Sunday, June 6, 2010

തന്നെത്തന്നെ തേടുന്നവര്‍

എന്താണനിയാ ചിരിച്ചു കൊണ്ടു?
ഏയ് ഒരു കോമഡി സീന്‍ കണ്ടു് വരുവാരുന്നു. നമ്മടെ സലിം കുമാര്‍ ഒരു പ്രാന്തനായി അഭിനയിക്കുന്ന പടം.
കോമഡി പറ.
കുറേ പ്രാന്തന്മാര്‍ ഓടുന്നു പുറകില്‍ കക്ഷിയും. ഇവനെ തടഞ്ഞു നിര്‍ത്തി ഒരാള്‍ എന്താണു വിഷയമെന്നാരായുന്നു.
"ഏയ് ഞാനീ പ്രാന്തന്മാരോടു പറഞ്ഞു അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെന്നു് അതാണീ മണ്ടന്മാരൊക്കെ ഓടുന്നതു്"
എന്നിട്ടു് നീയെന്തിനാണോടുന്നതെന്നായി മറ്റേയാള്‍
"ഇനിയിപ്പോ ശരിക്കും ബിരിയാണി കൊടക്കണുണ്ടെങ്കിലോ?"

കൊള്ളാം നല്ല ഫലിതം. മാധവിക്കുട്ടിയുടെ ഒരു ഇന്റര്‍വ്യൂ ഇന്നാള് കേട്ടതോര്‍മ്മ വന്നു.
അതെന്ത്?
താനാണോ തന്റെ കഥപാത്രമാണോ താന്‍ എന്നു് തനിക്കു് ശരിക്കറിയില്ലെന്നാണവര്‍ പറഞ്ഞതു്.
 
അണ്ണന്‍ മാധവിക്കുട്ടിയെപ്പോലൊരാള്‍ പറഞ്ഞതിനെ സലിം കുമാറിന്റെ ഫലിതവുമായി താരതമ്യം ചെയ്യുന്നത് ഒരു കളിയാക്കലല്ലേ?

കളിയാക്കിയതല്ലനിയാ. ഓരോരുത്തരും അവര്‍ക്കു കിട്ടുന്ന പ്രതികരണത്തില്‍ നിന്നാണു് അവരവരെ മെനഞ്ഞെടുക്കുന്നതെന്നനിയനറിയാമല്ലോ. രണ്ടിലും അതു തന്നെയാണു് സംഭവിച്ചിരിക്കുക എന്നു പറഞ്ഞെന്നു മാത്രം.

മനസ്സിലായില്ല.

ഉദാഹരണത്തിനു്, എനിക്കു പാട്ടുപാടാന്‍ കഴിവുണ്ടെന്നിരിക്കട്ടെ. പത്തു നൂറുപേര്‍ കൈയടിക്കുന്നതു വരെ എനിക്കു് ആ കാര്യത്തില്‍ വിശ്വാസം വരികയില്ല. ആ സ്ഥാനത്താണു് ഒരു ഗുരു അത്യാവശ്യമായി തീരുന്നതു്. നീ പഠിച്ചതു് ശരി എന്നു പറയുന്നതു വരെ അതറിയുന്നവരുടെ കൂട്ടത്തില്‍ അവനവനെ പെടുത്താന്‍ ഒരുത്തനു് പ്രയാസമാണു്. ഇങ്ങനെ ചെറുപ്പം മുതല്‍ക്കേ പലരില്‍ നിന്നുമായി നീ മെനഞ്ഞു മെനഞ്ഞു കൊണ്ടുവന്ന ഒരു സാധനമാണു് ഇപ്പോള്‍ നീ. ഈ വളര്‍ച്ച നിലയ്ക്കാ‍ത്തതാണ്.

പക്ഷേ അങ്ങനെ ഒരു അംഗീകാരം ഒരാള്‍ക്കാവശ്യമാണെന്നുണ്ടോ?
ഉണ്ടെങ്കില്‍ തന്നെ അതു കൊണ്ടു് മാധവിക്കുട്ടിയെപ്പോലെ ഒരാള്‍ എങ്ങനെയാണു് സ്വന്തം കഥാപാത്രമായി തന്നെ തന്നെ തെറ്റിദ്ധരിക്കുക?


ചോദ്യത്തിന്റെ ആ‍ദ്യഭാഗം ആദ്യം. അത് ഒരു ചെറിയ തിരിച്ചറിവിലൂടെ മനസ്സിലാക്കിത്തരാം. അനിയന്‍ ഐഡിയ സ്റ്റാര്‍സിംഗര്‍ കാണാറുണ്ടോ?

ഉണ്ടല്ലോ. അതു കണ്ടിട്ടല്ലേ ഇപ്പോ ഇറങ്ങിയത്.

ഓക്കെ. അതില്‍ പാട്ടുപാടുന്നതു് കേള്‍ക്കാനാണോ അതോ തീര്‍പ്പുകാരുടെ വിലയിരുത്തല്‍ കേള്‍ക്കാനാ‍ണോ അനിയനിഷ്ടം?

രണ്ടും ഒരുപോലെ തന്നെ ഇഷ്ടമാണു്.

അതു് മുഴുവന്‍ ശരിയല്ല.

അതെന്തു്?

പാട്ടു കേള്‍ക്കാനാണിഷ്ടമെങ്കില്‍ മറ്റനവധി ഷോകള്‍ സ്ഥിരമായി അനിയന്‍ കാണുന്നില്ലല്ലോ.

അതില്ല പക്ഷേ ഇതില്‍ ആ വിലയിരുത്തല്‍ കൂടെ ഉണ്ടല്ലോ.

അതെ. അപ്പോള്‍ വിലയിരുത്തല്‍ തന്നെയാണു് ഒരു പ്രധാന ഇഷ്ടം. ആ പ്രോഗ്രാമിന്റെ വ്യൂവര്‍ഷിപ്പും അതു തന്നെയാണു് കാണിക്കുന്നതു്.

അതു ശരിയാണെങ്കില്‍ തന്നെ അണ്ണനെന്താണു് പറഞ്ഞു വരുന്നതു്?

ആ വിലയിരുത്തലിനു് എന്താണു് ഇത്രയ്ക്കു് പ്രേക്ഷകരെന്നതാണു് ഞാനന്വേഷിക്കുന്നതു്. സംഗീതം ഭൂരിപക്ഷത്തിനു് താല്പര്യമുള്ള ഒരു കാര്യമാണു്. എന്നാല്‍ പലര്‍ക്കും തങ്ങള്‍ ശരിയായ സംഗീതാസ്വാദകരാണോ എന്നറിയാന്‍ വഴിയില്ല. ഇത്തരം പരിപാടികളിലൂടെ അവര്‍ക്കു് ഒരു അപ്രീസിയേഷന്‍ കിട്ടുകയാണു്. സ്വയം, "കൊള്ളാം നീ പറഞ്ഞ പോലെ തന്നെടേയ്" എന്നു് സ്വന്തം തോളത്തു് തട്ടാന്‍ കിട്ടുന്ന ഏക സന്ദര്‍ഭം. ആ ഒരു കാര്യമാണു് യഥാര്‍ത്ഥത്തില്‍ ഇതിന്റെ മാര്‍ക്കറ്റ്. പറഞ്ഞു വന്നതു്, ഇങ്ങനെ സ്വയം മെനയാന്‍ ലോകത്തെല്ലാവര്‍ക്കും താല്പര്യമാണു്. നമ്മള്‍ സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും വിദ്വാന്മാരിലൂടെയും ഒക്കെ ഇങ്ങനെ സ്വയം മെനഞ്ഞെടുക്കുകയാണു് വാസ്തവത്തില്‍ ചെയ്യുന്നതു്. നമ്മുടെ പെരുമാറ്റത്തിന്റെ ഒരു തുണ്ടു പോലും ഇങ്ങനെ സ്വയം മെനയുന്നതിന്റെ ഭാഗമാണു്. നമ്മുടെ പ്രതിച്ഛായ  തിരഞ്ഞു നടപ്പാണു് ജനിച്ച മുതല്‍ നാമോരോരുത്തരും. അങ്ങനെ അറിയുന്ന ഞാനാണു് ഞാനെന്ന അഭിമാനത്തിലാണു് ഞാനിരിക്കുന്നതു്. സത്യം മറ്റൊന്നാണു്. ഉള്ളിലിരിക്കുന്ന എന്നെ പുറത്തു തിരയുന്നതിലും വലിയ അബദ്ധമുണ്ടോ?

ശരി ഇനി രണ്ടാമത്തെ ഭാഗം പറഞ്ഞു തരൂ. ഇപ്പറഞ്ഞ സ്വയം മെനയലിന്റെ ഭാഗമായാണോ മാധവിക്കുട്ടിക്കു് തന്നെയും തന്റെ കഥാപാത്രങ്ങളെയും വേര്‍തിരിച്ചറിയാന്‍ പറ്റാതെ പോയതു്?

മാധവിക്കുട്ടി കഥാപാത്രങ്ങളെ താലോലിച്ചു് ജീവിച്ചതു് ഒന്നോ രണ്ടോ ദിവസമല്ല. ഒട്ടനവധി വര്‍ഷങ്ങളാണു്. ഓരോ കഥാപാത്രവും എങ്ങനെയിരിക്കണം എന്ന ധാരണയോടു കൂടി അതിനു വേണ്ടുന്ന തയ്യാറെടുപ്പോടെ അതിനു കിട്ടേണ്ട പ്രതികരണങ്ങള്‍ക്കായി അവതരിപ്പിക്കുകയാണു് ഒരു കഥാകാരി/രന്‍ ചെയ്യുന്നതു്. അതിന്റെ പ്രതികരണങ്ങള്‍ സ്വാംശീകരിക്കപ്പെടുന്നതു് വളരെ സ്വാഭാവികമായ ഒരു കാര്യമാണു്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു് നീളുന്ന കഥപാത്രങ്ങളെ അവരുടെ കഥകളില്‍ ധാരാളം കാണാന്‍ കഴിയും.

പക്ഷേ സലിം കുമാറിന്റെ കാര്യം അങ്ങനെയല്ലല്ലോ?

ബിരിയാണി കൊടുക്കുന്നുണ്ടെന്നുള്ള പ്രസ്താവത്തിനു കിട്ടിയ പ്രതികരണത്തിലാണു് ഒരു പക്ഷേ അങ്ങനെ ഉണ്ടാവുമോ എന്നയാള്‍ ചിന്തിച്ചു പോയതു്. കഥാകാരി സമര്‍പ്പിച്ചതൊരു വലിയ പ്രസ്താവമാണു്. 'എന്റെകഥ'യാവട്ടെ തന്നെക്കുറിച്ചുതന്നെയുള്ള ഒരു പ്രസ്താവം. കമലയുടേ ജീവിതത്തിനു് ചുറ്റും തന്നെയാണു് പലകഥകളും പിറന്നു വീണതു്. അതിന്റെ പ്രതികരണങ്ങളില്‍ സ്വാഭാവികമായും കമല തന്നെതന്നെ ഉണ്ടാക്കുകയായിരുന്നു. ആ രീതിയില്‍ ആരെങ്കിലും അവരെ പഠിച്ചിട്ടുണ്ടോ എന്നറിയില്ല. പഠിച്ചാല്‍ ഒന്നാന്തരം ഒരു പ്രബന്ധത്തിനു് വകുപ്പുണ്ടു് അതില്‍.

ഉം.

Thursday, January 22, 2009

ദുരയില്‍ വളരുന്ന കളകള്‍ ( കോട്ടിട്ടതും അല്ലാത്തതും)

കേട്ടോ അണ്ണാ. നമ്മടെ സൈലന്റ് വാലിയെ കേരളത്തിലെ വിസ്മയങ്ങളില്‍ ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നു.

അതെയോ? കൊള്ളാം. ആരാണു് തെരഞ്ഞെടുത്തതു്?

കേരളത്തിലെ ജനങ്ങള്‍. ഒരു ടിവി-ചാനല്‍ കമ്പനി നടത്തിയ വോട്ടെടുപ്പു് വഴി.

ആഹാ, എന്നിട്ടു് എനിക്കു് വോട്ടു ചെയ്യാന്‍ സാധിച്ചില്ലല്ലോ.

അതിനു് അണ്ണന്‍ ടിവി കാണാറില്ലല്ലോ. മൊബൈലും ഇല്ല.

ടിവി കാണാറൊക്കെയുണ്ടു്. അതിരിക്കട്ടെ മൊബൈല്‍ കൊണ്ടെങ്ങനെ വോട്ടു ചെയ്യും?

അതെളുപ്പമല്ലേ ചുമ്മാ എസ്സെമ്മസ് അയച്ചാല്‍ മതി.

അതിനു് കാശു ചെലവില്ലേ?

ഉണ്ടു്. അതു് ഒരു പ്രത്യേക നമ്പറിലാണയക്കേണ്ടതു്. അതിനു് 2-3 രൂപയാകുമെന്നു തോന്നുന്നു.

അതു ശരി. സാധാരണ എസ്സെമ്മസ്സിനൊന്നും അത്രയും ചെലവില്ലെന്നാണല്ലോ കേട്ടിട്ടുള്ളതു്.

ഉവ്വ. ഇതു പോള്‍ അല്ലേ? ഒരു കമ്മീഷന്‍ മൊബൈല്‍ കമ്പനിയ്ക്കുണ്ടാകുമല്ലോ

പോള്‍ നടത്തുന്നവര്‍ക്കും കിട്ടുമോ?

ഉവ്വ കിട്ടുമായിരിക്കും.

എത്ര കിട്ടും?

രണ്ടു രൂപയോ മറ്റോ ആയിരിക്കുമെന്നാണെന്റെ ഊഹം.

ഈ സൈലന്റ് വാലിക്കെത്ര വോട്ടു കിട്ടി?

28000-ത്തില്‍ പരം.

അപ്പോള്‍ മൊത്തത്തില്‍ ഏതാണ്ടു് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കിട്ടിക്കാണുമല്ലോ.

കാണും. ഏഴു സംഭവങ്ങളാണല്ലോ വോട്ടിനിട്ടതു്.

ആട്ടെ, ഇങ്ങനെ തെരഞ്ഞെടുത്തിട്ടു് എന്താണു മെച്ചം?

മെച്ചമെന്നു ചോദിച്ചാല്‍... ഇതിനെപ്പറ്റിയൊക്കെ ആളുകള്‍ ചര്‍ച്ച ചെയ്യും. പിന്നെ ഈ തെരഞ്ഞെടുക്കപ്പെട്ടതിനെയും മറ്റും സംരക്ഷിക്കാനായി പദ്ധതികള്‍ തയ്യാറാക്കും.

ആരു ചെയ്യും?

ഹ! ടീവീല്‍ ന്യൂസിലും മറ്റും ഒക്കെ വല്യ വല്യ ആളുകള്‍ വന്നു് സംസാരിക്കുന്നുണ്ടെന്നേ.

ഏതു ന്യൂസില്‍?

അതേ ചാനലിലെ ന്യൂസില്‍.

കൊള്ളാം. അപ്പോള്‍ തെരഞ്ഞെടുക്കപ്പെടാത്ത ബാക്കി ആറോ?

അതിനേം സംരക്ഷിക്കണം.

പിന്നെ ഈ പോള്‍ കൊണ്ടു കാര്യമെന്തു്? ചുമ്മാ സംരക്ഷിച്ചാല്‍ പോരേ? അല്ലെങ്കില്‍, ഈ വക സാധനങ്ങളൊക്കെ നശിച്ചു പോകുന്നു. നല്ലവരാ‍യ നാട്ടുകാര്‍ എസ്സെമ്മസ് അയച്ചാല്‍, അതില്‍ നിന്നുള്ള പണം കൊണ്ടു് ആ കാര്യങ്ങള്‍ ചെയ്തു് കണക്കു വിവരങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതാണു് എന്നു് തുറന്നു പറഞ്ഞാല്‍ പോരേ?

അണ്ണന്‍ ഇങ്ങനെ ദോഷൈകദൃക്കാവുന്നതെന്തിനു്?

എടാ. നിന്റെ കൈയില്‍ രണ്ടു പെന്‍സിലുണ്ടു്. ഒരാള്‍ വന്നിട്ടു് നിന്നോടു് " കൊള്ളാ‍മല്ലോ ഈ പെന്‍സിലുകള്‍ക്കു് നല്ല ഭംഗി ഇതിലേതിനാണു് കൂടുതല്‍ ഭംഗി എന്നു പറയാമോ?" എന്നു ചോദിക്കുകയാണെന്നിരിക്കട്ടെ. എന്നിട്ടു് രണ്ടു പെട്ടി നീട്ടി ഒന്നാമത്തേതിനാണു ഭംഗിയെങ്കില്‍ വലതു ഭാഗത്തെ പെട്ടിയില്‍ ഒരു രൂപയിടുക മറ്റേതിനാണെങ്കില്‍ ഇടതിലും എന്നു പറഞ്ഞാല്‍. നിന്റെ കൈയില്‍ നിന്നും ഒരു രൂപ പോയി എന്നല്ലാതെ എന്തു വ്യത്യാസമാണു് ഫലത്തില്‍ ഉണ്ടാവുക?

ശരി തന്നെ. പക്ഷേ ഇതങ്ങനെ ചുമ്മാ ഒരാളല്ലല്ലോ. ഒരു ടി വി കമ്പനി അല്ലേ?

ഇവിടെയാണു് കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയുന്നതില്‍ നമ്മള്‍ കാണിക്കുന്ന അനാസ്ഥ വ്യക്തമാവുന്നതു്. ഒരു ലക്ഷമിട്ടാല്‍ മൂന്നു മാസം കഴിയുമ്പോള്‍ രണ്ടുലക്ഷം തരാമെന്നു പറഞ്ഞൊരുത്തന്‍ വന്നാല്‍, ആര്‍ക്കൊക്കെ കിട്ടി?‎‏ പറഞ്ഞവനു നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടോ? എന്നൊക്കെ നോക്കുന്നതിനും എത്രയോ മുന്‍പു തന്നെ ആലോചിക്കേണ്ട കാര്യമാണു്, ഒരു ലക്ഷമിട്ടാല്‍ രണ്ടു ലക്ഷം തരുന്നതിനു് ഇവന്റെ തലയ്ക്കു് ഓളമുണ്ടോ? നമ്മളിവന്റെ പെങ്ങളെ കെട്ടിയ അളിയന്മാരാണോ അങ്ങനെ തരാന്?‍  എന്നൊക്കെ. അതു ചെയ്യില്ല. പകരം, തെക്കുമ്പ്രത്തെ മാപ്ലയ്ക്കു കിട്ടി. കുന്നത്തെ വക്കീല്‍ മൂന്നു ലക്ഷമിട്ടു, പത്തു നില കെട്ടിടത്തിലാണു് ഇവരുടെ ഓഫീസ്, എന്നതൊക്കെയാണു് നമ്മള്‍ അവലംബിക്കുന്ന മാനദണ്ഡം. എന്നെപ്പോലെ ദോഷൈകദൃക്കാവണമെന്നല്ല അനിയാ ഞാന്‍ പറഞ്ഞു വരുന്നതു്. പകരം, ദുരയ്ക്കു വശംവദരായി കയറെടുക്കുന്നതിനു മുന്‍പു്,  പരസ്പരം യോജിക്കുന്ന കാര്യങ്ങളാണോ ഇവര്‍ പറയുന്നതു് എന്നു സ്വയം ചിന്തിക്കാനാണു്.  അതെല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണു്. പറയുന്നതു് ആരോ ആവട്ടെ.

അപ്പോ പാട്ടുകാരെ തെരഞ്ഞെടുക്കുന്ന പരിപാടിക്കെസ്സെമ്മെസ്സയക്കുന്നതോ?

അതു പ്രത്യേകം പറയണോ? കണ്ണും മറ്റും ചൂഴ്ന്നെടുത്തു്, പാ‍ട്ടും പഠിപ്പിച്ചു് പിള്ളാരെ ട്രെയിനില്‍ പിച്ചയ്ക്കു വിടുന്നതിന്റെ ഒരു പോളിഷായ രൂപം മാത്രമാണതു്.

അങ്ങനെ പറയരുതു്. എത്ര പേരിതുകൊണ്ടു് പ്രശസ്തരായി. മറഞ്ഞു പോകുമായിരുന്ന എത്രയോ പ്രതിഭകളെ ലോകമറിഞ്ഞു. ഇത്തരം മത്സരങ്ങള്‍ ഉള്ളതു കൊണ്ടല്ലേ ഇതൊക്കെ സാധിക്കുന്നതു്?

ഇത്രയും കാര്യങ്ങള്‍ സാധിക്കാന്‍ ഇവര്‍ക്കു് എസ്സെമ്മെസ്സിന്റെ ആവശ്യമില്ലനിയാ. മറ്റു പരിപാടികള്‍ക്കെന്ന പോലെ തന്നെ പരസ്യം ഇതിനും കിട്ടുന്നുണ്ടല്ലോ. അമിതമായ ലാഭേച്ഛകൊണ്ടുണ്ടാക്കിയെടുത്ത ഒരു തട്ടിപ്പിനെയാണു് ഞാന്‍ സൂചിപ്പിച്ചതു്. അല്ലാതെ അങ്ങനെ ഒന്നോ രണ്ടോ പാട്ടുകാര്‍ക്കവസരമുണ്ടാവുന്നതിനോ ഒരു നല്ല പബ്ലിക് എന്റെര്‍ടെയിന്മെന്റിനോ ഞാനെതിരല്ല. ഇതു തന്നെ പറയാന്‍ കാരണം തട്ടിപ്പുകാരെപ്പോഴും മുഖം മൂടി ധരിച്ചു് കഥാപുസ്തകങ്ങളിലെ കൊള്ളക്കാരെപ്പോലെയല്ല വരിക എന്നു കാണിച്ചു തരാനാണു്. വലിയ തോതില്‍ തട്ടിപ്പു നടത്തുന്ന പല വന്‍ സ്ഥാപനങ്ങളുടെയും കഥകള്‍ പുറത്തു വന്ന ഈ സാഹചര്യത്തിലെങ്കിലും നമ്മളതറിഞ്ഞില്ലെങ്കില്‍ ഇനി എപ്പോഴാണറിയുക?

ശരി. പക്ഷേ ഈ സംഭവത്തില്‍ അണ്ണന്‍ പറഞ്ഞ ദുര ഒന്നുമില്ല.

ഇല്ലേ? നല്ല പാട്ടുകാരെ തെരഞ്ഞെടുക്കാന്‍ അവിടെ നാലും അഞ്ചും തീര്‍പ്പുകാരില്ലേ. എന്നിട്ടും, നിനക്കിഷ്ടമുള്ളയാള്‍ക്കോ നിനക്കു് പരിചയമുള്ളയാള്‍ക്കോ ഫ്ലാറ്റു ലഭിക്കണമെന്നുള്ളതു കൊണ്ടല്ലേ നീ എസ്സെമ്മെസ് അയക്കുന്നതു്. അതു ദുരയല്ലാതെ മറ്റെന്താണു്?

Thursday, January 15, 2009

കാലാതിവര്‍ത്തിയും കാലാനുവര്‍ത്തിയും തിരിച്ചറിയുന്നതിനുള്ള തടസ്സങ്ങള്‍

അണ്ണാ‍!



എവിടാരുന്നു?

ഇവിടെ ഒക്കെ തന്നെ ഉണ്ടാരുന്നു. നിന്നെയല്ലേ കാണാഞ്ഞതു്? പറയൂ. എന്തൊക്കെ ഉണ്ടു വിശേഷങ്ങള്‍?

ഒന്നുമില്ലണ്ണാ. സാമ്പത്തിക മാന്ദ്യം ബാധിച്ചിരിപ്പാണു്.

മാന്ദ്യമൊക്കെ മാറും. ഊതിവീര്‍പ്പിച്ച കുമിളകള്‍ക്കു് അവസാനം പൊട്ടുന്നതു കണ്ടിട്ടില്ലേ. അതുപോലൊരു പൊട്ടലാണിവിടെ. തരിപ്പൊക്കെ മാറും. നമ്മള്‍ വീണ്ടും ഊതാന്‍ തുടങ്ങും വീര്‍ക്കും പൊട്ടും.

വേറൊരു കാര്യം അണ്ണനെ കണ്ടു ചോദിക്കണമെന്നു കരുതിയതാ.

ഇതു നോക്കൂ

ഇതു കുറേ ചോദ്യമുണ്ടല്ലോ

ഓക്കെ! ചുരുക്കിപ്പറയാം. ഉത്തരത്തില്‍ ആറാമത്തേതു നോക്കൂ.

6) വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?
-ഈ കൊച്ചുദുനിയാവ് തീരുംവരേ ക്ഷമിക്കുക. (ഇതിനപ്പുറം ജീവിതമില്ല എന്ന് വിശ്വസിക്കുന്നവരെന്തിനാണ് മതവിധി നോക്കുന്നത്?)
-എന്നല്ലേ?

അതെ. പുരുഷനു വ്യഭിചാരമൊഴിവാക്കാന്‍ ബഹുഭാര്യത്വമാവാമെന്നിരിക്കേ സ്ത്രീയുടെ വികാരപൂര്‍ത്തീകരണം പറയുമ്പോള്‍ മാത്രം ദുനിയാവു മൊത്തം ചെറുതായിപ്പോയതെങ്ങനെ എന്നു പറഞ്ഞു തരാമോ?

ഹൌ! എനിക്കറിയില്ല കണ്ണാ.
ഈ നിയമങ്ങളെക്കുറിച്ചാണു് നിന്റെ ചോദ്യമെങ്കില്‍, ഒരു പത്തുനൂറു വര്‍ഷം മുന്‍പു് കേരളത്തിലെ തന്നെ സാമൂഹ്യസാഹചര്യങ്ങള്‍ എനിക്കു് ഊഹിക്കാവുന്നതിലുമപ്പുറമാണു്. ആട്ടുവിളി, മണ്ണാപ്പേടി ഇത്യാദി വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാ‍ന്‍ തന്നെ സമയമെടുക്കുന്നു. പിന്നെ എങ്ങനെ ആയിരത്തി അഞ്ഞൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന, എനിക്കു് യാതൊരു പിടിയുമില്ലാത്ത ഒരു ഭൂപ്രദേശത്തെ ആളുകളുടെ ഇടയിലുണ്ടായ നിയമത്തപ്പറ്റി ഞാനെന്തെങ്കിലും പറയും? ചിലപ്പോള്‍, കൊള്ളികളെ മാറ്റിവച്ചാല്‍ പിന്നെ തീപ്പെട്ടിയേയും അതു വഴി തീപ്പിടിത്തത്തേയും ഭയക്കേണ്ടതില്ലല്ലോ എന്നാവാം അതിനക്കാലത്തുള്ള ന്യായം.

അതല്ല. ആ നിയമങ്ങള്‍ക്കു് സര്‍വ്വകാലപ്രാധാന്യമുണ്ടെന്നുള്ള വാദത്തെപ്പറ്റിയാണു് എനിക്കുള്ള സംശയം.

അതോ? ഒരു ഭരണാധികാരി അല്ലെങ്കില്‍ നേതാവു് സാമൂഹ്യ കെട്ടുറപ്പിനു വേണ്ടി നടപ്പില്‍ വരുത്തുന്ന നിയമങ്ങള്‍ എപ്പോഴും കര്‍ശനസ്വഭാവം ഉള്ളതായിരിക്കണം. ഇതിനായി എല്ലാക്കാലത്തേക്കും ബാധകമെന്നും ഇതവസാന വാക്കെന്നും പറയുന്നതു് വളരെ സ്വാഭാവികമാണു്. വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമമായതു കൊണ്ടു് നിയമവും അതിനോടനുബന്ധിച്ച വാക്കുകളും നൂറ്റാണ്ടുകളിലേക്കു് സഞ്ചരിച്ചെത്തും. ഇങ്ങനെ എത്തിയ നിയമത്തെ മാറിയ സാഹചര്യത്തില്‍ കാണുന്ന വിശ്വാസി ആദ്യം അമ്പരക്കും. പിന്നെ ഈ നിയമത്തെയും അതിന്റെ രക്ഷാകവചമായ വാക്കുകളേയും തിരസ്ക്കരിക്കുന്നതു് വിശ്വാസത്തെ ഹനിക്കുന്നതാണെന്നു ഭയക്കും. പിന്നെ വിശ്വാസത്തെ സംരക്ഷിക്കേണ്ടതു് അവന്റെ കൂടെ ബാധ്യതയാണെന്ന മൂഢധാരണയില്‍ നിയമങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇതു് ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ക്കു് അനിവാര്യമായ ഒരു പ്രക്രിയയാണു്.

ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതു് മതപണ്ഡിതന്മാരല്ലേ?

അതെ. എന്നാല്‍ അണ്ണാരക്കണ്ണനും തന്നാലായതു് എന്നതു പോലെ അവരവര്‍ക്കായവിധത്തില്‍ ഓരോ വിശ്വാസിയും അതിന്റെ ഭാഗഭാക്കാവും. അനിയന്‍ കാണിച്ചു തന്ന പോസ്റ്റിലെ പല ഉത്തരങ്ങളും അതിനുദാഹരണങ്ങളാണു്. വിശ്വാസം സ്വത്വത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒരാള്‍ക്കു് അതിന്റെ നിയമങ്ങളുടെ പരാജയം നേതാവിന്റെ പരാജയമായും അവനവന്റെ പരാജയമായും അനുഭവപ്പെടും. അതു വേദനയെ ഉണ്ടാക്കും. അതില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ കാണിക്കുന്ന വ്യഗ്രത പുറമേയുള്ളവര്‍ക്കു് മനസ്സിലായിക്കൊള്ളണമെന്നില്ല. ഗ്രന്ഥങ്ങളെ കാലികമായി സമീപിക്കണമെന്നറിയാവുന്ന വിശ്വാസികള്‍ക്കും വിശ്വാസത്തിനു പുറമേയുള്ളവര്‍ക്കും മുന്‍പില്‍ ഇത്തരം മറുപടികള്‍ എന്തു മാത്രം അപഹാസ്യമായ ഒരു ചിത്രമാണു നല്‍കുക എന്നതു് ഇങ്ങനെ പറയുന്നവര്‍ക്കും മനസ്സിലാവില്ല. മനസ്സിലാവുമെങ്കില്‍, പുരുഷനു് സ്ത്രീയുടെ ആര്‍ത്തവകാലമാ‍യ കുറച്ചു ദിവസങ്ങളോ പ്രസവകാലമാ‍യ കുറച്ചു മാസങ്ങളോ സഹിക്കാന്‍ കഴിയുകയില്ലെന്നു് മനസ്സിലാക്കി ബഹുഭാര്യത്വം സാധ്യമാക്കിക്കൊടുത്ത, എന്നാല്‍ ഒരായുഷ്ക്കാലം മുഴുവന്‍ സഹിക്കാന്‍ സ്ത്രീയോടാവശ്യപ്പെടുന്ന, ഒരു ദൈവം ഈ നൂറ്റാണ്ടില്‍ തങ്ങളുടെ മുഖം എത്ര വികൃതമാക്കുമെന്നു് മനസ്സിലാക്കാന്‍ ഇവര്‍ക്കു കഴിയേണ്ടതല്ലേ?

ഇവരോടു് നമുക്കന്തു പറയാനാവും? എങ്ങനെ തിരുത്തും?

എന്തു തന്നെ പറഞ്ഞാലും ഇവരെ തിരുത്താന്‍ കഴിയുകയില്ല. ഇസ്ലാം വിശ്വാസപ്രകാരം ഹിദായത്തു് ( നേര്‍വഴി) നല്‍കേണ്ടവന്‍ അള്ളാഹുവാണെന്നാണു്. ഇവരെ പടച്ചവന്‍ തന്നെ രക്ഷിക്കണം.

ഹി ഹി. അണ്ണനെപ്പറ്റി ആ സഹോദരന്മാരും അതു തന്നെ പറയും.
 
തീര്‍ച്ചയായും. എനിക്കതൂഹിക്കാന്‍ കഴിയും. ദുര്‍ബ്ബലമായ വ്യാഖ്യാനങ്ങള്‍ കൊണ്ടു് മതത്തിലെ പഴുതുകളടയ്ക്കാന്‍ മുതിരാതെ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു് ആര്‍ജ്ജവമുള്ള വിശ്വാസികളായിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നേ എനിക്കു പ്രാര്‍ത്ഥിക്കാനുള്ളൂ.

Wednesday, July 2, 2008

പാഠപുസ്തകം കത്തിക്കണം

ആകെ അലങ്കോലമായണ്ണാ.

എന്തുപറ്റി?

ഏഴാംക്ലാസിലെ പാഠപുസ്തകത്തിലെ പാഠങ്ങളെ ചൊല്ലി പ്രശ്നങ്ങളു നടക്കുന്നതണ്ണനറിഞ്ഞില്ലേ? പുസ്തകം കത്തിക്കുന്നൂ. ലേഖനങ്ങളെഴുതുന്നൂ. ഇതൊന്നും അണ്ണനറിഞ്ഞില്ലെന്നുണ്ടോ?

ഉവ്വ. അറിഞ്ഞു.

ഇങ്ങനെ നാടു കുട്ടിച്ചോറാക്കാന്‍ ചില മതാധികാരികളും അവര്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കുറേ രാഷ്ട്രീയക്കാരുമുണ്ടായാല്‍ നാമെന്തു ചെയ്യും? എന്തു വിവരക്കേടാണവര്‍ പറയുന്നതു്. പുസ്തകം കത്തിക്കാന്‍ മാത്രമെന്തെങ്കിലും അതിലുണ്ടെങ്കില്‍ ശരിയെന്നു വക്കാം.ജീവന്‍ എന്ന പാഠത്തില്‍ മതം നിര്‍ബന്ധമില്ല എന്നു പറയുന്നുണ്ടു്. ഇസ്ലാം മതം വേണ്ടന്നോ, കൃസ്തു മതം വേണ്ടെന്നോ, ഹിന്ദുമതം വേണ്ടെന്നോ, എല്ലാവരും മതമുപേക്ഷിക്കമെന്നോ  അതിലില്ല. അല്പമെങ്കിലും വിവരമുള്ളവര്‍ ചെയ്യുന്ന പണിയാണോ ഇതു്? അണ്ണനെന്താ ഒന്നും മിണ്ടാത്തതു്?

പുസ്തകം കത്തിക്കണം!

ങേ?!

അതെ. പുസ്തകം കത്തിക്കുക തന്നെ വേണം എന്നാണെന്റെ അഭിപ്രായം. ഇത്രയും വലിയ മണ്ടത്തരം അതിലെഴുതിപ്പിടിപ്പിക്കാന്‍ ബുദ്ധിമാന്മാരെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെങ്ങനെ കഴിഞ്ഞു? തെറ്റു ബോദ്ധ്യപ്പെടുത്താന്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രബുദ്ധരായ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നതു കണ്ടിട്ടും ഇവര്‍ക്കൊന്നും മനസ്സിലായില്ലെന്നുണ്ടോ? കത്തിക്കണം. കത്തിച്ചു നാമാവശേഷമാക്കണം. സമ്മതിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തണം. പൊതു മുതല്‍ നശിപ്പിക്കണം. അടിച്ചമര്‍ത്താന്‍ ഏതു സര്‍ക്കാരു വിചാരിച്ചാലും കഴിയാത്തവണ്ണം സംഘടിക്കണം. കണ്ണിനു കണ്ണു് പല്ലിനു പല്ല്. സര്‍ക്കാരിനും ഒപ്പം അവരെ അനുകൂലിക്കുന്ന ജനങ്ങള്‍ക്കും ബാധിച്ച തെറ്റു് അവര്‍ക്കു മനസ്സിലാകും വരെ സമരം ചെയ്യണം എന്നാണെനിക്കു പറയാനുള്ളതു്. ഈ പുസ്തകത്തിലെന്നല്ല മേലിലൊരാളും ഒരിടത്തും എല്ലാ മതങ്ങളും നന്മയ്ക്കു് എന്നു പറഞ്ഞു പോകരുതു്. മതത്തിനു മറ്റു പല ഉദ്ദേശ്യങ്ങളും കാണും. സമരസഖാക്കള്‍ക്കെന്റെ എല്ലാ ആശംസകളും.

അതു ശരി.ഞാനോര്‍ത്തു...

കണ്ണാ മതം എന്ന ഈ ഘടനയുണ്ടല്ലോ- ഞാന്‍ പറയുന്നതു് മതം = അഭിപ്രായം എന്ന മതമല്ല. ഇന്നു നാം കണ്ടു പോരുന്ന പുരോഹിതരാല്‍ നിയന്ത്രിക്കപ്പെട്ട ഒരു മതസംഘടനയാണു് - അതു് നിലനില്‍ക്കുന്നതെന്തിലാണെന്നറിയാമോ?

ഉവ്വ്, അതിന്റെ ഗ്രന്ഥങ്ങളില്‍. അതിന്റെ ആശയങ്ങളില്‍ പിന്നെ അതിന്റെ വിശ്വാസത്തില്‍. അല്ലേ?

എന്നാണു വയ്പു് എന്നാലങ്ങനെയല്ല. ശുദ്ധമായി പറഞ്ഞാല്‍ മതം നിലനില്‍ക്കുന്നതു് ഭയത്തിലാണു്. മതങ്ങള്‍ പലതും സൃഷ്ടിക്കപ്പെട്ടതു തന്നെ ഭയത്തിന്മേലാണു്. നരകം പാപം എന്നിങ്ങനെയുള്ള ഭയങ്ങളില്‍.

അതെ ശരിയാണു് നരകം ശിക്ഷ എന്നീ വിചാരങ്ങളുണ്ടാവുമ്പോഴാണല്ലോ, നല്ലതു ചെയ്യണമെന്നും തിയ്യതു്‍ വിരോധിക്കണമെന്നും സാമാന്യജനം വിചാരിക്കുന്നതു്. അല്ലാത്തപക്ഷം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിവിശേഷമുണ്ടാവുകയില്ലേ?

ഇന്നത്തെ സാമൂഹ്യസ്ഥിതിയിലും അതങ്ങനെ തന്നെയാണോ എന്നെനിക്കു് സംശയമുണ്ടു്. നിയമവും അതിനു പാലകരും ഉള്ള വ്യവസ്ഥയില്‍ കയ്യൂക്കുള്ളവനെയല്ല പേടിക്കേണ്ടതു്. അതവിടെ നില്‍ക്കട്ടെ നമുക്കു വിഷയത്തിലേക്കു വരാം. നരകം ശിക്ഷ എന്ന ഭയം നല്ലതു ചെയ്യാനും മറ്റുമായി മാത്രമാവുന്നില്ല. ഇതൊക്കെയാണു് നല്ലതെന്നും ഈപറഞ്ഞതൊക്കെ സത്യമാണെന്നും വിശ്വസിക്കുന്നവരും അതല്ലാ‍ത്തവരുമുണ്ടു്. അപ്പോള്‍ ഈ ഭയം നിലനിര്‍ത്തണമെങ്കില്‍ വിശ്വാസം നിലനിര്‍ത്തണം. അതിനു് ഇതില്‍ വിശ്വസിക്കാത്തവരും നരകത്തിലാണെന്ന വകുപ്പേര്‍പ്പെടുത്തി. അങ്ങനെ ഭയം കൊണ്ടു തെന്നെ ഒരു വേര്‍തിരിവും സൃഷ്ടിച്ചില്ലേ? 

ഉവ്വു്.

ആ ഭയത്തിലാണു് മതം ഒരു സംഘടനയായി നില്‍ക്കുന്നതു്. നരകഭയം കൂടാതെ ഭയക്കേണ്ടതേതിനെയൊക്കെ എന്നു മതാധിപന്മാര്‍ തീരുമാനിക്കുമെന്നു മാത്രം. ഹിന്ദുക്കളെ ഭയക്കൂ. മുസല്‍മാനെ ഭയക്കൂ. കൃസ്ത്യാനികളെ ഭയക്കൂ‍. നിരീശ്വരവാദികളെ ഭയക്കൂ. എന്തിനു് സുനാമി പോലുള്ള ദുരന്തങ്ങളു വരെ ജനങ്ങളില്‍ ഭയപ്പാടുണ്ടാക്കാന്‍ ഇവരുപയോഗിക്കുന്നു. പരുന്തിനെ കണ്ട തള്ളക്കോ‍ഴി ക്വക് ക്വക് എന്നു പറയുമ്പോള്‍ ചിറകിനടിയിലൊളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ‍ ഈ വിശ്വാസങ്ങളുടെ കീഴില്‍ ജനിക്കാനിടയായ സാധുക്കള്‍ പുരോഹിതര്‍ ചൂണ്ടിക്കാണിക്കുന്ന ശത്രുവില്‍ നിന്നും പാഞ്ഞൊളിക്കുന്നു. അതു സംഘടനയുടെ ഉറപ്പാകുന്നു. ഉയര്‍ന്നു പറക്കുന്ന ഭയപ്പാടിനു താഴെ പുരോഹിതന്‍  ശക്തനാവുന്നു.

ഈ ശക്തനു് അധികാരത്തിന്റെ ശക്തി കൂടി വേണം. കാരണം, ഭരണഘടനയും അതിന്റെ നിയമങ്ങളും മതത്തിന്റേതല്ല. അപ്പോള്‍ അവനു് രാഷ്ട്രീയ പാര്‍ട്ടി വേണം. കൂട്ടു വേണം. പണം വേണം. അതിനു് സ്ക്കൂളും മെഡിക്കല്‍ കോളെജും വേണം. സ്വന്തം അധികാരവിന്യാസത്തിനു് തടസ്സം നില്‍ക്കുന്നതിനെ എതിര്‍ക്കുകയും വേണം. അങ്ങനെ ഒരുപാടു് ലക്ഷ്യത്തോടെ അവരു പ്രവര്‍ത്തിക്കുമ്പോള്‍ ആണു്, മതം ഒരു അവശ്യവസ്തുവല്ല എന്നു പഠിപ്പിച്ചു കൊണ്ടു് ഒരു നിരീശ്വര പാര്‍ട്ടി വരുന്നതു്. ഇതൊക്കെ ആരെങ്കിലും പഠിച്ചാല്‍ ഇല്ലാ‍താകുന്നതു് ആണിക്കല്ലായ ഭയമാണു്. ഞാനോ നീയോ ആണെങ്കില്‍ അനുവദിക്കുമോ?

ഇല്ല.

അത്രയേ ഉള്ളൂ. അവരതു ചെയ്യട്ടെ. ഈ കോലാഹലം കണ്ടു് ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും ഉള്‍വെളിച്ചം കിട്ടിയാല്‍ പാഠപുസ്തകം വായിച്ചു കിട്ടുന്നതിന്നെക്കാള്‍ പ്രകാശം കിട്ടും. കേരളത്തിലെ കുഞ്ഞു കുട്ടികള്‍ക്കുവരെ ഇവരു കത്തിക്കുന്നതില്‍ നിന്നും വെളിച്ചം കിട്ടട്ടേ.

ആമേന്‍.

Monday, April 28, 2008

മനശ്ശാന്തി ലഭിക്കാന്‍ യോഗാസനം മതിയോ?

അണ്ണാ‍, ഈ യോഗ ചെയ്താല്‍ ക്ഷമ കൂടുമോ?

എന്തിനാണിപ്പോള്‍ ക്ഷമ അത്യാവശ്യമായി വന്നിരിക്കുന്നതു്?

അല്ല, എനിക്കീയിടെയായി വല്ലാത്ത ദേഷ്യം. ഓഫീസിലുള്ളവരോടും ഭാര്യയോടുമൊക്കെ തട്ടിക്കയറുന്നു. ക്ഷമ ലഭിക്കാന്‍ യോഗ ശീലിച്ചാല്‍ മതിയെന്നു് എന്റെ ഒരു സുഹൃത്തു പറഞ്ഞു. അണ്ണനോടു ചോദിച്ചിട്ടാ‍വാമെന്നു കരുതി. മയൂരാസനം മുതലായവയൊക്കെ പഠിക്കണം.

കണ്ണാ, യോഗ ചെയ്യണമെങ്കില്‍ തന്നെ നല്ല ക്ഷമ വേണം. ദിവസത്തില്‍ പത്തു പതിനഞ്ചു മിനിട്ടു് ചമ്രം പടിഞ്ഞിരുന്നു് ശ്വാസം വലിക്കാനും ചത്തപോലെ കിടക്കാനും കഴിയുമെങ്കില്‍ അവനു് നല്ല ക്ഷമയുണ്ടെന്നുള്ളതു തീര്‍ച്ചയാണു്. ഒരു തളപ്പുണ്ടായിരുന്നെങ്കില്‍ തെങ്ങില്‍ കയറി തേങ്ങപിരിച്ചു പൊതിച്ചു് അതിന്റെ ചകിരിയില്‍ നിന്നു നാരെടുത്തൊരു തളപ്പുണ്ടാക്കാമായിരുന്നു എന്നു പറഞ്ഞതു പോലെയേ ഉള്ളൂ ഇതും

ഹ ഹ അപ്പോള്‍ യോഗ കൊണ്ടു് പ്രത്യേകിച്ചു് ഗുണമൊന്നുമില്ലെന്നാണോ?

അല്ല. അടിസ്ഥാനപരമായി നിന്റെ പ്രശ്നം മനുഷ്യനുണ്ടായിരിക്കേണ്ട പരസ്പരബഹുമാനം കുറഞ്ഞു തുടങ്ങിയെന്നതാണു്. ഇതിനു പല കാരണങ്ങളുണ്ടാവാം. നിന്നോടു സ്ഥിരമായി തട്ടിക്കയറുന്ന ആരോ നിനക്കും അതു ചെയ്യാം എന്ന തോന്നല്‍ നിന്നിലുണ്ടാക്കിയിട്ടോ, ഇപ്രകാരം തട്ടിക്കയറുമ്പോഴുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചു നീ ശരിയായി ബോധവാനല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ശാരീരികമായ അസ്വസ്ഥതകള്‍ കൊണ്ടോ ഒക്കെ ഇതു സംഭവിക്കാം. അതു വിശകലനം ചെയ്തു മനസ്സിലാക്കിയില്ലെങ്കിലും, പരസ്പരബഹുമാനം കുറയാന്‍ പാടുള്ളതല്ല എന്നും അതു് സംഭവിക്കുന്നതു തടയണം എന്നുമുള്ള തിരിച്ചറിവു് ആവശ്യമാണു്. ഇതില്ലാതെ വല്ലയിടത്തും ചെന്നിരുന്നു് ശ്വാസം വലിച്ചതു കൊണ്ടു് കാര്യമുണ്ടെന്നു് തോന്നുന്നില്ല.

ഈ കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദിവസത്തില്‍ ഇത്തിരി നേരം, അതിനു സഹായിക്കണേ എന്നു് ദൈവത്തോടു പറയുക. അല്ലെങ്കില്‍ ആയാസമില്ലാത്ത ഒരു രീതിയില്‍ ഇരുന്നു് ആപ്പീസ് - വീടു് - പണം - പത്രാസ് എന്ന പാച്ചിലില്‍ മൂല്യവത്തായ ചിലതു് നഷ്ടപ്പെടാതിരിക്കാനായി  കുറച്ചു സമയത്തേക്കു് മനസ്സിനെ വിടര്‍ത്തിയെടുക്കുക. ഇതിനാണു് യോഗാസനങ്ങളുടെ സഹായം വേണ്ടതു്.  മയിലിന്റെ ശരീരഘടനയക്കനുസരിച്ചു് അതിരിക്കുന്ന രീതിയില്‍ മനുഷ്യനിരുന്നാല്‍ മനസ്സമാധാനം കിട്ടുമെന്ന തോന്നല്‍ അനിയനു മാത്രമല്ല, യോഗ പഠിപ്പിക്കുന്ന ചിലര്‍ക്കുമുള്ളതാണു്. ആത്മാവില്‍ ബലമില്ലാതെ അതിനു ചുറ്റും ഉരുക്കുകോട്ട പണിയുന്നവന്‍ കാട്ടുതീ വരുന്നേ എന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിയോടിപ്പോകും. പണിഞ്ഞതത്രയും വൃഥാവിലാവുകയും ചെയ്യും.

അനിയനു ഞാനൊരു കഥപറഞ്ഞു തരാം.
ഒരിക്കല്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ അടുക്കല്‍ ഒരു സ്വാമി എത്തിയത്രേ. ആശ്രമ സമീപത്തുള്ള നദിക്കുമുകളിലൂടെ നടന്നാണദ്ദേഹമെത്തിയതെന്നറിഞ്ഞിട്ടും ഒരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശ്രീരാമകൃഷ്ണപരമഹംസരോടു് സ്വാമി താന്‍ പതിനാറു കൊല്ലം യത്നിച്ചിട്ടാണീവിദ്യ സ്വായത്തമാക്കിയതെന്നു പ്രത്യേകം പറഞ്ഞുവത്രേ. ഉടനേ പരമഹംസര്‍ പറഞ്ഞുവത്രേ "ആ കടത്തുകാരനു പതിനാറുകാശു കൊടുത്താല്‍ മതിയായിരുന്നല്ലോ" എന്നു്.

ഇതു നടന്നതാണോ?

അറിയില്ല.

എന്തായാലും ഞാനിനി യോഗ ഒന്നും പഠിക്കാന്‍ പോകുന്നില്ലണ്ണാ.

ഹേയ് ഞാനീ പറഞ്ഞതിനര്‍ത്ഥം യോഗ പഠിക്കരുതു് എന്നല്ലല്ലോ. ഇതറിഞ്ഞിട്ടു പോകൂ എന്നല്ലേ.

Tuesday, March 18, 2008

ചലഭജലബിംബിതമാം നേര്‍ശാഖിയില്‍ വളവധികമുണ്ടെന്നു് തോന്നുന്ന പോലവേ

ആപ്പീസില്‍ ഇന്നൊരു തമാശയുണ്ടായണ്ണാ.

കേള്‍ക്കട്ടെ.

ആപ്പീസിലെ ഫാക്സ് മെഷീന്‍ കേടുവന്നപ്പം ഞാന്‍ കമ്പനിയുമായി മെയിന്റനന്‍സ് കോണ്ട്രാക്റ്റ് ഉള്ള കമ്പനിയിലേക്കു് വിളിച്ചു. അവിടെ സെക്രട്ടറി പറയുന്നു, കോണ്ട്രാക്റ്റ് കാലാവധി അവസാനിച്ചിരിക്കുന്നു. ഒരു റിക്വസ്റ്റ് ഫാക്സ് അയച്ചാലേ നന്നാക്കാനാളെ അയക്കാനൊക്കൂ എന്നു്.

ഇതിലെന്താ തമാശ?

ഈ അണ്ണന്റെ ഒരു കാര്യം! ഫാക്സ് മെഷീനല്ലേ കേടായതു് പിന്നെങ്ങനെ ഫാക്സയക്കും?

അതു ശരിയാണല്ലോ, എന്നിട്ടു്?

പറഞ്ഞു പിടിച്ചതു ശരിയാക്കിച്ചു അത്രതന്നെ. പിന്നെ ഞാനാലോചിക്കുകയായിരുന്നു, ഇതു പോലെ തന്നെയല്ലേ മാനസിക രോഗങ്ങളും എന്നു്.
എന്നു വച്ചാല്‍?
ഒരാള്‍ക്കു് ശരീരത്തിനു് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അയാളതു തിരിച്ചറിയും. എന്നാല്‍ മനസ്സിനാണു രോഗം ബാധിക്കുന്നതെങ്കില്‍ മനസ്സു കൊണ്ടു തന്നെ വേണ്ടേ തിരിച്ചറിയാനും ചികിത്സതേടാനുമൊക്കെ? ഈ ഫാക്സ്മെഷീന്‍ നേരിട്ട അതേ പ്രശ്നം. സംഗതി ഗുരുതരം തന്നെ.
അനിയന്‍ പറഞ്ഞതു് ശരിയാണു്. പക്ഷേ സംഗതി യഥാര്‍ത്ഥത്തില്‍ അനിയന്‍ കരുതുന്നതിനേക്കാള്‍ ഭീകരമാണു്.
അതെന്താണു്?

മനുഷ്യന്‍ ഓരോ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണു് ഇതൊക്കെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു പറഞ്ഞുവല്ലോ. ഇതിന്റെ ഒരു കുഴപ്പം എല്ലാ‍ സംഗതികളെയും നമ്മള്‍ നമുക്കു മനസ്സിലായിട്ടുള്ള കാര്യങ്ങളിലേക്കു് ചുരുക്കിക്കൊണ്ടു വരുമെന്നതാണു്. എന്നിട്ടവകള്‍ വരുതിക്കു നില്‍ക്കാത്തതില്‍ അമ്പരന്നു പോകുന്നു. ഈ സങ്കല്‍പ്പങ്ങളുടെ ആകെ തുകയായ മനസ്സു കൊണ്ടാണു് ഇതിനെ മനസ്സിലാക്കുന്നതെന്ന കുഴപ്പം കൊണ്ടു് കാര്യങ്ങള്‍ വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്നതായി ധരിച്ചു വശാകുന്നു. ഇളകിക്കൊണ്ടിരിക്കുന്ന ജലത്തില്‍ കാണപ്പെടുന്ന മരച്ചില്ലയ്ക്കു് അതിനുള്ളതിലുമധികം വളവുണ്ടെന്നു തോന്നുന്നതു പോലെ എന്നാണൊരു കവിയുടെ ഉപമ. ഒരനിയന്‍ എഴുതിയ കവിത വായിച്ചു നോക്കൂ.

കൊള്ളാം നല്ല കവിത. ശീലങ്ങള്‍ കൊണ്ടാണതുണ്ടാകുന്നതെന്നാണു കവി പറയുന്നതല്ലേ.

അതെ. ശീലമെന്നു പറയുമ്പോള്‍ തലമുറകള്‍ കൊണ്ടാര്‍ജ്ജിച്ചവകൂടിയുണ്ടതില്‍. സംസ്ക്കാരം എന്നു പറയുന്നതിലും തെറ്റില്ല. പലതിലും ഇത്തരം ആര്‍ജ്ജിതമാലിന്യങ്ങള്‍ ഓരോരുത്തരും വച്ചു പുലര്‍ത്തുന്നുണ്ടു്. എന്നാലിതു കൊണ്ടാണു് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതെന്നു് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. ജീവിതത്തിന്റെ മൂല്യങ്ങളെ നമ്മള്‍ ഇതേ ശീലം കൊണ്ടു് പലയിടങ്ങളിലായി നിക്ഷേപിച്ചു വച്ചിരിക്കുന്നു. എന്നിട്ടതു പിടിക്കാന്‍ നെട്ടോട്ടമോടുകയും ഇടയ്ക്കെവിടെയോ വച്ചു് പിടഞ്ഞു വീണു ചാവുകയും ചെയ്യുന്നു.

ദൈവമേ! ഭ്രാന്തു തന്നെ എല്ലാവര്‍ക്കും.

Tuesday, March 4, 2008

സംവരണം വരണം പക്ഷേ എന്തിനു്?

അണ്ണാ സംവരണത്തെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നു. സംവരണം സാമ്പത്തികമായും സാമൂഹികമായും ഉള്ള ഘടകങ്ങള്‍ കണക്കിലെടുത്തു വേണം എന്നാണെന്റെ അഭിപ്രായം. അണ്ണന്റെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടു്.
 
അതെ. എനിക്കും അങ്ങനെ തന്നെ. ഭൂമിശാസ്ത്രവും കണക്കിലെടുക്കണം എന്നു മാത്രം.
 
അതെന്തിനു്?
 
കണ്ണാ, വയനാട്ടിലും മറ്റും ഉള്ള കുട്ടികളില്‍ പലരും 2 മണിക്കൂര്‍ നടന്നും ആറുകള്‍ നീന്തിക്കടന്നും ഒക്കെയാണു് വിദ്യ അഭ്യസിക്കാന്‍ പോകുന്നതു്. ഇവനെവിടുന്നു് പഠിക്കാന്‍ സമയം? അങ്ങനെ പഠിച്ചാല്‍ തന്നെ ആരു ജോലി കൊടുക്കും? സംവരണം വേണം.
 
അതൊരു ചെറിയ പക്ഷമല്ലേ? അതിനൊക്കെ ലോക്കലായി തന്നെ പഠിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പോരേ?
 
മതി. അത്തരം സംവിധാനം ഈ സാമ്പത്തിക സാമൂഹിക അധഃസ്ഥിതര്‍ക്കും ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ കഴിയാത്തതെന്തു്?
 
അതെങ്ങനെ കൊടുക്കും? വയനാട്ടിലെ പോലെ അവര്‍ ഒരു പ്രത്യേക ഭൂവിഭാഗത്തിലൊതുങ്ങുന്നില്ലല്ലോ? 
 
അങ്ങനെ എല്ലാവര്‍ക്കും സഹായകമാകാന്‍ കഴിയാത്ത സംവരണം കൊണ്ടു് ആര്‍ക്കാണു ഗുണം? എന്റെ നാട്ടില്‍ സംവരണം വക രക്ഷപ്പെട്ട,  പട്ടികയില്‍ പെട്ട, ഒരേയൊരു കുടുംബമാണുള്ളതു്. ഏകദേശം 120 കുടുംബങ്ങളുള്ളതില്‍ നിന്നാണിതെന്നോര്‍ക്കണം. 20 ശതമാനം പോലുമെത്താത്ത സംവരണം കൊണ്ടാരെയാണു് സഹായിക്കുക? സംവരണാനുകൂല്യം ലഭിച്ചിട്ടും വിദ്യാഭ്യാസം പ്രയോജനപ്പെടാതെയിരിക്കുന്നവരാണീ 20 ശതമാനത്തിലധികവും എന്നതു് അതിലും വലിയ ദുഃഖസത്യം.
 
പ്രയോജനപ്പെടാതെയിരിക്കുന്നതു് ജനിതകമായ വ്യത്യാസം വരാതിരിക്കുന്നതു കൊണ്ടും പല ജാതിക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുക എന്നതാണൊരു പരിഹാരമെന്നും, അങ്ങനെ ചെയ്യുമ്പോള്‍ ഉച്ചനീചത്വം കാലക്രമേണ ഒഴിവാകും എന്നും ഒക്കെ പലര്‍ക്കും അഭിപ്രായമുണ്ടല്ലോ.
 
പാവം ജീനുകള്‍. പല കാര്യങ്ങള്‍ക്കും നമ്മളവരെ അനാവശ്യമായി പഴിചാരുന്നു. പാരമ്പര്യ രോഗങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പലരോഗങ്ങളും അങ്ങനെ ആയിത്തീരുന്നതു് ഒരേ ഭക്ഷണ-ജീവിതരീതി കൊണ്ടാണെന്നതാണു സത്യം. സാഹചര്യങ്ങള്‍ അതു പോലെ നിലനില്‍ക്കേ ഒരു ഉപരിപ്ലവമായ മാറ്റവും ഫലപ്രദമല്ല.
 
എന്നു വച്ചാ‍ല്‍?
 
മാഷന്മാരുടെ മക്കളും അക്ഷരാഭ്യാസമില്ലാത്തവരുടെ മക്കളും  ഒരേ ടെക്സ്റ്റ് ബുക്ക് ഒരേ രീതിയില്‍ പഠിക്കുന്ന രീതി മാറണം. അതിനു് വിദ്യഭ്യാസം എന്ന സങ്കല്‍പ്പത്തിന്റെ ദോഷം ആദ്യം മാറണം. ഓരോ കുട്ടികള്‍ക്കും അവരവര്‍ക്കു യോജിച്ച രീതിയില്‍ വിദ്യ അഭ്യസിപ്പിക്കാനുള്ള സൌകര്യം ഉണ്ടാവണം. ഏതാണ്ടൊരേ രീതിയിലുള്ളവരെ ക്ലാസ് ആക്കണം. ഒന്നു് രണ്ടു് മൂന്നെന്നിങ്ങനെ അക്കമിട്ടു് സ്റ്റാന്‍ഡേഡുകളാക്കുന്ന പ്രമോഷന്‍ രീതി നിര്‍ത്തലാക്കണം. ഒരു ഘട്ടം വരെ വരെ എല്ലാ വിഷയങ്ങളും ഒരു അദ്ധ്യാപകന്‍ തന്നെ പഠിപ്പിക്കണം. സയന്‍സു പഠിക്കുന്നവര്‍ ഉന്നതരും ആര്‍ട്ടുപഠിക്കുന്നവര്‍ നീചരുമാണെന്ന സങ്കല്‍പ്പം അബോധപൂര്‍വ്വം സമൂഹമനസ്സുകളില്‍ കുടിയേറിയതിനു കാരണം വിദ്യാഭ്യാസം ധനസമ്പാദനത്തിനുള്ളതാണെന്ന ധാരണ രൂഢമൂലമായിപ്പോയതു കൊണ്ടാണു്. വെട്ടുന്നെങ്കില്‍ ഇവിടെ വെട്ടണം.
 
ഒന്നു കൂടി പറയാം.കൊല്ലനായി തുടരുന്ന കൊല്ലനെ പറ്റിയല്ലായിരുന്നു അംബേദ്കര്‍ വിഷമിച്ചതു്. നായര്‍ ലെയ്ത് വര്‍ക്സ് തുടങ്ങുമ്പോഴും ഇല്ലാത്ത കാളയ്ക്കു ലാടമടിച്ചു കൊണ്ടിരിക്കുന്ന കൊല്ലനെ പറ്റിയായിരുന്നു. താല്പര്യമുള്ള കര്‍മ്മം കണ്ടെത്താനും അതു് ശാസ്ത്രീയമായി അഭ്യസിക്കാനും അതിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ സ്വാംശീകരിക്കാനും സൌകര്യമൊരുക്കാത്ത സമ്പ്രദായത്തെ വിദ്യഭ്യാസമെന്നു വിളിക്കുന്നതു തന്നെ ഭീമാബദ്ധമാണനിയാ. ഇപ്പോള്‍ നടക്കുന്നതു് ഇന്വെസ്റ്റ്മെന്റാണു്. കൂടിയ റിട്ടേണിനു വേണ്ടി ഒരു വലിയ കൂട്ടം അപഥസഞ്ചാരികള്‍ അവരെ ചൂഷണം ചെയ്യാന്‍ മറ്റൊരു കൂട്ടം നടത്തുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപം.  ഫലമോ ദുഷിച്ചുനാറിയ മറ്റൊരു സമൂഹവും. അതിലേക്കാണോ സാധുക്കള്‍ സംവരിച്ചു കയറേണ്ടതു്?