Thursday, January 22, 2009

ദുരയില്‍ വളരുന്ന കളകള്‍ ( കോട്ടിട്ടതും അല്ലാത്തതും)

കേട്ടോ അണ്ണാ. നമ്മടെ സൈലന്റ് വാലിയെ കേരളത്തിലെ വിസ്മയങ്ങളില്‍ ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നു.

അതെയോ? കൊള്ളാം. ആരാണു് തെരഞ്ഞെടുത്തതു്?

കേരളത്തിലെ ജനങ്ങള്‍. ഒരു ടിവി-ചാനല്‍ കമ്പനി നടത്തിയ വോട്ടെടുപ്പു് വഴി.

ആഹാ, എന്നിട്ടു് എനിക്കു് വോട്ടു ചെയ്യാന്‍ സാധിച്ചില്ലല്ലോ.

അതിനു് അണ്ണന്‍ ടിവി കാണാറില്ലല്ലോ. മൊബൈലും ഇല്ല.

ടിവി കാണാറൊക്കെയുണ്ടു്. അതിരിക്കട്ടെ മൊബൈല്‍ കൊണ്ടെങ്ങനെ വോട്ടു ചെയ്യും?

അതെളുപ്പമല്ലേ ചുമ്മാ എസ്സെമ്മസ് അയച്ചാല്‍ മതി.

അതിനു് കാശു ചെലവില്ലേ?

ഉണ്ടു്. അതു് ഒരു പ്രത്യേക നമ്പറിലാണയക്കേണ്ടതു്. അതിനു് 2-3 രൂപയാകുമെന്നു തോന്നുന്നു.

അതു ശരി. സാധാരണ എസ്സെമ്മസ്സിനൊന്നും അത്രയും ചെലവില്ലെന്നാണല്ലോ കേട്ടിട്ടുള്ളതു്.

ഉവ്വ. ഇതു പോള്‍ അല്ലേ? ഒരു കമ്മീഷന്‍ മൊബൈല്‍ കമ്പനിയ്ക്കുണ്ടാകുമല്ലോ

പോള്‍ നടത്തുന്നവര്‍ക്കും കിട്ടുമോ?

ഉവ്വ കിട്ടുമായിരിക്കും.

എത്ര കിട്ടും?

രണ്ടു രൂപയോ മറ്റോ ആയിരിക്കുമെന്നാണെന്റെ ഊഹം.

ഈ സൈലന്റ് വാലിക്കെത്ര വോട്ടു കിട്ടി?

28000-ത്തില്‍ പരം.

അപ്പോള്‍ മൊത്തത്തില്‍ ഏതാണ്ടു് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ കിട്ടിക്കാണുമല്ലോ.

കാണും. ഏഴു സംഭവങ്ങളാണല്ലോ വോട്ടിനിട്ടതു്.

ആട്ടെ, ഇങ്ങനെ തെരഞ്ഞെടുത്തിട്ടു് എന്താണു മെച്ചം?

മെച്ചമെന്നു ചോദിച്ചാല്‍... ഇതിനെപ്പറ്റിയൊക്കെ ആളുകള്‍ ചര്‍ച്ച ചെയ്യും. പിന്നെ ഈ തെരഞ്ഞെടുക്കപ്പെട്ടതിനെയും മറ്റും സംരക്ഷിക്കാനായി പദ്ധതികള്‍ തയ്യാറാക്കും.

ആരു ചെയ്യും?

ഹ! ടീവീല്‍ ന്യൂസിലും മറ്റും ഒക്കെ വല്യ വല്യ ആളുകള്‍ വന്നു് സംസാരിക്കുന്നുണ്ടെന്നേ.

ഏതു ന്യൂസില്‍?

അതേ ചാനലിലെ ന്യൂസില്‍.

കൊള്ളാം. അപ്പോള്‍ തെരഞ്ഞെടുക്കപ്പെടാത്ത ബാക്കി ആറോ?

അതിനേം സംരക്ഷിക്കണം.

പിന്നെ ഈ പോള്‍ കൊണ്ടു കാര്യമെന്തു്? ചുമ്മാ സംരക്ഷിച്ചാല്‍ പോരേ? അല്ലെങ്കില്‍, ഈ വക സാധനങ്ങളൊക്കെ നശിച്ചു പോകുന്നു. നല്ലവരാ‍യ നാട്ടുകാര്‍ എസ്സെമ്മസ് അയച്ചാല്‍, അതില്‍ നിന്നുള്ള പണം കൊണ്ടു് ആ കാര്യങ്ങള്‍ ചെയ്തു് കണക്കു വിവരങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതാണു് എന്നു് തുറന്നു പറഞ്ഞാല്‍ പോരേ?

അണ്ണന്‍ ഇങ്ങനെ ദോഷൈകദൃക്കാവുന്നതെന്തിനു്?

എടാ. നിന്റെ കൈയില്‍ രണ്ടു പെന്‍സിലുണ്ടു്. ഒരാള്‍ വന്നിട്ടു് നിന്നോടു് " കൊള്ളാ‍മല്ലോ ഈ പെന്‍സിലുകള്‍ക്കു് നല്ല ഭംഗി ഇതിലേതിനാണു് കൂടുതല്‍ ഭംഗി എന്നു പറയാമോ?" എന്നു ചോദിക്കുകയാണെന്നിരിക്കട്ടെ. എന്നിട്ടു് രണ്ടു പെട്ടി നീട്ടി ഒന്നാമത്തേതിനാണു ഭംഗിയെങ്കില്‍ വലതു ഭാഗത്തെ പെട്ടിയില്‍ ഒരു രൂപയിടുക മറ്റേതിനാണെങ്കില്‍ ഇടതിലും എന്നു പറഞ്ഞാല്‍. നിന്റെ കൈയില്‍ നിന്നും ഒരു രൂപ പോയി എന്നല്ലാതെ എന്തു വ്യത്യാസമാണു് ഫലത്തില്‍ ഉണ്ടാവുക?

ശരി തന്നെ. പക്ഷേ ഇതങ്ങനെ ചുമ്മാ ഒരാളല്ലല്ലോ. ഒരു ടി വി കമ്പനി അല്ലേ?

ഇവിടെയാണു് കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയുന്നതില്‍ നമ്മള്‍ കാണിക്കുന്ന അനാസ്ഥ വ്യക്തമാവുന്നതു്. ഒരു ലക്ഷമിട്ടാല്‍ മൂന്നു മാസം കഴിയുമ്പോള്‍ രണ്ടുലക്ഷം തരാമെന്നു പറഞ്ഞൊരുത്തന്‍ വന്നാല്‍, ആര്‍ക്കൊക്കെ കിട്ടി?‎‏ പറഞ്ഞവനു നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടോ? എന്നൊക്കെ നോക്കുന്നതിനും എത്രയോ മുന്‍പു തന്നെ ആലോചിക്കേണ്ട കാര്യമാണു്, ഒരു ലക്ഷമിട്ടാല്‍ രണ്ടു ലക്ഷം തരുന്നതിനു് ഇവന്റെ തലയ്ക്കു് ഓളമുണ്ടോ? നമ്മളിവന്റെ പെങ്ങളെ കെട്ടിയ അളിയന്മാരാണോ അങ്ങനെ തരാന്?‍  എന്നൊക്കെ. അതു ചെയ്യില്ല. പകരം, തെക്കുമ്പ്രത്തെ മാപ്ലയ്ക്കു കിട്ടി. കുന്നത്തെ വക്കീല്‍ മൂന്നു ലക്ഷമിട്ടു, പത്തു നില കെട്ടിടത്തിലാണു് ഇവരുടെ ഓഫീസ്, എന്നതൊക്കെയാണു് നമ്മള്‍ അവലംബിക്കുന്ന മാനദണ്ഡം. എന്നെപ്പോലെ ദോഷൈകദൃക്കാവണമെന്നല്ല അനിയാ ഞാന്‍ പറഞ്ഞു വരുന്നതു്. പകരം, ദുരയ്ക്കു വശംവദരായി കയറെടുക്കുന്നതിനു മുന്‍പു്,  പരസ്പരം യോജിക്കുന്ന കാര്യങ്ങളാണോ ഇവര്‍ പറയുന്നതു് എന്നു സ്വയം ചിന്തിക്കാനാണു്.  അതെല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണു്. പറയുന്നതു് ആരോ ആവട്ടെ.

അപ്പോ പാട്ടുകാരെ തെരഞ്ഞെടുക്കുന്ന പരിപാടിക്കെസ്സെമ്മെസ്സയക്കുന്നതോ?

അതു പ്രത്യേകം പറയണോ? കണ്ണും മറ്റും ചൂഴ്ന്നെടുത്തു്, പാ‍ട്ടും പഠിപ്പിച്ചു് പിള്ളാരെ ട്രെയിനില്‍ പിച്ചയ്ക്കു വിടുന്നതിന്റെ ഒരു പോളിഷായ രൂപം മാത്രമാണതു്.

അങ്ങനെ പറയരുതു്. എത്ര പേരിതുകൊണ്ടു് പ്രശസ്തരായി. മറഞ്ഞു പോകുമായിരുന്ന എത്രയോ പ്രതിഭകളെ ലോകമറിഞ്ഞു. ഇത്തരം മത്സരങ്ങള്‍ ഉള്ളതു കൊണ്ടല്ലേ ഇതൊക്കെ സാധിക്കുന്നതു്?

ഇത്രയും കാര്യങ്ങള്‍ സാധിക്കാന്‍ ഇവര്‍ക്കു് എസ്സെമ്മെസ്സിന്റെ ആവശ്യമില്ലനിയാ. മറ്റു പരിപാടികള്‍ക്കെന്ന പോലെ തന്നെ പരസ്യം ഇതിനും കിട്ടുന്നുണ്ടല്ലോ. അമിതമായ ലാഭേച്ഛകൊണ്ടുണ്ടാക്കിയെടുത്ത ഒരു തട്ടിപ്പിനെയാണു് ഞാന്‍ സൂചിപ്പിച്ചതു്. അല്ലാതെ അങ്ങനെ ഒന്നോ രണ്ടോ പാട്ടുകാര്‍ക്കവസരമുണ്ടാവുന്നതിനോ ഒരു നല്ല പബ്ലിക് എന്റെര്‍ടെയിന്മെന്റിനോ ഞാനെതിരല്ല. ഇതു തന്നെ പറയാന്‍ കാരണം തട്ടിപ്പുകാരെപ്പോഴും മുഖം മൂടി ധരിച്ചു് കഥാപുസ്തകങ്ങളിലെ കൊള്ളക്കാരെപ്പോലെയല്ല വരിക എന്നു കാണിച്ചു തരാനാണു്. വലിയ തോതില്‍ തട്ടിപ്പു നടത്തുന്ന പല വന്‍ സ്ഥാപനങ്ങളുടെയും കഥകള്‍ പുറത്തു വന്ന ഈ സാഹചര്യത്തിലെങ്കിലും നമ്മളതറിഞ്ഞില്ലെങ്കില്‍ ഇനി എപ്പോഴാണറിയുക?

ശരി. പക്ഷേ ഈ സംഭവത്തില്‍ അണ്ണന്‍ പറഞ്ഞ ദുര ഒന്നുമില്ല.

ഇല്ലേ? നല്ല പാട്ടുകാരെ തെരഞ്ഞെടുക്കാന്‍ അവിടെ നാലും അഞ്ചും തീര്‍പ്പുകാരില്ലേ. എന്നിട്ടും, നിനക്കിഷ്ടമുള്ളയാള്‍ക്കോ നിനക്കു് പരിചയമുള്ളയാള്‍ക്കോ ഫ്ലാറ്റു ലഭിക്കണമെന്നുള്ളതു കൊണ്ടല്ലേ നീ എസ്സെമ്മെസ് അയക്കുന്നതു്. അതു ദുരയല്ലാതെ മറ്റെന്താണു്?

No comments: