ഗുണ്ട ഗുണ്ടയായിരിക്കുന്നതു് അവന്‍ ഗുണ്ടയായതു കൊണ്ടാണു്.
ഇതിലെന്തിത്ര പറയാനിരിക്കുന്നു?
പറയാം.
നിങ്ങള്‍ ബസ്സില്‍ യാത്രചെയ്യുകയാണു്. അപ്പോള്‍ ഒരുത്തന്‍ മനഃപൂര്‍വം നിങ്ങളുടെ കാലില്‍ ചവിട്ടിയെന്നിരിക്കട്ടെ. പ്രതികരണം ഏതു വിധത്തിലായിരിക്കും?
1) ചൂടാവും. കാലെടുക്കെടോ എന്നലറും
2) മാഷേ, കാലൊന്നെടുക്കാമോ?
3) പയ്യെ കാലു വലിച്ചെടുക്കും
ഈ മൂന്നും നിങ്ങളുടെ സ്വഭാവം അനുസരിച്ചിരിക്കും.
ഇനി നിങ്ങള്‍ ഒന്നാമത്തെ വകുപ്പുകാരനാണെന്നു കരുതുക. കാലില്‍ ചവിട്ടിയതു് ഒരു സ്ഥൂല/ദൃഢഗാത്രനും. സ്വാഭാവികമായും പ്രതികരണം രണ്ടിലേക്കോ മൂന്നിലേക്കോ മാറുന്നതു കാണാം.
മാറാതിരിക്കണമെങ്കില്‍ നിങ്ങളും തുല്ല്യ ബലവാനായിരിക്കണം.
ആണെന്നു കരുതുക. എന്നു വച്ചാല്‍ ചവിട്ടിയ ആളുടെ അത്രയും ബലമുണ്ടെന്നു കരുതുക. പ്രതികരണം 1) തന്നെയായിരിക്കും.
ഇനി ചവിട്ടിയ ആള്‍ ഒരറിയപ്പെടുന്ന ഗുണ്ട ആണെന്നു കരുതുക. നിങ്ങളുടെ പ്രതികരണം 2) 3) ആയി മാറും.
അതെന്തുകൊണ്ടു്?
ഒരടി നിങ്ങള്‍ മനസ്സില്‍ കാണുന്നു. ചുരുങ്ങിയ പക്ഷം ഒരു ബഹളം. വാക്കേറ്റം. അതിനു നിങ്ങള്‍ മാനസികമായി തയ്യാറെടുത്തിട്ടില്ല. എതിര്‍കക്ഷിക്കാവട്ടെ അതു തന്നെയാണു പണി. വാക്കേറ്റം മൂത്തു് അടിയായാല്‍ പിന്നെ പോലീസ്. പൊല്ലാപ്പു്. ഇന്നു തന്നെ കരണ്ടുബില്ലടയ്ക്കണം.മോനെ സ്ക്കൂളില്‍ കൊണ്ടുചെന്നാക്കണം. ഗുണ്ടയ്ക്കാണെങ്കില്‍ പോലീസോ ബഹളമോ ഓര്‍ത്താല്‍ സല്പേരു പോകും. പോലീസ്, ഇടി ഒക്കെ ജോലിയുടെ ഭാഗമാണു താനും. വക്കീലിനെതിരെ കേസുകൊടുക്കുന്നതിനു് ആളുകള്‍ മടിക്കുന്നതിനു പിന്നിലെ സേം സൈക്കോളജി.
ശരി. സംഗതിയുടെ റെലവന്‍സി പറഞ്ഞില്ല.
പറയാം. ഇവിടെ ബലവാനും ധൈര്യവാനും ആയിരുന്നിട്ടുകൂടി ഇയാളെ ഒന്നാം പ്രതികരണത്തില്‍ നിന്നു് പിന്തിരിപ്പിച്ചതു് എതിര്‍കക്ഷി ഗുണ്ടയാണെന്ന അറിവല്ലേ. ഇതു് അറിവിന്റെ ഒരു ദോഷവശമാണു്. അതറിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അക്രമത്തോടു് എല്ലാവരും ആശിക്കുന്ന അതേ പ്രതികരണത്തിനു് ഇയാള്‍ മുതിര്‍ന്നേനേ. ഗുണ്ട കടലാസു ഗുണ്ടയായിരുന്നെങ്കില്‍ ഒതുങ്ങുവാനുള്ള ഒരു സാധ്യത ഉണ്ടായിവന്നേനെ. മറ്റൊരു വശത്തു നിന്നു നോക്കിയാല്‍ കരണ്ടുബില്ല്, മോന്‍ മുതലായകാര്യങ്ങളും ആദ്യ കക്ഷിയെ ഇതില്‍ നിന്നു പിന്തിരിപ്പിച്ചതായി മനസ്സിലാക്കാം. ആ പരാജയബോധം ആണു് അവനെ സുരേഷ്ഗോപിയുടെ പടം കാണിപ്പിക്കുന്നതും കൈയടിപ്പിക്കുന്നതും. ഇതിനും പ്രധാനഹേതു അയാള്‍ ഗുണ്ടയാണെന്ന അറിവാണു്.
ശരി എന്നിട്ടും റെലവന്‍സി പറഞ്ഞില്ല.
എല്ലാ കാര്യങ്ങളും ഇത്രയേ ഉള്ളൂ. ഗുണ്ട എന്നതു പോലെ, എഴുത്തുകാരന്‍, അഭിനേതാവു് മുതലായ അറിവുകള്‍ കൊണ്ടു് നമ്മള്‍ തന്നെ ചിലര്‍ക്കു് ഒരസാമാന്യരൂപമോ ശക്തിയോ കൊടുക്കുന്നു. ആരാധിക്കുന്നു. പരിചയപ്പെടാനും പിന്നെ എന്തിനെന്നുറപ്പില്ലാതെ അടുക്കാനും പ്രേരിപ്പിക്കുന്നു. അഥവാ സ്വാഭാവികമായി നമ്മള്‍ പെരുമാറുമായിരുന്ന വിധത്തില്‍ പെരുമാറാന്‍ കഴിവില്ലാതെയാക്കുന്നു. മോന്‍ കരണ്ടുബില്ല്, ഭാര്യ, ഭര്‍ത്താവു് തുടങ്ങിയവ പോലും വിസ്മരിച്ചാരാധിക്കുന്നതുവരെയെത്തും കാര്യങ്ങള്‍.
പറഞ്ഞതു്, കാര്യങ്ങള്‍ ഈ വിധത്തില്‍ കണ്ടാല്‍ ആരാധനകള്‍ ഇല്ലാതാവുമെന്നല്ല. അതനാവശ്യമാണെന്ന തിരിച്ചറിവു കൊണ്ടതിനെ നിയന്ത്രിക്കാനാവും എന്നാണു്. റെലവന്റായോ?
1 comment:
നല്ല ചിന്ത!
Post a Comment