Monday, April 28, 2008

മനശ്ശാന്തി ലഭിക്കാന്‍ യോഗാസനം മതിയോ?

അണ്ണാ‍, ഈ യോഗ ചെയ്താല്‍ ക്ഷമ കൂടുമോ?

എന്തിനാണിപ്പോള്‍ ക്ഷമ അത്യാവശ്യമായി വന്നിരിക്കുന്നതു്?

അല്ല, എനിക്കീയിടെയായി വല്ലാത്ത ദേഷ്യം. ഓഫീസിലുള്ളവരോടും ഭാര്യയോടുമൊക്കെ തട്ടിക്കയറുന്നു. ക്ഷമ ലഭിക്കാന്‍ യോഗ ശീലിച്ചാല്‍ മതിയെന്നു് എന്റെ ഒരു സുഹൃത്തു പറഞ്ഞു. അണ്ണനോടു ചോദിച്ചിട്ടാ‍വാമെന്നു കരുതി. മയൂരാസനം മുതലായവയൊക്കെ പഠിക്കണം.

കണ്ണാ, യോഗ ചെയ്യണമെങ്കില്‍ തന്നെ നല്ല ക്ഷമ വേണം. ദിവസത്തില്‍ പത്തു പതിനഞ്ചു മിനിട്ടു് ചമ്രം പടിഞ്ഞിരുന്നു് ശ്വാസം വലിക്കാനും ചത്തപോലെ കിടക്കാനും കഴിയുമെങ്കില്‍ അവനു് നല്ല ക്ഷമയുണ്ടെന്നുള്ളതു തീര്‍ച്ചയാണു്. ഒരു തളപ്പുണ്ടായിരുന്നെങ്കില്‍ തെങ്ങില്‍ കയറി തേങ്ങപിരിച്ചു പൊതിച്ചു് അതിന്റെ ചകിരിയില്‍ നിന്നു നാരെടുത്തൊരു തളപ്പുണ്ടാക്കാമായിരുന്നു എന്നു പറഞ്ഞതു പോലെയേ ഉള്ളൂ ഇതും

ഹ ഹ അപ്പോള്‍ യോഗ കൊണ്ടു് പ്രത്യേകിച്ചു് ഗുണമൊന്നുമില്ലെന്നാണോ?

അല്ല. അടിസ്ഥാനപരമായി നിന്റെ പ്രശ്നം മനുഷ്യനുണ്ടായിരിക്കേണ്ട പരസ്പരബഹുമാനം കുറഞ്ഞു തുടങ്ങിയെന്നതാണു്. ഇതിനു പല കാരണങ്ങളുണ്ടാവാം. നിന്നോടു സ്ഥിരമായി തട്ടിക്കയറുന്ന ആരോ നിനക്കും അതു ചെയ്യാം എന്ന തോന്നല്‍ നിന്നിലുണ്ടാക്കിയിട്ടോ, ഇപ്രകാരം തട്ടിക്കയറുമ്പോഴുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചു നീ ശരിയായി ബോധവാനല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ശാരീരികമായ അസ്വസ്ഥതകള്‍ കൊണ്ടോ ഒക്കെ ഇതു സംഭവിക്കാം. അതു വിശകലനം ചെയ്തു മനസ്സിലാക്കിയില്ലെങ്കിലും, പരസ്പരബഹുമാനം കുറയാന്‍ പാടുള്ളതല്ല എന്നും അതു് സംഭവിക്കുന്നതു തടയണം എന്നുമുള്ള തിരിച്ചറിവു് ആവശ്യമാണു്. ഇതില്ലാതെ വല്ലയിടത്തും ചെന്നിരുന്നു് ശ്വാസം വലിച്ചതു കൊണ്ടു് കാര്യമുണ്ടെന്നു് തോന്നുന്നില്ല.

ഈ കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദിവസത്തില്‍ ഇത്തിരി നേരം, അതിനു സഹായിക്കണേ എന്നു് ദൈവത്തോടു പറയുക. അല്ലെങ്കില്‍ ആയാസമില്ലാത്ത ഒരു രീതിയില്‍ ഇരുന്നു് ആപ്പീസ് - വീടു് - പണം - പത്രാസ് എന്ന പാച്ചിലില്‍ മൂല്യവത്തായ ചിലതു് നഷ്ടപ്പെടാതിരിക്കാനായി  കുറച്ചു സമയത്തേക്കു് മനസ്സിനെ വിടര്‍ത്തിയെടുക്കുക. ഇതിനാണു് യോഗാസനങ്ങളുടെ സഹായം വേണ്ടതു്.  മയിലിന്റെ ശരീരഘടനയക്കനുസരിച്ചു് അതിരിക്കുന്ന രീതിയില്‍ മനുഷ്യനിരുന്നാല്‍ മനസ്സമാധാനം കിട്ടുമെന്ന തോന്നല്‍ അനിയനു മാത്രമല്ല, യോഗ പഠിപ്പിക്കുന്ന ചിലര്‍ക്കുമുള്ളതാണു്. ആത്മാവില്‍ ബലമില്ലാതെ അതിനു ചുറ്റും ഉരുക്കുകോട്ട പണിയുന്നവന്‍ കാട്ടുതീ വരുന്നേ എന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിയോടിപ്പോകും. പണിഞ്ഞതത്രയും വൃഥാവിലാവുകയും ചെയ്യും.

അനിയനു ഞാനൊരു കഥപറഞ്ഞു തരാം.
ഒരിക്കല്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ അടുക്കല്‍ ഒരു സ്വാമി എത്തിയത്രേ. ആശ്രമ സമീപത്തുള്ള നദിക്കുമുകളിലൂടെ നടന്നാണദ്ദേഹമെത്തിയതെന്നറിഞ്ഞിട്ടും ഒരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശ്രീരാമകൃഷ്ണപരമഹംസരോടു് സ്വാമി താന്‍ പതിനാറു കൊല്ലം യത്നിച്ചിട്ടാണീവിദ്യ സ്വായത്തമാക്കിയതെന്നു പ്രത്യേകം പറഞ്ഞുവത്രേ. ഉടനേ പരമഹംസര്‍ പറഞ്ഞുവത്രേ "ആ കടത്തുകാരനു പതിനാറുകാശു കൊടുത്താല്‍ മതിയായിരുന്നല്ലോ" എന്നു്.

ഇതു നടന്നതാണോ?

അറിയില്ല.

എന്തായാലും ഞാനിനി യോഗ ഒന്നും പഠിക്കാന്‍ പോകുന്നില്ലണ്ണാ.

ഹേയ് ഞാനീ പറഞ്ഞതിനര്‍ത്ഥം യോഗ പഠിക്കരുതു് എന്നല്ലല്ലോ. ഇതറിഞ്ഞിട്ടു പോകൂ എന്നല്ലേ.

9 comments:

നിത്യന്‍ said...

വളരെ നല്ല പോസ്‌റ്റ്‌. രാമകൃഷ്‌ണപരമഹംസരുടെ കടത്തുകാരന്‌ ചില്ലറ കൊടുത്താല്‍ മതിയായിരുന്നല്ലോ എന്ന പ്രതികരണം അവസാനമായി ചേര്‍ത്തത്‌ മനോഹരമായി.

..::വഴിപോക്കന്‍[Vazhipokkan] said...

:)

ശിവ said...

ഡിയര്‍ ഉപഗുപ്തന്‍,

വന്നു വായിച്ചു. യോഗ പഠിക്ക്കുന്നത്‌ ഒരു നല്ല കാര്യമായിട്ടാണ്‌ എനിക്കു തോന്നുന്നത്‌. മനസ്സിനെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ യോഗ പരിശീലനം കൊണ്ട്‌ സാധിക്കുന്നു.

ഇത്‌ എന്റെ അനുഭവത്തില്‍ നിന്നും.

താരാപഥം said...

ഹാസ്യാത്മകമായ താങ്കളുടെ ഈ ലേഖനം നന്നായിട്ടുണ്ട്‌. വിശാലന്‍ കൊളസ്റ്റ്രോള്‍ കുറയാന്‍ കരാട്ടെ പഠിക്കാന്‍ പോയ ഒരു സംഗതി പോസ്റ്റിയിരുന്നു. അതുപോലെത്തന്നെയാണ്‌ ഇതിലും പറ്റിയത്‌. ജിമ്മും, കരാട്ടെയും, യോഗയും, മെഡിറ്റേഷനും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, ഇതു വായിക്കുന്ന ബാലമനസ്സുകള്‍ കണ്‍ഫ്യുസ്ഡ്‌ ആകും. യോഗ ചെയ്താല്‍ മനസ്സമാധാനം കിട്ടില്ല എന്നത്‌ നേരു തന്നെ. പക്ഷെ ഒറ്റവാക്കില്‍ കമന്റിട്ട്‌ മനസ്സിലാക്കിത്തരാന്‍ എന്നെക്കൊണ്ട്‌ കഴിയുകയുമില്ല. പതഞ്ജലി മഹര്‍ഷിയുടെ അഷ്ടാംഗയോഗത്തിന്റെ വ്യാഖാനങ്ങള്‍ ഒന്നു വായിച്ചുനോക്കുന്നത്‌ നല്ലതാണ്‌. ചെയ്തുനോക്കാന്‍ കഴിഞ്ഞില്ലെങ്കിലും, എന്താണെന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും.

ബാജി ഓടംവേലി said...

:)

തറവാടി said...

ഉദാഹരണം ക്ഷ പിടിച്ചു.
അല്ലെങ്കിലും മണ്ടന്മാര്‍ എന്തും സ്വയം ഉണ്ടാക്കാന്‍ നോക്കും ഏറ്റവും വലിയ നഷ്ടം സമയ നഷ്ടമെന്നറിയാതെ. :)

( ഈ വേര്‍ഡ് വെരി ഒന്നെടുക്കൂ ഗുപ്താ :) )

വേണു venu said...

ഗുപ്താ,
അണ്ണാ‍, ഈ യോഗ ചെയ്താല്‍ ക്ഷമ കൂടുമോ?
കണ്ണാ, യോഗ ചെയ്യണമെങ്കില്‍ തന്നെ നല്ല ക്ഷമ വേണം. ദിവസത്തില്‍ പത്തു പതിനഞ്ചു മിനിട്ടു് ചമ്രം പടിഞ്ഞിരുന്നു് ശ്വാസം വലിക്കാനും ചത്തപോലെ കിടക്കാനും കഴിയുമെങ്കില്‍ അവനു് നല്ല ക്ഷമയുണ്ടെന്നുള്ളതു തീര്‍ച്ചയാണു്.


അണ്ണാ, ഈ ആഹാരം കഴിച്ചാല്‍ ആരോഗ്യം വരുമോ.?

കണ്ണാ, ആഹാരം കഴിക്കണമെങ്കില്‍ തന്നെ ആരോഗ്യം വേണം. ദിവസത്തില്‍ രണ്ടു മൂന്നു നേരം ആഹാരം കഴിക്കാനും ഓടി ചാടി നടക്കാനും ആഹാരം വേണം. ആരോഗ്യവും.

ഒരു തളപ്പുണ്ടായിരുന്നെങ്കില്‍ തെങ്ങില്‍ കയറി തേങ്ങപിരിച്ചു പൊതിച്ചു് അതിന്റെ ചകിരിയില്‍ നിന്നു നാരെടുത്തൊരു തളപ്പുണ്ടാക്കാമായിരുന്നു എന്നു പറഞ്ഞതു പോലെയേ ഉള്ളൂ ഇതും.

ജീവിതം അങ്ങനെ ഉണ്ടാക്കിയ എത്രയോ തളപ്പുകളില്‍ കോര്‍ത്തു കിടക്കുന്നു.
ഇനിയും തെങ്ങിനു മുകളീല്‍ തളപ്പില്ലാതെ കേറി തേങ്ങയിട്ടു് അതിന്‍റെ ചകിരിയില്‍ നിന്ന് നാരെടുത്തു് തളപ്പുണ്ടാക്കപ്പെടാനിരിക്കുന്നു.

Yoga teaches chitta vritti nirodha (control of the activities of the mind). But I say Atma-Vichara (self-enquiry). This is a practical way.


Our minds are crowded with thoughts. Sometimes it is like a railway platform or airport lounge when the trains or planes are running behind schedule. At other times it is like a traffic jam when the traffic policeman is temporarily off duty. It is such a pell-mell – a regular free for all. Each set of thoughts keep competing with the other groups for the attention of the individual. Isn't this a sorry state? Why is it that our minds are so cramped, so overcrowded? Why have we reduced our mind to a basti? Why have we allowed ourselves to become slum dwellers so far as our mind is concerned? There is dirt and pollution all around.
http://living.oneindia.in/yoga-spirituality/vedanta/2008/ramana-maharshi-advaita-vedanta-280408.html
ഉറി ചിരിക്കുന്നതു പോലെയുള്ള ചിരിക്കു് ഞാന്‍ എതിരാണു്.:)

ഉപഗുപ്തന്‍ said...

പറഞ്ഞുവച്ചതിനെ ചിലരെങ്കിലും തെറ്റിദ്ധരിച്ചതായി തോന്നുന്നു. യോഗാസനങ്ങള്‍ അനാവശ്യമാണെന്ന വിവക്ഷ ഇതിലില്ലെന്നു് പ്രത്യേകം പറയട്ടെ. ഗുളികയും മരുന്നും കഴിച്ചാല്‍ രോഗങ്ങള്‍ മാറും എന്നാല്‍ അതിനൊപ്പം രോഗമുണ്ടാക്കിയ സാഹചര്യം കൂടെ മനസ്സിലാക്കി ഒഴിവാക്കണം എന്ന അഭിപ്രായത്തോടു് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടാകുമെന്നു തോന്നുന്നില്ല. പോസ്റ്റിന്റെ ഉദ്ദേശ്യവും അതുതന്നെ.

അതീന്ദ്രിയമായ കഴിവുകള്‍ സ്വായത്തമാക്കാനല്ല മനുഷ്യനായി ജീവിക്കുവാന്‍ സന്നദ്ധനാക്കുന്നതിനാണു് പ്രധാനമായും അഭ്യാസങ്ങള്‍ എന്ന തത്വമാണു് ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിരിയിലുള്ളതു്. സ്വായത്തമാക്കിയ വിദ്യയുടെ ഗര്‍വ്വം പ്രകടമാക്കിയ സന്യാസിയെ പരമഹംസര്‍ ശിക്ഷിക്കുകയായിരുന്നു സത്യത്തില്‍. വിദ്യകൊണ്ടറിയേണ്ടതറിയാഞ്ഞു... എന്നു് പൂന്താനം പാടിയതോര്‍ക്കുക.

ശ്രീ. വേണു ചൂണ്ടിക്കാണിച്ച, രമണമഹര്‍ഷി പറഞ്ഞ, ആത്മവിചാരം എന്താണെന്നാണനുഭവം? ആരാണു് ആത്മാവിനെ വിചാരിക്കേണ്ടതു്? ചുരുങ്ങിയ പക്ഷം ആത്മാവിന്റെ സാന്നിദ്ധ്യമറിഞ്ഞയാളാണു് അതിനെ പറ്റി വിചാരിക്കുക. ആ വിചാരത്തിനുത്തരം ഊട്ടിയുറപ്പിച്ചു സദ്ഗതിയില്‍ തുടരാനുള്ള വിദ്യയാണു് യോഗാസനം കൊണ്ടുദ്ദേശിക്കുന്നതു്. നേരിടുന്ന പ്രശ്നങ്ങളില്‍ ആത്മവിവേചനം ചെയ്യാതെ യോഗ പഠിക്കാനൊരുങ്ങിയ ഒരു സഹോദരനെയും അവനെ പറ്റിക്കാന്‍ കാത്തുകിടക്കുന്ന ഒരു കൂട്ടരേയും പ്രതിനിധീകരിക്കുന്നതാണീ പോസ്റ്റ്. തിരക്കിനിടയില്‍ ഓടിച്ചെന്നു് യോഗക്ലാസില്‍ പങ്കെടുത്തു് വീണ്ടും അതേ തിരക്കിലേക്കു് ഊളിയിടുന്ന ഒരു കൂട്ടം യോഗാഭ്യാസക്കാര്‍ ചുറ്റുമുള്ളപ്പോള്‍ ഇതിങ്ങനെ പറയാതെ നിവൃത്തിയില്ല.

വിശദീകരിക്കാനവസരം തന്ന കമന്റുകള്‍ക്കു് നന്ദി.
വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ടല്ലോ തറവാടീ.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ഉപഗുപ്തന്‍ ജീ,
ചെറിയ ചെറിയ പോസ്റ്റുകളിലൂടെ വലിയ വലിയ ആശയങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാം വായിച്ചു നന്ദി, തുടരുമല്ലൊ .
വേര്‍ഡ് വെറി വെറിപിടിപ്പിക്കുന്നു