Tuesday, March 18, 2008

ചലഭജലബിംബിതമാം നേര്‍ശാഖിയില്‍ വളവധികമുണ്ടെന്നു് തോന്നുന്ന പോലവേ

ആപ്പീസില്‍ ഇന്നൊരു തമാശയുണ്ടായണ്ണാ.

കേള്‍ക്കട്ടെ.

ആപ്പീസിലെ ഫാക്സ് മെഷീന്‍ കേടുവന്നപ്പം ഞാന്‍ കമ്പനിയുമായി മെയിന്റനന്‍സ് കോണ്ട്രാക്റ്റ് ഉള്ള കമ്പനിയിലേക്കു് വിളിച്ചു. അവിടെ സെക്രട്ടറി പറയുന്നു, കോണ്ട്രാക്റ്റ് കാലാവധി അവസാനിച്ചിരിക്കുന്നു. ഒരു റിക്വസ്റ്റ് ഫാക്സ് അയച്ചാലേ നന്നാക്കാനാളെ അയക്കാനൊക്കൂ എന്നു്.

ഇതിലെന്താ തമാശ?

ഈ അണ്ണന്റെ ഒരു കാര്യം! ഫാക്സ് മെഷീനല്ലേ കേടായതു് പിന്നെങ്ങനെ ഫാക്സയക്കും?

അതു ശരിയാണല്ലോ, എന്നിട്ടു്?

പറഞ്ഞു പിടിച്ചതു ശരിയാക്കിച്ചു അത്രതന്നെ. പിന്നെ ഞാനാലോചിക്കുകയായിരുന്നു, ഇതു പോലെ തന്നെയല്ലേ മാനസിക രോഗങ്ങളും എന്നു്.
എന്നു വച്ചാല്‍?
ഒരാള്‍ക്കു് ശരീരത്തിനു് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അയാളതു തിരിച്ചറിയും. എന്നാല്‍ മനസ്സിനാണു രോഗം ബാധിക്കുന്നതെങ്കില്‍ മനസ്സു കൊണ്ടു തന്നെ വേണ്ടേ തിരിച്ചറിയാനും ചികിത്സതേടാനുമൊക്കെ? ഈ ഫാക്സ്മെഷീന്‍ നേരിട്ട അതേ പ്രശ്നം. സംഗതി ഗുരുതരം തന്നെ.
അനിയന്‍ പറഞ്ഞതു് ശരിയാണു്. പക്ഷേ സംഗതി യഥാര്‍ത്ഥത്തില്‍ അനിയന്‍ കരുതുന്നതിനേക്കാള്‍ ഭീകരമാണു്.
അതെന്താണു്?

മനുഷ്യന്‍ ഓരോ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണു് ഇതൊക്കെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു പറഞ്ഞുവല്ലോ. ഇതിന്റെ ഒരു കുഴപ്പം എല്ലാ‍ സംഗതികളെയും നമ്മള്‍ നമുക്കു മനസ്സിലായിട്ടുള്ള കാര്യങ്ങളിലേക്കു് ചുരുക്കിക്കൊണ്ടു വരുമെന്നതാണു്. എന്നിട്ടവകള്‍ വരുതിക്കു നില്‍ക്കാത്തതില്‍ അമ്പരന്നു പോകുന്നു. ഈ സങ്കല്‍പ്പങ്ങളുടെ ആകെ തുകയായ മനസ്സു കൊണ്ടാണു് ഇതിനെ മനസ്സിലാക്കുന്നതെന്ന കുഴപ്പം കൊണ്ടു് കാര്യങ്ങള്‍ വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നതായി ധരിച്ചു വശാകുന്നു. ഇളകിക്കൊണ്ടിരിക്കുന്ന ജലത്തില്‍ കാണപ്പെടുന്ന മരച്ചില്ലയ്ക്കു് അതിനുള്ളതിലുമധികം വളവുണ്ടെന്നു തോന്നുന്നതു പോലെ എന്നാണൊരു കവിയുടെ ഉപമ. ഒരനിയന്‍ എഴുതിയ കവിത വായിച്ചു നോക്കൂ.

കൊള്ളാം നല്ല കവിത. ശീലങ്ങള്‍ കൊണ്ടാണതുണ്ടാകുന്നതെന്നാണു കവി പറയുന്നതല്ലേ.

അതെ. ശീലമെന്നു പറയുമ്പോള്‍ തലമുറകള്‍ കൊണ്ടാര്‍ജ്ജിച്ചവകൂടിയുണ്ടതില്‍. സംസ്ക്കാരം എന്നു പറയുന്നതിലും തെറ്റില്ല. പലതിലും ഇത്തരം ആര്‍ജ്ജിതമാലിന്യങ്ങള്‍ ഓരോരുത്തരും വച്ചു പുലര്‍ത്തുന്നുണ്ടു്. എന്നാലിതു കൊണ്ടാണു് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതെന്നു് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. ജീവിതത്തിന്റെ മൂല്യങ്ങളെ നമ്മള്‍ ഇതേ ശീലം കൊണ്ടു് പലയിടങ്ങളിലായി നിക്ഷേപിച്ചു വച്ചിരിക്കുന്നു. എന്നിട്ടതു പിടിക്കാന്‍ നെട്ടോട്ടമോടുകയും ഇടയ്ക്കെവിടെയോ വച്ചു് പിടഞ്ഞു വീണു ചാവുകയും ചെയ്യുന്നു.

ദൈവമേ! ഭ്രാന്തു തന്നെ എല്ലാവര്‍ക്കും.

3 comments:

സുല്‍ |Sul said...

നല്ല പോസ്റ്റ് മാഷെ. ചിന്തക്കു വഴിവെക്കുന്നു.

ഓടോ : ആ തലേക്കെട്ട് 10 പ്രാവശ്യം ഇമ്പോസിഷന്‍ പറഞ്ഞ് (എഴുതിയിട്ടല്ല) പോസ്റ്റു ചെയ്യുക. (ഇതു വായിക്കുന്നതെങ്ങനെയെന്നറിയണമല്ലോ.:))
-സുല്‍

Umesh::ഉമേഷ് said...

ചലിതജലബിംബിതമായ നേര്‍ശാഖിയില്‍
വളവധികമുണ്ടെന്നു തോന്നുന്ന പോലവേ


എന്നല്ലേ ഇടപ്പള്ളി രാഘവന്‍ പിള്ള എഴുതിയതു്?

ഓ.ടോ.:
മനുജരിനിയെന്തൊക്കെയോതിയെന്നാലുമെന്‍
വനജയെ മറക്കുവാനാളല്ല നിര്‍ണ്ണയം...


എന്നാണു കവിത തുടങ്ങുന്നതു്. ആ എഴുതിയ കവി തന്നെ പിന്നെ തെറ്റു മനസ്സിലാക്കി

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!
തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ് തീര്‍ന്നവനാണു ഞാന്‍!
കുടിലു കൊട്ടാരമാകാനുയരുന്നു
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;
പ്രണയനാടകമെന്നുമിതു വിധം
നിണമണിച്ചിലിലെത്താതിരുന്നിടാ...


എന്നു വിലപിച്ചു തൂങ്ങിച്ചത്തു.

ഉപഗുപ്തന്‍ said...

വളരെ നന്ദി ഉമേഷ്.
അതു തിരുത്തി.

സുല്‍, ഇമ്പോസിഷന്‍ ഒരു വട്ടം എഴുതുക തന്നെ ചെയ്തു