊണ്ടാണു് "പ്രജ്ഞാവാദാംശ്ച ഭാഷസേ" എന്നു കൃഷ്ണന്‍ പറഞ്ഞതു്.
 
ബലമില്ലാത്തവര്‍ക്കു് വേണമെങ്കില്‍ സംഘടിച്ചു കൂടെ? അപ്പോള്‍ ബലമുണ്ടാവുമല്ലോ.

തീര്‍ച്ചയായും ബലമില്ലാത്തവര്‍ സംഘടിച്ചു ബലവാന്മാരാകേണ്ടതാണു്. പക്ഷേ അതു സാധാരണ സംഭവിക്കുന്നില്ല.  ഓരോരുത്തരും തന്താങ്ങളുടെ സ്വാര്‍ത്ഥതകളില്‍ കുരുങ്ങിപ്പോകുന്നു. എന്നാലിവര്‍ക്കു് ബലവാന്മാരാ‍യ അക്രമികള്‍ക്കെതിരേയുള്ള ദുര്‍ബലരുടെ വിജയങ്ങള്‍ വളരെ താല്പര്യമാണു് എന്നതാണിതിലെ ഫലിതം. അങ്ങനെയുള്ള കഥകള്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതു് ധാരാളം കാണുവാന്‍ കഴിയും. മഹാഭാരതം, ദാവീദ് v/s ഗൊലിയോത്തു് എന്നീ കഥകളെ പറ്റി ശ്രീ. റാം മോഹന്റെ നിരീക്ഷണം നോക്കുക. സിനിമകളില്‍ വില്ലനെ വലിയ ശരീരമുള്ളവനായിട്ടോ നായകനെക്കാള്‍ വളരെ ശക്തനായിട്ടോ അവതരിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതു് പൊതു ജനത്തിന്റെ ഈ താല്പര്യം മൂലമാണു്. പോലീസിനെ തല്ലുന്നതു് മിക്കവാറും സിനിമകളില്‍ കാണാം. വലിയ ഒരു സന്നാഹത്തിന്റെ പ്രതീകമാണു് പോലീസ് എന്നതു കൊണ്ടാണു് അതിനിത്രയും കൈയടി കിട്ടുന്നതു്.
 
സംഘടിച്ചു ശക്തരാവുക എന്നു മാര്‍ക്സ് പറഞ്ഞതും ഈ വര്‍ഗ്ഗത്തോടായിരിക്കും അല്ലേ?
 
അങ്ങനെ ധരിക്കുന്നതു കൊണ്ടും വിരോധമില്ല. പക്ഷേ അതിന്റെ പേരില്‍ ഉണ്ടായി വരുന്ന പാര്‍ട്ടികള്‍ അക്രമികളുടെ സംഘടന ആയി മാറുന്ന കാഴ്ചയാണു് സമകാലിക രാഷ്ട്രീയത്തില്‍ കാണുന്നതു് എന്നതു് വല്ലാത്ത വൈരുദ്ധ്യം തന്നെ. അക്രമ (ക്രമമില്ലായ്മ) ത്തിനെതിരേ പൊരുതുമെന്നു് ജനം വിശ്വസിച്ചവര്‍‍ വലുതായ അക്രമികളായി മാറുന്ന കാഴ്ച ഖേദകരമാണു്.
 
അല്ലെങ്കിലും രാഷ്ട്രീയം ഒരു വൃത്തികെട്ട സംഗതി ആയിരിക്കുന്നു. അതില്‍ നിന്നു മാറി നില്‍ക്കുന്നതാണു് നല്ലതു്.
 
അതാണു തെറ്റു്. രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണു് നല്ലതു് എന്ന നിലപാടു് വളരെ മോശമാണു്‌. ഓരോരുത്തരും ഇപ്രകാരം മാറി നില്‍ക്കുന്നതു തന്നെയാണു് ഈ ശോചനീയമായ അവസ്ഥയ്ക്കൊരു കാരണം. കഴുതപ്പുലികളുടെ സംഘടനയെ പുലി വരെ പേടിക്കുന്നു. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകൂടം ലഭിക്കുമെന്നു മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതെത്ര ശരി. 

Thursday, December 13, 2007

അറിവു്

അറിവു് നല്ലതല്ലേ?
 
അതെ
 
അറിയുന്നവനെ നമ്മള്‍ ആദരിക്കാറില്ലേ?
 
ഉവ്വ്.
 
ഗുണ്ടയാണു് എതിരാളി എന്ന അറിവു് മുന്‍‌കരുതലെടുക്കാന്‍ സഹായിക്കുന്നില്ലേ?
 
ഉവ്വ്
 
എന്നിട്ടാ അറിവിനു ദോഷവശമുണ്ടെന്നു പറയുന്നതോ?
 
സാധാരണ വ്യവഹാരത്തില്‍ അറിവിനു ദോഷമൊന്നുമില്ല. എന്നാല്‍ സ്വാഭാവികമായ പെരുമാറ്റത്തില്‍ നിന്നും ആ അറിവു് അയാളെ പിന്തിരിപ്പിക്കുന്നതു കണ്ടില്ലേ? തനിക്കു് മകന്‍ ഭാര്യ ചില ലക്ഷ്യങ്ങള്‍ ഒക്കെ ഉണ്ടെന്നുള്ളതും ഒരു അറിവാണു്. അതും അയാളെ പിന്തിരിപ്പിക്കുന്നു. ഫലമോ കടുത്ത നിരാശ. തനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന നിരാശ ആണു്, പറ്റുമെന്നൊരാള്‍ കാണിക്കുമ്പോള്‍ അതു കൃത്രിമമാ‍യിട്ടുപോലും തീയേറ്ററില്‍ എഴുന്നേറ്റു നിന്നു കൈയടിപ്പിക്കുന്നതു്, എന്നു കൂടെ പറഞ്ഞിരുന്നു. 
 
ശരിയാണു്. അപ്പോള്‍ അതിനെന്താണു് നിവൃത്തി?
 
അറിവു തന്നെയാണു് നിവൃത്തി. പറഞ്ഞ സിറ്റുവേഷനില്‍ അയാള്‍ സത്യത്തില്‍ തന്നെ പിന്തിരിപ്പിച്ചതു് ഭീരുത്വമല്ല അറിവുണ്ടാക്കിയ ഉത്തരവാദിത്വമാണെന്നറിഞ്ഞാല്‍, ഉണ്ടായി വന്ന നിരാശയ്ക്കു് ഒരു തല്‍ക്കാല നിവൃത്തിയായി. അത്തരം അറിവുകള്‍ നല്‍കിയ പ്രേരണകൊണ്ടു് ആളുകള്‍ പ്രതികരിക്കാതിരിക്കുന്നതു കൊണ്ടാണിവനിപ്പഴും ഗുണ്ടയായിരിക്കുന്നതെന്നറിഞ്ഞു് വേണ്ടി വന്നാല്‍ ഗുണ്ടയുടെ കൂമ്പിനു് ഒരു ചാമ്പു ചാമ്പാമെന്ന ഉറപ്പോടെ പ്രതികരിച്ചാല്‍ മികച്ച ഒരു പരിഹാരമായി.
 
ശരി തന്നെ.
 
മനുഷ്യന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ ഒരല്ലലുമില്ല. കാലക്രമത്തില്‍ അവനു് എന്റെ, ഞാന്‍ എന്നീ അറിവുകള്‍ ഉണ്ടായി വരുന്നു. അല്ലലും. അറിവുണ്ടാക്കുന്ന അല്ലലാണതു്. ഈ അറിവിനെ മഹജ്ജനം അവിദ്യ എന്നു വിളിക്കുന്നു. വണ്ടി ഇടിച്ചു് നൂറാളു മരിച്ചല്ലോ എന്നു കരയുന്നവനെ കാണാന്‍ കിട്ടുകയില്ല. എന്റെ മോനെ സൈക്കിളുമുട്ടിയല്ലോ എന്നു കരയുന്നവനെ ധാരാളം കാണാം. വണ്ടി ഇടിക്കുന്നതോ ആളുകള്‍ മരിക്കുന്നതോ അല്ല പ്രശ്നം. മരിച്ച ആള്‍ 'എന്റെ' ആയതാണു്. അല്ലേ?
 
പക്ഷേ കുഞ്ഞുങ്ങളും കരയുന്നില്ലേ? വിശന്നാലോ വേദനിച്ചാലോ ഒക്കെ?
 
ശരി തന്നെ. അതു ജന്തു സഹജമായ ഒരു പ്രതികരണമാണു്. സീരിയല്‍ കണ്ടു കരയുന്നവരും കരയുന്നുവല്ലോ. ആ കരച്ചില്‍ ആത്മപ്രകാശത്തെ കെടുത്തുന്നില്ല. അവരുടെ മറ്റൊരു പ്രവൃത്തിയേയും ബാധിക്കുന്നുമില്ല. കുറച്ചു മുതിരുന്നതോടെ അവന്‍ കരയുന്നതിന്റെ ദൈര്‍ഘ്യം കൂടുന്നതായി കാണാം. പിണങ്ങിയിരിക്കുന്നതും കാണാം. ശിശു ചിരിക്കുന്നുമുണ്ടല്ലോ. കരച്ചിലും ചിരിയും അവനൊരു പോലെയാണു്. രണ്ടും ആനന്ദമാണു്. എന്നാല്‍ അതു ഞാന്‍ ചെയ്യുന്നു എന്ന അറിവു വരുന്നയിടം തൊട്ടു് അതിനു മാറ്റമുണ്ടാവുന്നു. സ്വര്‍ഗ്ഗരാജ്യം ശിശുക്കളെപ്പോലെയുള്ളവരുടേതാണെന്നു് ക്രിസ്തു പറഞ്ഞതു് കേട്ടിട്ടില്ലേ.
 
അറിവുണ്ടായിക്കഴിഞ്ഞാല്‍ പിന്നെന്തു ചെയ്യും? അതിനെ മായ്ക്കാന്‍ പറ്റുകയില്ലല്ല്ലോ?
 
ഇല്ല പക്ഷേ ഇതെല്ലാം ഏതറിവുകൊണ്ടുണ്ടായതാണെന്ന അറിവുകൊണ്ടു് നിരാകരിക്കാന്‍ കഴിയുമല്ലോ. അറിവിലും ഏറി അറിയുക എന്നാണു് നാരായണഗുരു പറയുന്നതു്.
 
''അറിവിലുമേറിയറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും'' എന്നതാണോ ഉദ്ദേശിച്ചതു്?
 
യെസ്.

Wednesday, December 12, 2007

ഗുണ്ട

ഗുണ്ട ഗുണ്ടയായിരിക്കുന്നതു് അവന്‍ ഗുണ്ടയായതു കൊണ്ടാണു്.
 
ഇതിലെന്തിത്ര പറയാനിരിക്കുന്നു?
പറയാം.
 
നിങ്ങള്‍ ബസ്സില്‍ യാത്രചെയ്യുകയാണു്. അപ്പോള്‍ ഒരുത്തന്‍ മനഃപൂര്‍വം നിങ്ങളുടെ കാലില്‍ ചവിട്ടിയെന്നിരിക്കട്ടെ. പ്രതികരണം ഏതു വിധത്തിലായിരിക്കും?
 
1) ചൂടാവും. കാലെടുക്കെടോ എന്നലറും
2) മാഷേ, കാലൊന്നെടുക്കാമോ?
3) പയ്യെ കാലു വലിച്ചെടുക്കും
 
ഈ മൂന്നും നിങ്ങളുടെ സ്വഭാവം അനുസരിച്ചിരിക്കും.
 
ഇനി നിങ്ങള്‍ ഒന്നാമത്തെ വകുപ്പുകാരനാണെന്നു കരുതുക. കാലില്‍ ചവിട്ടിയതു് ഒരു സ്ഥൂല/ദൃഢഗാത്രനും. സ്വാഭാവികമായും പ്രതികരണം രണ്ടിലേക്കോ മൂന്നിലേക്കോ മാറുന്നതു കാണാം.
 
മാറാതിരിക്കണമെങ്കില്‍ നിങ്ങളും തുല്ല്യ ബലവാനായിരിക്കണം.
 
ആണെന്നു കരുതുക. എന്നു വച്ചാല്‍ ചവിട്ടിയ ആളുടെ അത്രയും ബലമുണ്ടെന്നു കരുതുക. പ്രതികരണം 1) തന്നെയായിരിക്കും.
ഇനി ചവിട്ടിയ ആള്‍ ഒരറിയപ്പെടുന്ന ഗുണ്ട ആണെന്നു കരുതുക. നിങ്ങളുടെ പ്രതികരണം 2) 3) ആയി മാറും. 
 
അതെന്തുകൊണ്ടു്?
 
ഒരടി നിങ്ങള്‍ മനസ്സില്‍ കാണുന്നു. ചുരുങ്ങിയ പക്ഷം ഒരു ബഹളം. വാക്കേറ്റം. അതിനു നിങ്ങള്‍ മാനസികമായി തയ്യാറെടുത്തിട്ടില്ല. എതിര്‍കക്ഷിക്കാവട്ടെ അതു തന്നെയാണു പണി. വാക്കേറ്റം മൂത്തു് അടിയായാല്‍ പിന്നെ പോലീസ്. പൊല്ലാപ്പു്. ഇന്നു തന്നെ കരണ്ടുബില്ലടയ്ക്കണം.മോനെ സ്ക്കൂളില്‍ കൊണ്ടുചെന്നാക്കണം. ഗുണ്ടയ്ക്കാണെങ്കില്‍ പോലീസോ ബഹളമോ ഓര്‍ത്താല്‍ സല്പേരു പോകും. പോലീസ്, ഇടി ഒക്കെ ജോലിയുടെ ഭാഗമാണു താനും. വക്കീലിനെതിരെ കേസുകൊടുക്കുന്നതിനു് ആളുകള്‍ മടിക്കുന്നതിനു പിന്നിലെ സേം സൈക്കോളജി.
 
ശരി. സംഗതിയുടെ റെലവന്‍സി പറഞ്ഞില്ല.
 
പറയാം. ഇവിടെ ബലവാനും ധൈര്യവാനും ആയിരുന്നിട്ടുകൂടി ഇയാളെ ഒന്നാം പ്രതികരണത്തില്‍ നിന്നു് പിന്തിരിപ്പിച്ചതു് എതിര്‍കക്ഷി ഗുണ്ടയാണെന്ന അറിവല്ലേ. ഇതു് അറിവിന്റെ ഒരു ദോഷവശമാണു്. അതറിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അക്രമത്തോടു് എല്ലാവരും ആശിക്കുന്ന അതേ പ്രതികരണത്തിനു് ഇയാള്‍ മുതിര്‍ന്നേനേ. ഗുണ്ട കടലാസു ഗുണ്ടയായിരുന്നെങ്കില്‍ ഒതുങ്ങുവാനുള്ള ഒരു സാധ്യത ഉണ്ടായിവന്നേനെ. മറ്റൊരു വശത്തു നിന്നു നോക്കിയാല്‍ കരണ്ടുബില്ല്, മോന്‍ മുതലായകാര്യങ്ങളും ആദ്യ കക്ഷിയെ ഇതില്‍ നിന്നു പിന്തിരിപ്പിച്ചതായി മനസ്സിലാക്കാം. ആ പരാജയബോധം ആണു് അവനെ സുരേഷ്ഗോപിയുടെ പടം കാണിപ്പിക്കുന്നതും കൈയടിപ്പിക്കുന്നതും. ഇതിനും പ്രധാനഹേതു അയാള്‍ ഗുണ്ടയാണെന്ന അറിവാണു്.  
 
ശരി എന്നിട്ടും റെലവന്‍സി പറഞ്ഞില്ല.
 
എല്ലാ കാര്യങ്ങളും ഇത്രയേ ഉള്ളൂ. ഗുണ്ട എന്നതു പോലെ, എഴുത്തുകാരന്‍, അഭിനേതാവു്  മുതലായ അറിവുകള്‍ കൊണ്ടു് നമ്മള്‍ തന്നെ ചിലര്‍ക്കു് ഒരസാമാന്യരൂപമോ ശക്തിയോ കൊടുക്കുന്നു. ആരാധിക്കുന്നു. പരിചയപ്പെടാനും പിന്നെ എന്തിനെന്നുറപ്പില്ലാതെ അടുക്കാനും പ്രേരിപ്പിക്കുന്നു. അഥവാ സ്വാഭാവികമായി നമ്മള്‍ പെരുമാറുമായിരുന്ന വിധത്തില്‍ പെരുമാറാന്‍ കഴിവില്ലാതെയാക്കുന്നു. മോന്‍ കരണ്ടുബില്ല്, ഭാര്യ, ഭര്‍ത്താവു് തുടങ്ങിയവ പോലും വിസ്മരിച്ചാരാധിക്കുന്നതുവരെയെത്തും കാര്യങ്ങള്‍. 
 
പറഞ്ഞതു്, കാര്യങ്ങള്‍ ഈ വിധത്തില്‍ കണ്ടാല്‍  ആരാധനകള്‍ ഇല്ലാതാവുമെന്നല്ല. അതനാവശ്യമാണെന്ന തിരിച്ചറിവു കൊണ്ടതിനെ നിയന്ത്രിക്കാനാവും എന്നാണു്. റെലവന്റായോ?